ടൈം മാഗസിന്‍ തലവാചകം ആഘോഷിച്ചവര്‍ നാണംകെട്ടു; കോണ്‍ഗ്രസ് ഭാവനാശൂന്യമെന്നും മോദി പ്രാപ്തനായ നേതാവെന്നും പറഞ്ഞത് കണ്ടില്ല

Friday 10 May 2019 6:41 pm IST
മെയ് ഇരുപതിന് ഇറങ്ങേണ്ട ടൈം മാഗസിന്റെ അമേരിക്ക ഒഴികെയുള്ള എല്ലാ എഡിഷനിലും മോദിയാണ് കവര്‍ സ്റ്റോറി. കവറില്‍ നല്‍കിയിരിക്കുന്ന വലിയ തലവാചകം മോദിക്കെതിരായ വിമര്‍ശനം എന്നു തോന്നാമെങ്കിലും ഉള്‍പ്പേജിലെ ലേഖനങ്ങളില്‍ പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ മികച്ച രീതിയിലാണ് അവതരിപ്പിക്കുന്നത്.

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടൈം മാഗസിന്‍ അവരുടെ അന്താരാഷ്ട്ര എഡിഷന്‍ കവര്‍ സ്റ്റോറിയാക്കിയപ്പോള്‍ പ്രധാന തലക്കെട്ട് ആഘോഷമാക്കിയ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള മോദി വിമര്‍ശകര്‍ നാണംകെട്ടു. ഇന്ത്യയെ രണ്ടു തട്ടിലാക്കുന്ന മേധാവി (ഇന്ത്യാസ് ഡിവൈഡര്‍ ഇന്‍ ചീഫ്) എന്നാണ് മുന്‍ പേജില്‍ മോദിയെ വിശേഷിപ്പിക്കുന്നത്. പാക്കിസ്ഥാനിലെ മുന്‍ രാഷ്ട്രീയ നേതാവ് സല്‍മാന്‍ തസീറിന്റെയും ഇന്ത്യയിലെ പത്രപ്രവര്‍ത്തകയായ തവ്‌ലീന്‍ സിങ്ങിന്റേയും  മകന്‍ ആതിഷ് തസീര്‍, യുറേഷ്യ ഗ്രൂപ്പിന്റെ സ്ഥാപകനും സാമ്പത്തിക വിദഗ്ധനുമായ ഇയാന്‍ ബ്രഹ്മര്‍ എന്നിവരെഴുതിയ ലേഖനങ്ങളാണ് ഉള്‍പ്പേജില്‍ ചേര്‍ത്തിരിക്കുന്നത്. 

ഏറ്റവും വലിയ ജനാധിപത്യ രാജ്യം അഞ്ചു വര്‍ഷം കൂടി മോദി സര്‍ക്കാരിനെ സഹിക്കുമോ? എന്ന ലേഖനമാണ്  ആതിഷ് തസീറിന്റേത്. മോദി, സാമ്പത്തിക മുന്നേറ്റത്തില്‍ ഇന്ത്യയുടെ മികച്ച പ്രതീക്ഷ എന്ന ലേഖനമാണ് ഇയാന്‍ ബ്രഹ്മറിന്റേത്. 

ഇതാ സത്യം കാണൂ എന്ന കുറിപ്പോടെ ടൈം മാഗസിന്റെ കവര്‍ അടക്കം കോണ്‍ഗ്രസിന്റെ വനിതാ വിഭാഗമായ ദേശീയ മഹിളാ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ഭാവനാരഹിതമായ പാര്‍ട്ടിയായി അതേ ലേഖനത്തില്‍ ആതിഷ് തസീര്‍ കോണ്‍ഗ്രസിനെ അവതരിപ്പിക്കുന്നത് അവര്‍ അറിഞ്ഞില്ല.

മെയ് ഇരുപതിന് ഇറങ്ങേണ്ട ടൈം മാഗസിന്റെ അമേരിക്ക ഒഴികെയുള്ള എല്ലാ എഡിഷനിലും മോദിയാണ് കവര്‍ സ്റ്റോറി. കവറില്‍ നല്‍കിയിരിക്കുന്ന വലിയ തലവാചകം മോദിക്കെതിരായ വിമര്‍ശനം എന്നു തോന്നാമെങ്കിലും ഉള്‍പ്പേജിലെ ലേഖനങ്ങളില്‍ പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ മികച്ച രീതിയിലാണ് അവതരിപ്പിക്കുന്നത്. 

ഇന്ത്യ മുമ്പൊന്നു മില്ലാത്തവിധം രണ്ടു തട്ടിലായി എന്നു ആതിഷ് തസീറിന്റെ ലേഖനം പറയുന്നു. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വേണ്ടത്ര വിജയം കണ്ടില്ല. മതദേശീയത മോദി പ്രോത്സാഹിപ്പിച്ചു. ന്യൂനപക്ഷങ്ങളുടെ സ്ഥിതി ആശങ്കാജനകം തുടങ്ങി വിവിധ ആരോപണങ്ങളാണ് മോദിക്കെതിരെ ആതിഷ് തസീര്‍ ഉന്നയിക്കുന്നത്.  നോട്ട് അസാധുവാക്കലിനെയും പ്രജ്ഞാ സിങ്ങിന്റെ സ്ഥാനാര്‍ഥിത്വത്തെയും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു. 

കോണ്‍ഗ്രസ് ഭാവനാശൂന്യം

ഇതെല്ലാം കണ്ടാണ് ടൈം മാഗസിന്‍ മോദിയെ വിമര്‍ശിക്കുന്നു എന്ന തരത്തില്‍ കോണ്‍ഗ്രസ് പ്രചരിപ്പിച്ചത്. എന്നാല്‍ ആതിഷ് തസീറിന്റെ ലേഖനത്തില്‍ കോണ്‍ഗ്രസിനെക്കുറിച്ചു പറയുന്ന ഭാഗം അവര്‍ കണ്ടില്ലെന്നു നടിച്ചു. പാര്‍ട്ടിക്കുള്ളിലെ വംശാധിപത്യം തുടരുന്നു എന്നതിനപ്പുറം ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രത്യേകിച്ച് ഒന്നും മുന്നോട്ടു വെച്ചിട്ടില്ലെന്ന് ആതിഷ് ലേഖനത്തില്‍ പറയുന്നു. രാഹുലിനൊപ്പം സഹോദരി പ്രിയങ്കയെക്കൂടി നിയോഗിച്ചു എന്നതല്ലാതെ രാഷ്ട്രീയപരമായി തികച്ചും ഭാവനാശൂന്യമാണ് ഏറ്റവും പഴക്കമുള്ള പാര്‍ട്ടി എന്നവകാശപ്പെടുന്ന കോണ്‍ഗ്രസ്. 2020ല്‍ അമേരിക്കയുടെ പ്രസിഡന്റാകാന്‍ ഹിലരി ക്ലിന്റണെ വീണ്ടും മത്സരിപ്പിച്ചിട്ട് മകള്‍ ചെല്‍സിയയെ വൈസ്പ്രസിഡന്റാക്കാനും ഡെമോക്രാറ്റിക് പാര്‍ട്ടി ശ്രമിച്ചാല്‍ എന്താവുമോ അവസ്ഥ അതു തന്നെയാണ് ഇപ്പോള്‍ ഇന്ത്യയില്‍ കോണ്‍ഗ്രസ് കാണിക്കുന്നതെന്നും ആതിഷ് പരിഹസിക്കുന്നു. മോദിയെ പരാജയപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യമല്ലാതെ കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷത്തിന് മറ്റൊന്നും രാജ്യത്തിനു മുന്നില്‍ വെക്കാനില്ലെന്നും ലേഖനത്തില്‍ പറയുന്നു. 

മോദി പ്രാപ്തനായ നേതാവ് 

ഇയാന്‍ ബ്രഹ്മറിന്റെ ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ മോദി വിമര്‍ശകര്‍ക്ക് ഒട്ടും പ്രതീക്ഷ നല്‍കുന്നില്ല. യുറേഷ്യ ഗ്രൂപ്പിന്റെ സ്ഥാപകനും സാമ്പത്തിക വിദഗ്ധനുമായ ഇയാന്‍ ബ്രഹ്മര്‍ തന്റെ ലേഖനത്തില്‍ മോദിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചിരിക്കുകയാണ്. ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് ഇനിയും മാറ്റങ്ങള്‍ ആവശ്യമാണ്. ആ മാറ്റത്തിലേക്ക് രാജ്യത്തെ നയിക്കാന്‍ പ്രാപ്തനായ നേതാവ് മോദിയാണ്, ബ്രഹ്മര്‍ പറയുന്നു. 

അമേരിക്ക. ചൈന. ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധം മോദി മികച്ചതാക്കി. ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനും അദ്ദേഹത്തിനായി. ജിഎസ്ടി നടപ്പാക്കിയതിലൂടെ ഇന്ത്യയുടെ അടിസ്ഥാന വികസന മേഖലയിലേക്ക് അസാധാരണമാം വിധം പണം ഒഴുകിയെത്തി, ബ്രഹ്മര്‍ വിലയിരുത്തുന്നു.

നല്ല ഭരണത്തിന്റെ ട്രാക് റെക്കോഡാണ് മോദിക്കുള്ളതെന്ന് ബ്രഹ്മര്‍ പറയുന്നു. പ്രചരണത്തിന്റെ തൊട്ടു മുമ്പ് കോണ്‍ഗ്രസ് അവതരിപ്പിച്ച ന്യായ് പദ്ധതിയെബ്രഹ്മര്‍ സംശയത്തോടെയാണ് കാണുന്നത്. അതൊരു വാഗ്ദാനമായി അവശേഷിക്കുമെന്നും പദ്ധതിയായി മാറാനുള്ള പ്രായോഗിതത അതിനില്ലെന്നും ബ്രഹ്മര്‍ വിലയിരുത്തുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.