രുസ്തംജിയുടെ ദക്ഷിണ

Saturday 11 May 2019 1:08 am IST
ഷിര്‍ദിയിലെ നാംദഡിലുള്ള ഭൂപ്രഭുവായിരുന്നു രുസ്തംജി ഷാപ്പുര്‍ജി വാഡിയ. പാഴ്്‌സി വംശജന്‍. അളവറ്റ സമ്പത്തിന് ഉടമ. തുണിമില്‍ വ്യവസായിയും വ്യാപാരിയുമൊക്കെയായിരുന്ന രുസ്തംജി ദാനധര്‍മങ്ങളിലും മടികാണിക്കാറില്ല.

ഭിക്ഷാംദേഹിയായ ബാബയ്ക്ക് ഷിര്‍ദിയിലെ ജനങ്ങള്‍ അന്നവും വസ്ത്രവും പണവും നിര്‍ലോഭം നല്‍കിക്കൊണ്ടിരുന്നു. ഒന്നിനും ഒരു മുടക്കവും വരാതെ ബാബയെ അവര്‍ സംരക്ഷിച്ചു. ഭക്ഷണം നല്‍കാന്‍ മത്സരിച്ചു. ദ്വാരകാമായിയിലെത്തുന്ന പരദേശി ഭക്തരും അങ്ങനെയായിരുന്നു. പകരം, അവര്‍ക്ക് വേണ്ടതെല്ലാം ചോദിക്കും മുമ്പേ ബാബ നല്‍കി. 

പക്ഷേ ചിലരില്‍ നിന്നു മാത്രം  ദക്ഷിണയായി ഒരു തുക ചോദിച്ചു വാങ്ങുമായിരുന്നു. അത് മുമ്പെന്നോ വീട്ടാനുള്ള കടത്തിന്റെ ബാക്കിയാണെന്ന് ബാബ ഓര്‍മപ്പെടുത്തും. അതെങ്ങനെയെന്ന് അന്വേഷിച്ചു പോകുന്നവര്‍ക്കു മുമ്പില്‍ അസാധാരണമായ ഏതെങ്കിലുമൊരു സംഭവത്തിന്റെ ചുരുളഴിയും. വാങ്ങുന്ന പണമാകട്ടെ ബാബ, ഇല്ലാത്തവര്‍ക്ക് വീതിച്ചു നല്‍കും. ഒന്നല്ല, ഒരുപാട് സാക്ഷ്യങ്ങളുണ്ട് ഇതിന്.

ഷിര്‍ദിയിലെ നാംദഡിലുള്ള ഭൂപ്രഭുവായിരുന്നു രുസ്തംജി ഷാപ്പുര്‍ജി വാഡിയ. പാഴ്്‌സി വംശജന്‍. അളവറ്റ സമ്പത്തിന് ഉടമ. തുണിമില്‍ വ്യവസായിയും വ്യാപാരിയുമൊക്കെയായിരുന്ന രുസ്തംജി ദാനധര്‍മങ്ങളിലും മടികാണിക്കാറില്ല. 

കുന്നോളം പണമുണ്ടെങ്കിലും മനസ്സു തുറന്ന് ആനന്ദിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. മക്കളില്ലെന്ന ദു:ഖം അലട്ടിക്കൊണ്ടിരുന്നു. അനന്തരാവകാശിയായി ഒരു പുത്രനെ നല്‍കാന്‍ അദ്ദേഹം ദൈവത്തോട് പ്രാര്‍ഥിച്ചു കൊണ്ടേയിരുന്നു. ഭക്തിയില്ലാതെ ഭജനപാടും പോലെ, താളമില്ലാത്ത പാട്ടുപോലെ, പൂണൂലില്ലാത്ത ബ്രാഹ്മണനെപ്പോലെ, മാനസാന്തരമില്ലാത്ത തീര്‍ഥാടനം പോലെ വ്യര്‍ഥമാണ് പുത്രനില്ലാത്തതന്റെ ജീവിതമെന്ന് അദ്ദേഹം സ്വയം വിലയിരുത്തി. ജീവിതം അദ്ദേഹം വെറുത്തു തുടങ്ങി. 

ഹരികഥാകാരനും ബാബയുടെ പ്രിയശിഷ്യനുമായിരുന്ന ദാസഗണു രുസ്തംജിയുടെ പരിചയക്കാരനായിരുന്നു. അദ്ദേഹം ദാസഗണുവിനെകണ്ട് തന്റെ സങ്കടങ്ങള്‍ പറഞ്ഞു. 'ഷിര്‍ദിയില്‍ പോകുക, ബാബയെ കാണുക. താങ്കളുടെ വ്യഥകള്‍ക്ക് അതോടെ പരിഹാരമാകും.'  ഇതായിരുന്നു സങ്കടനിവൃത്തിക്ക്  ദാസഗണു നിര്‍ദേശിച്ച ഒരേയൊരു പരിഹാരം. 

പിന്നെ വൈകിയില്ല. രുസ്തംജി ഷിര്‍ദിയിലെത്തി. ബാബയുടെ പാദങ്ങള്‍ വണങ്ങി. തനിക്കൊരു പുത്രനുണ്ടാവാന്‍ അനുഗ്രഹിക്കണമെന്ന് ബാബയോട് യാചിച്ചു. അദ്ദേഹം വലിയൊരു കൂട തുറന്ന്,  മനോഹരമായൊരു പൂമാലയെടുത്ത് ബാബയുടെ കഴുത്തിലണിയിച്ചു. കൂടയിലുണ്ടായിരുന്ന പഴങ്ങള്‍  കാല്‍ക്കല്‍ സമര്‍പ്പിച്ചു. പക്ഷേ ബാബ ചോദിച്ചത് അഞ്ചു രൂപ ദക്ഷിണവേണമെന്നായിരുന്നു. രുസ്തംജി ഉടന്‍ തന്നെ അഞ്ചുരൂപയെടുത്തു നീട്ടി. അതു കണ്ട് ബാബ പറഞ്ഞു; ' ഇതു മുഴുവന്‍ വേണ്ട. നിങ്ങളെനിക്ക് 3 രൂപ 14 പൈസ നേരത്തേ തന്നെ തന്നിട്ടുണ്ട്. ബാക്കിയുള്ളത് തന്നാല്‍ മതി.' 

രുസ്തംജി മിഴിച്ചു നിന്നു. ബാബയെ കാണുന്നതു പോലും ഇതാദ്യാമായാണ്. പിന്നെങ്ങനെയാണ് മൂന്നു രൂപയും പതിനാലു പൈസയും ഞാന്‍ നേരത്തേ നല്‍കിയത്?  എത്രയാലോചിച്ചിട്ടും അതൊരു സമസ്യയായി തുടര്‍ന്നു. എങ്കിലും ബാബ പറഞ്ഞതുപോലെ ബാക്കി നല്‍കാനുള്ള തുക നല്‍കി,  ബാബയെ ഒരിക്കല്‍കൂടി പ്രണമിച്ച് തന്റെ പ്രാര്‍ഥന സഫലമാകണേയെന്ന് വീണ്ടും അപേക്ഷിച്ചു. സങ്കടപ്പെടേണ്ട. എല്ലാം ശരിയാകുമെന്ന് ബാബ, രുസ്തംജിയുടെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു. 

നാംദെഡില്‍ തിരിച്ചെത്തിയ രുസ്തംജി നേരെ പോയത് ദാസഗണുവിനെ കാണാനാണ്. അഞ്ചു രൂപ ബാബ ദക്ഷിണ ചോദിച്ചതും തുടര്‍ന്നുള്ള കാര്യങ്ങളും അദ്ദേഹം ദാസഗണുവിനോട് പറഞ്ഞു. ബാബ അങ്ങനെ ചോദിക്കാന്‍ ഇടവരുത്തിയ സംഭവങ്ങള്‍ എന്തെങ്കിലും ഉണ്ടായോ, എന്നതായിരുന്നു ദാസഗണുവിന്റെ ചോദ്യം.

കുറച്ചു നാള്‍ മുമ്പ് ഒരു മുസ്ലിം ഫക്കീറിനെ കണ്ടുമുട്ടിയ കാര്യം രുസ്തംജിക്ക് ഓര്‍മവന്നു. വീട്ടിലെത്തിയ ഫക്കീറിനെ അദ്ദേഹം സ്‌നേഹാദരങ്ങളോടെ സ്വീകരിച്ചു;സത്ക്കരിച്ചു. ഷിര്‍ദിയിലേക്ക് യാത്രക്കൊരുങ്ങും മുമ്പായിരുന്നു അത്. ഇതെല്ലാം കേട്ടുകഴിഞ്ഞപ്പോള്‍, അദ്ദേഹത്തെ സത്ക്കരിക്കാന്‍ എത്ര രൂപ ചെലവിട്ടെന്ന് ദാസഗണു ചോദിച്ചു. ചെലവഴിച്ച തുകയെല്ലാം കൂട്ടി നോക്കിയപ്പോള്‍ രുസ്തംജിക്ക് അത്ഭുതമടക്കാനായില്ല. 3.14 രൂ!  അതിലൊരു പൈസപോലും കൂടുതലില്ല, കുറവുമില്ല! 

അന്നു വീട്ടിലെത്തിയ ഫക്കീര്‍ ആരെന്ന് അദ്ദേഹത്തിന് ബോധ്യമായി. ബാബയുടെ അനുഗ്രഹത്താല്‍ വൈകാതെ അദ്ദേഹത്തിന് ഒരു പുത്രന്‍ പിറന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.