തണുത്ത തണലുമായി ഒരു വന്‍മരം

Saturday 11 May 2019 1:05 am IST

ശ്രീനാരദമഹര്‍ഷി ശിവശക്തി പുത്രനായ മുരുകനേയും കണ്ടു. എന്നാല്‍ ശ്രീവള്ളി അതറിഞ്ഞില്ല. പ്രതീക്ഷിച്ചതുപോലുമില്ല. 

ശ്രീവള്ളി, ധാന്യങ്ങള്‍ പക്ഷികളില്‍ നിന്നും സംരക്ഷിക്കുന്ന തിരക്കിലായിരുന്നു. എന്നാല്‍ പക്ഷിമൃഗാദികളെ സ്‌നേഹിക്കുന്ന ആ കന്യകയ്ക്ക് ധാന്യസംരക്ഷണത്തിനായി അവരെ വിരട്ടാനുള്ള ത്വരയുണ്ടായിരുന്നില്ല. 

ഇതിനിടെ പലരും ശ്രീവള്ളിയുടെ മുന്നിലെത്തി. ആരൊക്കെയെന്ന് ആ ദേവിക്ക് വ്യക്തമല്ല. പലരും പലതും പറയുന്നു. ഒരു കാട്ടാളന്‍ വേട്ടയാടാന്‍ വന്നപ്പോള്‍ കുറേ നേരം ആ കന്യകയുമായി സംസാരിച്ചു നിന്നത് ഒരു വന്യമൃഗത്തെക്കുറിച്ചായിരുന്നു. ഇടക്ക് ഒരു വൃദ്ധന്‍ അവിടെ വന്നു. ആഭരണവ്യാപാരിയോ, വസ്ത്രവ്യാപാരിയോ ഒക്കെ വന്നു. 

എല്ലാവരേയും ദേവി നീരസത്തോടെ തന്നെ പറഞ്ഞയക്കാന്‍ ശ്രമിച്ചു. 

ഒരുനാള്‍ ഒരു യുവവേടന്‍ വന്ന് ശ്രീവള്ളിയുമായി സംസാരിച്ചു നില്‍ക്കുമ്പോഴാണ് വളര്‍ത്തച്ഛനായ നമ്പിരാജന്‍ ആ വഴി വന്നത്. നമ്പിരാജന്‍ അവിടെ എത്തിയപ്പോള്‍ പെട്ടെന്ന് ആ യുവവേടന്‍ അവിടെ നിന്ന് അപ്രത്യക്ഷനായി. 

ഇവിടെ നിന്നിരുന്ന വേടന്‍ എവിടെപ്പോയി? ശ്രീവള്ളി ചുറ്റും നോക്കി. അവിടെ തന്റെ പിതാവിനേയും പരിവാരങ്ങളേയുമല്ലാതെ വേറെ ആരേയും കാണ്മാനില്ല. 

എന്നാല്‍ അവിടെ പരിസരത്ത് പുതുതായി ഒരു വന്‍ വേങ്ങമരത്തെ കാണാന്‍ കഴിഞ്ഞു. നമ്പിരാജനും  ആ വേങ്ങമരം കണ്ട് അതിശയിച്ചു. 

'ഇതെങ്ങനെ പൊട്ടിമുളച്ചു?  എത്ര പെട്ടെന്നാണ് ഇത് ഇത്ര വലുതായി ചുറ്റിലും തണല്‍ പരത്തി നില്‍ക്കാനിടവന്നത്. ഞാന്‍ ഇതിനു മുമ്പ് ഇവിടെ ഈ വൃക്ഷത്തെ കണ്ടിട്ടേയില്ല. ഇത് എങ്ങനെയുണ്ടായി?  ഇത് ഏതോ രാക്ഷസന്റെ ചെപ്പടി വിദ്യയാണോ? 

അച്ഛന്റെ ചോദ്യം കേട്ടതോടെ ശ്രീവള്ളിയും ഒരു നിമിഷം പകച്ചു പോയി. ' എനിക്കറിയില്ല അച്ഛാ' . ഒന്നു നിര്‍ത്തിയ ശേഷം അവള്‍ തുടര്‍ന്നു. 'ശീതളമായ ഒരു തണല്‍  ഈ വൃക്ഷം നല്‍കുന്നുണ്ട്. എന്നാല്‍ എങ്ങനെ ഇത് വന്നു എന്ന് ഞാനും ഭയപ്പെടുന്നു.'

 ഭയപ്പാടോടെ തന്നെ നമ്പിരാജന്‍ പരിവാരങ്ങളോട് നിര്‍ദേശിച്ചു. നാളെത്തന്നെ  ഈ വൃക്ഷം വെട്ടിമാറ്റണം. പിന്നെ നമ്പി രാജനും പരിവാരങ്ങളും സ്ഥലം വിട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.