മാപ്പുവേണോ മാപ്പ്

Saturday 11 May 2019 3:22 am IST
ഒടുവില്‍ ഇതാ രാജീവിന്റെ ഉറ്റ സുഹൃത്ത് സാം പിത്രോഡയും മാപ്പേ മാപ്പേ എന്ന് വിളിച്ചുപറഞ്ഞിരിക്കുന്നു. സിക്ക് കൂട്ടക്കൊലയെ ന്യായീകരിച്ചതില്‍ പ്രതിഷേധിച്ചപ്പോഴാണ് മാപ്പ് വേണോ മാപ്പ് എന്ന പല്ലവി പാടുന്നത്.

എന്റെ ചേട്ടന്‍ കേമനെന്നാണ് പ്രിയങ്ക പറയുന്നത്. അവന്റെ മനസ്സ് നിര്‍മലമാണ്. വെണ്ണപോലെ. ചേട്ടനെക്കുറിച്ച് പറയാന്‍ പ്രിയങ്കയ്ക്ക് ആയിരം നാവാണ്. പുകഴ്ത്തിപ്പുകഴ്ത്തി പ്രിയങ്കയുടെ നാവ് കുഴഞ്ഞു. എന്നാല്‍ ഭര്‍ത്താവ് റോബര്‍ട്ടിനെക്കുറിച്ച് ഒന്നും പറയാനില്ല. കാട്ടുകള്ളന്‍, കര്‍ഷകരെ കൊള്ളയടിച്ച ആളാണെന്നാണ് ഇപ്പോള്‍ ജനങ്ങളെല്ലാം റോബര്‍ട്ടിനെക്കുറിച്ച് കേള്‍ക്കുന്നത്. ഹരിയാനയിലെയും രാജസ്ഥാനിലെയും കൃഷിയിടങ്ങള്‍ ചുളുവിലയ്ക്ക് തട്ടിയെടുത്ത റോബര്‍ട്ടിനെ മോദി സര്‍ക്കാര്‍ കോടതിയിലെത്തിച്ചു. താന്‍ വീണ്ടും ജയിച്ചാല്‍ അയാളെ ജയിലിലടയ്ക്കുമെന്ന് മോദി പ്രഖ്യാപിച്ചുകഴിഞ്ഞു. അപ്പോള്‍ നരേന്ദ്രമോദി ജയിക്കാതിരിക്കേണ്ടത് മറ്റാരെക്കാളും സോണിയാ കുടുംബത്തിന്റെ ആവശ്യമാണ്. 

ആ കുടുംബം ഒന്നടങ്കം ജാമ്യത്തിലാണ്. വിചാരണ തീര്‍ന്നാല്‍ പിന്നെ ജയില്‍തന്നെ ശരണം. അധികാരത്തിലെത്തിയില്ലെങ്കിലും വേണ്ടില്ല മോദി ഭരിക്കരുതെന്നേ ചിന്തയുള്ളു. അതിനായി എന്തുവേഷവും കെട്ടും. ആരെവേണമെങ്കിലും പിന്തുണയ്ക്കും. ചത്ത കുതിരയെന്ന് നെഹ്‌റു ആക്ഷേപിച്ച മുസ്ലീംലീഗിനെ നരേന്ദ്രമോദിയോ അമിത്ഷായോ വിമര്‍ശിച്ചാല്‍ അവരുടെ തള്ളയ്ക്കും തന്തയ്ക്കും വിളിക്കും. തിരിച്ചുപറഞ്ഞാലോ തലതല്ലി നിലവിളിക്കും. അതാണല്ലൊ രാജീവിനെക്കുറിച്ച് നരേന്ദ്രമോദി നടത്തിയ പരാമര്‍ശം കേട്ടപ്പോള്‍ എന്റെ തന്തയ്ക്ക് വിളിച്ചേ എന്ന് അലറിവിളിച്ച് ആങ്ങളയും പെങ്ങളും കണ്ണീര്‍വാര്‍ത്തും മൂക്കൊലിപ്പിച്ചും നടന്നത്. നരേന്ദ്രമോദി കള്ളനെന്ന് സുപ്രീംകോടതി സ്ഥിരീകരിച്ചു എന്ന രാഹുലിന്റെ പ്രസ്താവന സുപ്രീംകോടതിയുടെ പരിഗണനയിലാണ്. വിചാരണ പൂര്‍ത്തിയായി. ഇനി വിധി പറയുന്നത് തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷമാകും. ഇതിനകം ഈ വിഷയത്തില്‍ മൂന്ന് തവണ മാപ്പ് പറഞ്ഞു. മൂര്‍ഖന്‍ കടിച്ചവിഷം പുല്ലില്‍ തേച്ചാല്‍ പോകില്ലെന്ന് പറയാറുണ്ട്. സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞാല്‍മാത്രം രക്ഷപ്പെടാന്‍ കഴിയുന്ന കുറ്റമല്ല ഇത്.

വങ്കത്തരം വിളമ്പുക, കോടതിയില്‍ കുരുങ്ങുമെന്നാവുമ്പോള്‍ മാപ്പ് പറയുക. ഇത് നയവും സമീപനവുമാക്കിയ നേതാവാണ് രാഹുല്‍. അദ്ദേഹത്തിന് മുതിര്‍ന്ന ബിജെപി നേതാക്കളോട് അളവറ്റ ആരാധനയാണ്. അദ്വാനിയെയും മുരളീ മനോഹര്‍ ജോഷിയെയും മത്സരിപ്പിക്കാത്തതിലുള്ള ദുഃഖം താങ്ങാനാവുന്നില്ല. മുതിര്‍ന്ന നേതാക്കളെ മോദിയെന്ന ഗുസ്തിക്കാരന്‍ ഇടിച്ചുതെറിപ്പിച്ചുവെന്നാണ് വിലാപം. രാഹുലിന് അറിയാമോ സീതാറാം കേസരിയെ? അദ്ദേഹത്തിന്റെ ജന്മശതാബ്ദി വര്‍ഷമാണിത്. കേന്ദ്രമന്ത്രിയും മികച്ചപാര്‍ലമെന്റേറിയനും കോണ്‍ഗ്രസിന്റെ അധ്യക്ഷനുമായിരുന്നു ഈ ദളിത് നേതാവ്. 19 വര്‍ഷം മുന്‍പ് ഇദ്ദേഹം ചങ്ക് പൊട്ടിമരിക്കേണ്ടിവന്നത് രാഹുലിന്റെ അമ്മയുടെ പെരുമാറ്റംകൊണ്ടായിരുന്നില്ലെ? കോണ്‍ഗ്രസ് പ്രസിഡന്റായി 1996ല്‍ ചുമതലയേറ്റ കേസരിക്ക് രണ്ട് വര്‍ഷം തികച്ച് ആ പദവിയില്‍ ഇരിക്കാനായില്ല. സോണിയ ആ മാന്യനെ പ്രസിഡന്റ് സ്ഥാനത്തുനിന്നു ചവിട്ടിപ്പുറത്താക്കി സ്ഥാനം സ്വന്തമാക്കുകയായിരുന്നില്ലെ? 18വര്‍ഷം ആ സ്ഥാനത്ത് അള്ളിപ്പിടിച്ചിരുന്ന സോണിയ ഒടുവില്‍ ഏതെങ്കിലും പാരമ്പര്യമുള്ള മുതിര്‍ന്ന നേതാവിനല്ല പദവി കൈമാറിയത്. മകനെ വാഴിച്ച സോണിയ വീണ്ടും മകന് അര്‍ഹിക്കാത്ത അധികാരസ്ഥാനം വാങ്ങിച്ചുകൊടുക്കാനുള്ള പ്രയത്‌നത്തിലാണ്. എന്നാല്‍ നരേന്ദ്രമോദിയോ? ജനങ്ങളുടെ ക്ഷേമം മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനുള്ള അക്ഷീണ പ്രയത്‌നമാണദ്ദേഹം നടത്തുന്നത്. 

ബോഫോഴ്‌സ് തോക്ക് തട്ടിപ്പുമാത്രമല്ല പേരുപോലും കൊള്ളയടിച്ച കുടുംബമാണ് സോണിയയുടേത് എന്ന് പറയുമ്പോള്‍ എന്തിന് നെറ്റി ചുളിക്കണം. ഏത് ഗാന്ധിയുടെ മകളാണ് ഇന്ദിര? രാജീവിന്റെ പേരിനൊപ്പം എങ്ങനെ ഗാന്ധിവന്നു? സോണിയയും രാഹുലും പ്രിയങ്കയുമൊക്കെ എങ്ങനെ പേരിനൊപ്പം ഗാന്ധിയെ കൂട്ടിക്കെട്ടുന്നു? ഗാന്ധിജിയുടെ സല്‍പ്പേരിനെ വില്‍പ്പന ചരക്കാക്കുന്ന ഇക്കൂട്ടര്‍ കള്ളന്മാരുടെ കൂട്ടായ്മയാണെന്നല്ലെ പറയേണ്ടത്? രാജീവ് കള്ളന്‍ മാത്രമല്ല കശാപ്പുകാരന്‍ കൂടിയായിരുന്നുവെന്ന് അകാലിദള്‍ പ്രസ്താവിച്ചില്ലെ? പഞ്ചാബില്‍ അകാലിദളിനെ ക്ഷീണിപ്പിക്കാന്‍ ഇന്ദിരാഗാന്ധി വളര്‍ത്തിക്കൊണ്ടുവന്ന ഖാലിസ്ഥാന്‍ വാദമാണ് അവരുടെതന്നെ ദാരുണാന്ത്യത്തിന് വഴിവച്ചത്. ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിനെയും അതിന്റെ നായകന്‍ ഭിന്ദ്രന്‍വാലയെയും അന്നത്തെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോള്‍ അത് ചെവിക്കൊള്ളാന്‍ പ്രധാനമന്ത്രി തയ്യാറായിരുന്നില്ല. ഭിന്ദ്രന്‍വാല വെറും സന്യാസി എന്നാണ് ഇന്ദിരാഗാന്ധി വിശേഷിപ്പിച്ചുപോന്നത്. പിന്നീട് ഖാലിസ്ഥാന്‍ വാദികള്‍ കുടംതുറന്നുവിട്ട ഭൂതംപോലെയായി. തുടര്‍ന്നാണ് പവിത്രമായ സുവര്‍ണക്ഷേത്രത്തില്‍ പോലീസ് തേര്‍വാഴ്ചയുണ്ടായത്. അതിന്റെ പകയായിരുന്നു അംഗരക്ഷകരുടെ കൈകൊണ്ടുതന്നെ മരിക്കേണ്ടിയും വന്നത്. ഇന്ദിരാഗാന്ധിയുടെ മരണവാര്‍ത്തയറിഞ്ഞ ഉടനെ ഭാരതമാകെ കൊലക്കളമാക്കിയത് കോണ്‍ഗ്രസുകാരാണ്. 

സ്വതന്ത്രഇന്ത്യയില്‍ ഏറ്റവും വലിയ വംശഹത്യനടക്കുമ്പോള്‍ രാജീവ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്നു. നാലായിരത്തോളം സിക്കുകാരെ കാലപുരിയ്ക്കയച്ചു. സ്ഥാപനങ്ങള്‍ കൊള്ളയടിച്ചു. പലതും ചാമ്പലാക്കി. അണികളോട് സമാധാനം പാലിക്കാന്‍ ഒരു വാക്കുപോലും പറയാന്‍ രാജീവ് കൂട്ടാക്കിയില്ലെന്ന് മാത്രമല്ല വന്‍മരം വീഴുമ്പോള്‍ ഭൂമികുലുങ്ങുമെന്ന് പറഞ്ഞ് ന്യായീകരിക്കുകയും ചെയ്തു. അതാണ് പ്രകാശ് സിങ് ബാദലിന്റെ പ്രസ്താവനയ്ക്ക് അടിസ്ഥാനം. മാന്യന്മാരുടെ മുഖത്ത് തുപ്പിയോടി തിരിച്ചടി കിട്ടുമ്പോള്‍ മാപ്പേ മാപ്പേ എന്ന് വിളിച്ചുപറഞ്ഞിട്ട് കാര്യമില്ല.

ഒടുവില്‍ ഇതാ രാജീവിന്റെ ഉറ്റ സുഹൃത്ത് സാം പിത്രോഡയും മാപ്പേ മാപ്പേ എന്ന് വിളിച്ചുപറഞ്ഞിരിക്കുന്നു. സിക്ക് കൂട്ടക്കൊലയെ ന്യായീകരിച്ചതില്‍ പ്രതിഷേധിച്ചപ്പോഴാണ് മാപ്പ് വേണോ മാപ്പ് എന്ന പല്ലവി പാടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.