കശ്മീരി പണ്ഡിറ്റുകള്‍ സ്വന്തം മണ്ണിലേക്ക്

Saturday 11 May 2019 3:52 am IST
''രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തണമെങ്കില്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കാശ്മീര്‍ താഴ്‌വരയില്‍നിന്നു ഭീകരഭീഷണിമൂലം പലായനം ചെയ്യേണ്ടിവന്ന കാശ്മീരി പണ്ഡിറ്റുകളെ സ്വന്തം മണ്ണില്‍ പുനഃരധിവസിപ്പിക്കേണ്ടതുണ്ട്''.

ദേശാഭിമാനവും സ്വാതന്ത്ര്യവാഞ്ഛയും വളര്‍ന്ന് ലക്ഷ്യപ്രാപ്തിലെത്തുമ്പോള്‍ ഭാരതം വെട്ടിമുറിക്കപ്പെട്ടു. പാക്കിസ്ഥാന്‍ ഇസ്ലാം രാഷ്ട്രവും ഹിന്ദുസ്ഥാനം മതേതര ജനാധിപത്യരാജ്യവുമായി. പാക്കിസ്ഥാനിലെ ന്യൂനപക്ഷ മതവിഭാഗക്കാര്‍ രണ്ടാംതരം പൗരന്മാരായി. ആണ്ടോടാണ്ട് എണ്ണത്തില്‍ കുറഞ്ഞുവന്നു. 'ഹിന്ദുസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷ വിഭാഗത്തേക്കാള്‍ മുന്‍ഗണനയും ലഭിച്ചു. 

ഭാരതത്തില്‍തന്നെ ഭൂരിപക്ഷവിഭാഗക്കാര്‍ ഒരു പ്രദേശത്ത് ന്യൂനപക്ഷമായപ്പോള്‍ അവര്‍ ആട്ടിയോടിക്കപ്പെട്ടു. ഹിന്ദുക്കള്‍ ന്യൂനപക്ഷമായ കശ്മീരില്‍ അവര്‍ക്കു ജീവിക്കാന്‍ കഴിയാതെയായി. ആക്രമണകാരികളില്‍നിന്നു രക്ഷപെട്ട് സര്‍വ്വവും ഉപേക്ഷിച്ച് ദല്‍ഹിയിലെ തെരുവുകളിലും മറ്റും അഭയം തേടിയവര്‍ നാലുലക്ഷത്തിലധികമാണ്. അവര്‍ക്ക,് ജനിച്ചുവളര്‍ന്ന മണ്ണിലേക്ക് മടങ്ങാനുള്ള കാത്തിരിപ്പിന്റെ കാലം പതിറ്റാണ്ടുകളായി നീണ്ടുപോയി. അതിനിടയിലാണ് ആശ്വാസകരവും സന്തോഷകരവുമായ വാര്‍ത്ത വന്നത്. 28 വര്‍ഷങ്ങള്‍ക്കുശേഷം ഒരു കശ്മീരിപണ്ഡിറ്റ് തിരിച്ചു കശ്മീര്‍ താഴ്‌വരയിലെ സ്വന്തം മണ്ണിലെത്തി. റോഷന്‍ലാല്‍ മേവാ എന്ന പണ്ഡിറ്റ് ആവേശകരമായ വരവേല്‍പോടെ സ്വന്തം കടതുറന്നു. സുഗന്ധവ്യഞ്ജന വ്യാപാരിയാണു റോഷന്‍ ലാല്‍.  

മോദി സര്‍ക്കാരിന്റെ ഭരണനേട്ടത്തിലെ പൊന്‍തൂവലാണീസംഭവം. 2008ല്‍ അന്നത്തെ ബിജെപി അധ്യക്ഷനും ഇന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ രാജ്‌നാഥ്‌സിംഗ് പറഞ്ഞ വാക്കുകള്‍ അവര്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. അദ്ദേഹം പറഞ്ഞു. ''രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തണമെങ്കില്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കാശ്മീര്‍ താഴ്‌വരയില്‍നിന്നു ഭീകരഭീഷണിമൂലം പലായനം ചെയ്യേണ്ടിവന്ന കാശ്മീരി പണ്ഡിറ്റുകളെ സ്വന്തം മണ്ണില്‍ പുനഃരധിവസിപ്പിക്കേണ്ടതുണ്ട്''. പണ്ഡിറ്റുകളുടെ ഭൂമിയെല്ലാം പിടിച്ചെടുത്ത വിഘടനവാദികളെയാണ് ആദ്യം ആ മണ്ണില്‍ നിന്ന് ഇറക്കേണ്ടതെന്നും രാജ്‌നാഥ്‌സിംഗ് ചൂണ്ടിക്കാട്ടി. താഴ്‌വരയില്‍ അക്രമം നടത്തിക്കൊണ്ട് പണ്ഡിറ്റുകളെ പലായനത്തിന് നിര്‍ബന്ധിതരാക്കുകയായിരുന്നു. ഇപ്പോള്‍ മടങ്ങിയെത്തിയ റോഷന്‍ ലാലിനെ 1990 ഒക്ടോബര്‍ 13ന് ഭീകരര്‍ കടയില്‍ കയറി അക്രമിച്ചു. വയറ്റില്‍ മൂന്നും കാലില്‍ ഒന്നും വെടിയുണ്ടകളായിരുന്നു അദ്ദേഹത്തിന് ഏറ്റത്. ഇതുപോലെ മരണത്തില്‍നിന്നു രക്ഷപെട്ട ലക്ഷക്കണക്കിന് പണ്ഡിറ്റുകളാണ് സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളായത്. വിഘടനവാദത്തിന്റെ ഭീകരതയേറ്റുവാങ്ങിയ ഹതഭാഗ്യരായ ഇവര്‍ എന്നെങ്കിലും സ്വന്തം മണ്ണിലേക്ക് മടങ്ങാമെന്ന പ്രത്യാശ ഇനിയും വിട്ടുകളഞ്ഞിട്ടില്ല. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇരുനൂറോളം കാശ്മീരി പണ്ഡിറ്റുകളെ മടക്കിക്കൊണ്ടുവരുവാന്‍ കഴിയുമെന്ന പ്രത്യാശയാണ് റോഷന്‍ലാല്‍ പ്രകടിപ്പിച്ചത്. 

വിഘടനവാദം കശ്മിരിന്റെ ശാപമാണ്. സൗഹൃദത്തിലും സാഹോദര്യത്തലും സമാധാനത്തിലും കഴിഞ്ഞിരുന്ന കശ്മീര്‍ജനത സ്വാതന്ത്ര്യ ലബ്ധിക്ക്‌ശേഷം വിഘടനവാദികളുടെ ഇരകളായി. കശ്മീര്‍ ഹിന്ദുസ്ഥാന്റെ അവിഭാജ്യഘടകമാണ്. അത് അംഗീകരിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാകാത്തതാണ് പ്രശ്‌നം. കന്യാകുമാരി മുതല്‍ കാശ്മീരം വരെയാണു ഭാരതം. സ്വതന്ത്രഭാരതത്തില്‍ നാട്ടുരാജ്യങ്ങളെ ലയിപ്പിക്കുന്നതിന് ഭരണാധികാരിക്ക്-രാജാവിന് തീരുമാനിക്കാമായിരുന്നു. സ്വാതന്ത്രമായി നില്‍ക്കാനോ ഭാരതത്തിന്റെയോ പാക്കിസ്ഥാന്റെയോ ഭാഗമാകുന്നതിനോ ഉള്ള അധികാരം ബ്രിട്ടീഷ്പാര്‍ലമെന്റ് ഇന്ത്യന്‍ സ്വാതന്ത്ര്യത്തെ സംബന്ധിച്ച് 1947ല്‍ പാസ്സാക്കിയ നിയമത്തിലെ വ്യവസ്ഥ. ''ഇന്ത്യയിലെയോ പാക്കിസ്ഥാനിലെയോ ഗവര്‍ണര്‍ ജനറല്‍ ഏതെങ്കിലും നാട്ടുരാജ്യത്തിന്റെ ലയനം ഒരിക്കല്‍ സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ആ രാജ്യം ബന്ധപ്പെട്ട ഡോമീനിയന്റെ അവിഭാജ്യഘടകമായിത്തീരും. അങ്ങനെ 1947 ഒക്ടോബര്‍ 26-ാം തീയതി ജമ്മു-കശ്മീരിന്റെ ഇന്ത്യയോടുള്ള ലയനം ഗവര്‍ണര്‍ ജനറല്‍ അംഗീകരിച്ചു. അതോടുകൂടി കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമായി. എപ്രകാരമാണോ തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയന്റെ ഭാഗമായത് അതുപോലെ തന്നെയാണ് കശ്മീരും ഹിന്ദുസ്ഥാന്റെ ഭാഗമായത്. 

എന്നാല്‍ ചില നാട്ടുരാജ്യങ്ങളും സ്വതന്ത്രരായിരിക്കുവാന്‍ താല്‍പര്യപ്പെട്ടിരുന്നു. ജമ്മുകശ്മീരിലെ മഹാരാജാവ് സര്‍ ഹരിസിംഗ് ബഹദൂര്‍ ജൂനഗാദിലെ നവാബ്, ഹൈദരാബാദിലെ നൈസാം തുടങ്ങിയവര്‍ സ്വതന്ത്രരാജ്യമെന്ന മോഹമുണ്ടായിരുന്നവരാണ്. പലവിധ സമ്മര്‍ദ്ദങ്ങളാലും ഇവര്‍ക്ക് തീരുമാനം മാറ്റേണ്ടിവന്നു. ഹൈദരാബാദിലും ജൂനഗാദിലും ഭൂരിപക്ഷം ഹിന്ദുക്കളായിരുന്നു. ഭരണാധികാരി മുസ്ലീമും. ജമ്മുകശ്മീരില്‍ ഭൂരിപക്ഷം മുസ്ലീംങ്ങളും രാജാവ് ഹിന്ദുവുമായിരുന്നു. മുസ്ലീം ഭരണാധികാരികള്‍ പാകിസ്ഥാനിലും ഹിന്ദുവായ രാജാവ് ഇന്ത്യന്‍യൂണിയനിലുമാണ് ലയിക്കാന്‍ തീരുമാനിച്ചത്. പാക്കിസ്ഥാന് ഏറെ താല്‍പര്യമുണ്ടായിരുന്ന ജമ്മുകശ്മീര്‍ നഷ്ടമായപ്പോള്‍ അങ്ങോട്ടേയ്ക്ക് പട്ടാളത്തെ അയയ്ക്കാന്‍ ഭരണാധികാരികള്‍ കല്‍പിച്ചു. എന്നാല്‍ ബ്രിട്ടീഷുകാരനായ പാക്കിസ്ഥാന്‍ സര്‍വ്വസൈന്യധിപന്‍ അതിനെ എതിര്‍ത്തു. കാശ്മീര്‍ വ്യവസ്ഥപ്രകാരം ഇന്ത്യന്‍ യൂണിയന്റെ ഭാഗമായിത്തീര്‍ന്ന സ്ഥിതിക്ക് അങ്ങോട്ട് പട്ടാളത്തെ അയയ്ക്കുന്നതു തെറ്റാണെന്നായിരുന്നു സര്‍വ്വസൈന്യധിപന്റെ വിശദീകരണം. 

ഹിമാലയത്തോടു തൊട്ടുരുമ്മിക്കിടക്കുന്ന കശ്മീര്‍ ഏറെ പ്രധാനമായ ഭൂവിഭാഗമാണ്. സോവിയറ്റുയൂണിയന്‍, ചൈന, ഇന്ത്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളോടു ചേര്‍ന്നു കിടക്കുന്നതിനാല്‍ രാജ്യസുരക്ഷയ്ക്ക് പ്രധാനപ്പെട്ട ഭൂപ്രദേശമാണ്. ഇരുപത്തിരണ്ടു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അലക്‌സാണ്ടറുടെ ഇന്ത്യാ ആക്രമണം തുടങ്ങി നിരവധി വിദേശാക്രമണങ്ങളും ഉണ്ടായിട്ടുള്ളത് ഈ പ്രദേശത്തുകൂടിയാണ്. 

ഹിന്ദുക്കള്‍ കൂടുതലുണ്ടായിരുന്ന ഭൂപ്രദേശങ്ങളെ ഭരണാധികാരികള്‍ പാക്കിസ്ഥാനില്‍ ലയിപ്പിച്ചതംഗീകരിച്ചവര്‍ ജമ്മുകശ്മീരിലെ ഭരണാധികാരിയുടെ തീരുമാനത്തെ മാനിക്കാത്തത് ഭൂവിഭാഗത്തിന്റെ പ്രധാന്യവും മുസ്ലീംജനത കൂടുതലുള്ളതുകൊണ്ടുമാണ്. 1944ല്‍ മുഹമ്മദാലി ജിന്ന കശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ മുസ്ലീംജനത ജിന്നയെയും മുസ്ലീം ലീഗിനെയും എതിര്‍ക്കുകയും പോലീസ് സഹായത്തോടെ ജിന്നയ്ക്കു മടങ്ങേണ്ടിവന്നതുമാണ്. ഗോത്രവര്‍ഗ്ഗക്കാരെ പ്രലോഭിപ്പിച്ചും ഭീകരവാദികളെ കടത്തിവിട്ടും പാക്കിസ്ഥാന്‍ കശ്മീരിന് വേണ്ടിയുള്ള പോരാട്ടം ഇന്നും തുടരുകയാണ്. 

ഇന്ത്യയിലെ ഏറെ ശ്രദ്ധേയമായ തീര്‍ത്ഥാടന കേന്ദ്രമായ അമര്‍നാഥ് ക്ഷേത്രം കശ്മീരിലാണ്. ശ്രീനഗറില്‍ നിന്നു 141 കി.മീറ്റര്‍ അകലത്തിലും സമുദ്രനിരപ്പില്‍ നിന്നു 3868 മീറ്റര്‍ ഉയരത്തിലുമുള്ള അമര്‍നാഥ് ക്ഷേത്രം ഹൈന്ദവജനതയുടെ പ്രമുഖ ആരാധനാകേന്ദ്രമാണ്. 45 ദിവസം നീണ്ടുനില്‍ക്കുന്ന തീര്‍ത്ഥാടനകാലത്ത് ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് ജീവനെ ഭയന്നും ഭീകരാക്രമണത്തെ അവഗണിച്ചും മഞ്ഞിനാല്‍ സ്വയംഭൂവാകുന്ന ശിവലിംഗദര്‍ശനത്തിനെത്തുന്നത്. 

കശ്മീരിന് പ്രത്യേക പദവിയും പതാകയും നല്‍കിക്കൊണ്ടുള്ള ഭരണഘടനയിലെ 370-ാം വകുപ്പ് രാജ്യത്തെ അഖണ്ഡതയ്ക്കു ദോഷമെന്നല്ലാതെ കശ്മീര്‍ ജനതയ്ക്ക് ഒരു ഗുണവുമുണ്ടാക്കുന്നതല്ല. ദുരവ്യാപകമായ വിപത്തു മനസ്സിലാക്കാത്തത അന്നത്തെ ഭരണാധികാരികളുടെ മനോ വൈകൃതമായാണ് 370-ാം വകുപ്പ് നിലകൊണ്ടത്. ഈ വകുപ്പുപ്രകാരം ഇന്ത്യയിലെ നിയമങ്ങള്‍ കശ്മീരില്‍ അസംബ്ലി പാസാക്കിയെങ്കിലേ അവിടെ നിയമമാവുകയുള്ളു. ഭാരതത്തിലെ മറ്റ് സംസ്ഥാനക്കാര്‍ക്കു കശ്മീരില്‍ ഒരിഞ്ചുഭൂമി മേടിക്കാന്‍ കഴിയില്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്നു വിവാഹം ചെയ്യുന്നവര്‍ക്ക് കശ്മീരിപൗരത്വം നഷ്ടമാകും. എന്നാല്‍ പാക്കിസ്ഥാനിയെ കല്യാണം കഴിച്ചാല്‍ പൗരത്വം തുടര്‍ന്നും കിട്ടും. ഇന്ത്യന്‍ പാര്‍ലമെന്റിലെ ഒരു അംഗത്തിനു കശ്മീര്‍ സന്ദര്‍ശിക്കണമെങ്കില്‍ പ്രത്യേക അനുവാദം വേണമെന്നതും നിയമവ്യവസ്ഥയുടെ ഭാഗമായിരുന്നു. ഇതിനെതിരെയാണ് അന്നത്തെ പ്രതിപക്ഷനേതാവ് ജനസംഘത്തിന്റെ  പ്രതിനിധി ഡോ. ശ്യാമപ്രസാദ് മുഖര്‍ജി 1953 മെയ് 8ന് കശ്മീര്‍യാത്ര നയിച്ചത്. അന്നത്തെ മുദ്രാവാക്യങ്ങള്‍ ശ്രദ്ധേയമാണ്. 

എക് ദേശ്‌മേം ദോ വിധാന്‍ - ഒരേ രാജ്യത്ത് രണ്ടു കൊടികള്‍

ഏക് ദേശ്‌മേം ദോ പ്രധാന്‍ - ഒരേ രാജ്യത്ത് രണ്ടു പ്രധാനമന്ത്രിമാര്‍

ഏക് ദേശ്‌മേം ദോ നിശാന്‍ - ഒരേ രാജ്യത്ത് രണ്ട് നിയമങ്ങള്‍

നഹീം ചലേംഗാ, നഹീം ചലേംഗാ

ഈ വിധ കരിനിയമങ്ങളെടുത്തുകളയാന്‍ ശ്യാമപ്രസാദ്ജിക്ക് തന്റെ ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്നത് ചരിത്രവസ്തുത. 

ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങളെപ്പോലെ കശ്മീരിനും അവിടത്തെ ജനതയ്ക്കും പ്രധാന്യമുണ്ടാകണം. ജന്മനാട്ടില്‍ നിന്ന് ഇനിയാരും പലായനം ചെയ്യാനിടവരരുത്. ജീവഭയത്താല്‍ ഓടിപ്പോയവര്‍ തിരികെയെത്തണം. സ്വന്തം മണ്ണില്‍ അഭിമാനത്തോടെ കഴിയാന്‍ ഓരോ കശ്മീരിക്കും അവകാശമുണ്ട്. ഈ അവകാശമാണു ബിജെപി ലക്ഷ്യമിട്ടത്. 2014ല്‍ ബിജെപി അധ്യക്ഷന്‍ പറഞ്ഞത്:''കശ്മീര്‍ താഴ്‌വരയില്‍ സമാധാനം ഇല്ലാതാക്കിക്കൊണ്ട് പണ്ഡിറ്റുകളെ പലായനത്തിന് നിര്‍ബന്ധിതരാക്കുകയായിരുന്നു ഇസ്ലാമിക വിഘടനവാദികള്‍. അത്തരമൊരു മണ്ണില്‍ നിന്നുകൊണ്ട് സ്വാതന്ത്ര്യം വേണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല''. 

തങ്ങള്‍ക്ക് അധികാരം കിട്ടിയാല്‍ കശ്മീരി പണ്ഡിറ്റുകളെ തിരികെയെത്തിക്കാനുള്ള സാഹചര്യമുണ്ടാക്കുമെന്ന വാക്ക് ബിജെപി പാലിച്ചിരിക്കുന്നു. ഇതോടെ നരേന്ദ്രമോദി സര്‍ക്കാര്‍, ലക്ഷോപലക്ഷം കശ്മീരിപണ്ഡിറ്റുകള്‍ക്ക് തങ്ങളുടെ നാട്ടില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയ്ക്കു തിളക്കം കൂട്ടിയിരിക്കുകയാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.