പോലീസിലെ പോസ്റ്റല്‍ ബാലറ്റ് അട്ടിമറി; കമാന്‍ഡോയെ സസ്‌പെന്‍ഡ് ചെയ്തു

Saturday 11 May 2019 5:47 am IST
വൈശാഖിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്. പോസ്റ്റല്‍ വോട്ട് അട്ടിമറിച്ചതില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് ഇന്റലിജന്‍സും സ്ഥിരീകരിച്ചിരുന്നു. പോസ്റ്റല്‍ ബാലറ്റുകള്‍ കെട്ടായി ഒരാളുടെ വിലാസത്തില്‍ എത്തിയ സംഭവത്തില്‍ തൃശൂര്‍ ഐആര്‍ ബറ്റാലിയനിലെ പൊലീസുകാരായ അരുണ്‍ മോഹന്‍, രതീഷ്, രാജേഷ് കുമാര്‍, മണിക്കുട്ടന്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം: പോലീസുകാരുടെ പോസ്റ്റല്‍വോട്ട് അട്ടിമറിച്ചതിന് ഐആര്‍ബറ്റാലിയന്‍ കമാന്‍ഡോയെ സസ്‌പെന്‍ഡ് ചെയ്തു.  ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ കമാന്‍ഡോകളോട് വാട്‌സ്ആപ് സന്ദേശം വഴി ബാലറ്റ് ആവശ്യപ്പെട്ട വൈശാഖിനെയാണു സസ്‌പെന്‍ഡ് ചെയ്തത്. പോസ്റ്റല്‍വോട്ടില്‍ ക്രമക്കേട് നടന്നുവെന്ന് ഇന്റലിജന്‍സ് മേധാവി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇയാള്‍ക്കെതിരെ കേസും വകുപ്പുതല അച്ചടക്ക നടപടിയുമെടുക്കാനും പോസ്റ്റല്‍ ബാലറ്റ് കെട്ടായി  അയച്ച നാലു പേര്‍ക്കെതിരെ അന്വേഷണം നടത്താനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നിര്‍ദേശിച്ചിരുന്നു

വൈശാഖിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്. പോസ്റ്റല്‍ വോട്ട് അട്ടിമറിച്ചതില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് ഇന്റലിജന്‍സും സ്ഥിരീകരിച്ചിരുന്നു. പോസ്റ്റല്‍ ബാലറ്റുകള്‍ കെട്ടായി  ഒരാളുടെ വിലാസത്തില്‍ എത്തിയ സംഭവത്തില്‍ തൃശൂര്‍ ഐആര്‍ ബറ്റാലിയനിലെ പൊലീസുകാരായ അരുണ്‍ മോഹന്‍, രതീഷ്, രാജേഷ് കുമാര്‍, മണിക്കുട്ടന്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം ആരംഭിച്ചു. അതേസമയം വിരലിലെണ്ണാവുന്ന പോലീസുകാരെ ബലിയാടാക്കി അസോസിയേഷന്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ രക്ഷപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്നും ആരോപണം ഉയരുന്നുണ്ട്.

 പോസ്റ്റല്‍ ബാലറ്റ് തിരിമറിയെക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണം വൈകരുതെന്നും മെയ് 15ന് മുമ്പ്  അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശമെന്നും  മീണ പറഞ്ഞു. അന്വേഷണം മന്ദഗതിയിലായാല്‍ നിശ്ശബ്ദമായിരിക്കില്ല. കേന്ദ്ര തെരെഞ്ഞെടുപ്പു കമ്മിഷനും അന്വേഷണം നിരീക്ഷിക്കുന്നുണ്ട്. പോസ്റ്റല്‍ ബാലറ്റ് ലഭിക്കാന്‍ സ്വന്തം വിലാസമോ ഓഫീസ് വിലാസമോ മാത്രമേ നല്‍കാവൂ. 63533 പോസ്റ്റല്‍ ബാലറ്റുകളാണ് പോലീസില്‍ ഉള്‍പ്പെടെ നല്‍കിയിരിക്കുന്നത്.  ഇതില്‍ 7924 എണ്ണമാണ് ഇന്നലെ വരെ തിരികെ ലഭിച്ചത്. ഏറ്റവും കൂടുതല്‍ ഉള്ള തിരുവനന്തപുരത്ത് 5852 ല്‍ 1048 ബാലറ്റും കൊല്ലത്ത് 5807 ല്‍ 759 ഉം ചാലക്കുടിയില്‍ 1471 ല്‍ 24 എണ്ണവും തിരികെ ലഭിച്ചിട്ടുണ്ടെന്നും  മീണ പറഞ്ഞു.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.