പുരാതന മാതൃകാ ഗാര്‍ഹസ്ഥ്യ ജീവിതം

Sunday 12 May 2019 4:24 am IST

 

അനശ്വരപാരമ്പര്യത്തില്‍ അധിഷ്ഠിതമാണ് ഗാര്‍ഹസ്ഥ്യം. പ്രാചീനകാലത്തുണ്ടായിരുന്ന മഹര്‍ഷിമാരില്‍ ഭൂരിഭാഗവും ഗൃഹസ്ഥാശ്രമികളായിരുന്നു. തപസ്സ് അവരുടെ ആദ്ധ്യാത്മിക പോഷകാഹാരമായിരുന്നു. യോഗചര്യ, സാന്മാര്‍ഗനിഷ്ഠ,മ നോനിയന്ത്രണം, ഈശ്വരനിലുള്ള ശരണാഗതി ഇവകളിലൂടെ അവര്‍ ആത്മശിക്ഷണപരമായ ഒരു പാവന ജീവിതം സന്മാര്‍ഗ്ഗ നിയമത്തിനും, ഈശ്വര നിശ്ചയത്തിനും അനുഗുണമായി നയിച്ചുവന്നു. അവര്‍ സംപൂജ്യമായ ഗുരുകുല സമ്പ്രദായത്തിന്റെ സന്തതികളായിരുന്നു.

ആചാര്യനുമായി അനവധി വര്‍ഷത്തെ സഹവാസംമൂലം അവര്‍ വിശ്വാസം,ഭക്തി, സദാചാരപരമായ നന്മ, ആദ്ധ്യാത്മിക ജിജ്ഞാസ,തീവ്രമായ സാന്മാര്‍ഗികാസക്തി തുടങ്ങിയവയൊക്കെ ഉള്‍ക്കൊണ്ടിരുന്നു. സോദ്ദേശ പരമായ ഒരു ഗാര്‍ഹസ്ഥ്യ ജീവിതത്തിന് അവര്‍ സുസജ്ജരായിരുന്നു. 

സ്ത്രീകള്‍ പതിവ്രതകളും, ശുദ്ധിയിലും സതീധര്‍മ്മത്തിലും,പതിഭക്തിയിലും, മാതൃധര്‍മ്മങ്ങളിലും ആരാദ്ധ്യഭാജനങ്ങളും ആയിരുന്നു. ഭര്‍ത്താവ് ഭാര്യക്കു ഗുരുവും, ആരാദ്ധ്യ ദേവനുമായിരുന്നു. ധര്‍മ്മാനുഷ്ഠാനത്തിലൂടെ സ്ത്രീകള്‍ യോഗശക്തിയുടെയും, ആദ്ധ്യാത്മിക ജ്ഞാനത്തിന്റെയും ഉന്നതശ്രേണിയിലെത്തിയിരുന്നു.

അങ്ങിനെ യോഗവും ധര്‍മ്മവും,അതായത് തപസ്യയുടെ യോഗശക്തിയും, പാതിവ്രത്യത്തിന്റെ ധാര്‍മ്മികശക്തിയും സംയോജിച്ച് പുരാതന കാലത്തെ ഗാര്‍ഹസ്ഥ്യത്തിന്റെ അധിഷ്ഠാന ധാരയായി വര്‍ത്തിച്ചു. അങ്ങിനെയുള്ള ഗൃഹസ്ഥാശ്രമത്തില്‍നിന്ന് സ്ത്രീപുരുഷന്മാര്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രബുദ്ധാത്മാക്കളുടെ തലമുറ ഉയര്‍ന്നു. അവര്‍ കായികമായി തികവുറ്റവരും മാനസികമായി സുശക്തരുമായിരുന്നു. അവര്‍ ദിവ്യമായ അന്തര്‍വീക്ഷണത്താലും പരമോല്‍ക്കൃഷ്ടമായ ആദര്‍ശത്താലും അനുഗൃഹീതരായിരുന്നു. ഗൃഹം ശാന്തിയുടെ പുണ്യാശ്രമമായിരുന്നു.. 

 സമ്പാ:കെ.എന്‍.കെ.നമ്പൂതിരി    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.