കള്ളവോട്ടോ? ഛായ്

Sunday 12 May 2019 5:43 am IST

സിംപിളാണ് പ്രശ്‌നം. നടേ സംഭവിച്ചതാണ്, സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. ജനാധിപത്യത്തെക്കുറിച്ച് വലിയ വായിലും ചെറിയവായിലും പറയുന്നവരും എഴുതുന്നവരും ഇതൊക്കെ അറിഞ്ഞുകൊണ്ടുതന്നെയാണ് മേപ്പടി കാര്യങ്ങളില്‍ വ്യാപരിക്കുന്നത്. എന്നുവെച്ചാല്‍ ഇന്നലെയോ മിനിഞ്ഞാന്നോ പൊട്ടിവീണതോ, മുളച്ചുവന്നതോ അല്ല. സംഗതി എന്താണെന്ന് ഇനിയും പിടികിട്ടിയില്ല, അല്ലേ? പരിണാമഗുപ്തിയിലേക്കു പോകുന്നില്ല. കാര്യം ഇതാണ്: കള്ളവോട്ട്. വോട്ട് എങ്ങനെയാണ് കള്ളനാവുക എന്ന് പറയാനാവില്ല. ഈ സംശയം സാധാരണക്കാരായ നമുക്കു മാത്രമല്ല, ഇക്കാണായ ലോകത്തെ സകല വിപ്ലവ പാതകളിലൂടെയും നടന്ന് മണ്ണും മനസ്സും കൃത്യമായി മനസ്സിലാക്കിയ വിദ്വാന് പോലുമുണ്ട്. അദ്യം അത് കിറുകൃത്യമായി ചാനല്‍ വഴിയും അല്ലാതെയും പറഞ്ഞുവെച്ചിട്ടുണ്ട്.

വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുള്ളവര്‍ക്കാണ് വോട്ടുചെയ്യാനാവുക. ലിസ്റ്റ് അചേതനമായ ഒരു വസ്തുവാകയാല്‍ ചേതനയുള്ളവര്‍ വന്നിട്ടുവേണം അതിന് ഊര്‍ജം കൊടുക്കാന്‍. ആയതിനാല്‍ ആര് വന്നാലും ലിസ്റ്റിന് പ്രശ്‌നമില്ല. വന്നയാള്‍ ലിസ്റ്റില്‍ പേരുള്ള വിദ്വാനാണോ എന്നു നോക്കാനാണ് സര്‍ക്കാര്‍ ചെലവില്‍ ചിലയാളുകളെ പോളിംഗ് ബൂത്തില്‍ നിര്‍ത്തുന്നത്. വന്നയാളുടെ തിരിച്ചറിയല്‍ കാര്‍ഡ് നോക്കി ഉറപ്പുവരുത്തിയ ശേഷമാണ് മേല്‍നടപടികള്‍ സ്വീകരിക്കുക. പേര്, വീട്ടുപേര് തുടങ്ങിയവയൊന്നും ഉദ്യോഗസ്ഥര്‍ക്കറിയില്ല എങ്കിലും ചിത്രം നോക്കി മുമ്പിലെത്തിയ ആളെ മനസ്സിലാക്കാന്‍ കഴിയും. (ആധാര്‍കാര്‍ഡ് മാതൃകയിലാണ് ഫോട്ടെയെങ്കില്‍ കാര്യം ശ്ശി കഠിനമാണേ). അങ്ങനെ അറിഞ്ഞാല്‍ അയാള്‍ക്ക് വോട്ട് അമര്‍ത്താനുമാവും. ഇതില്‍ എന്തെങ്കിലും  അപാകമുണ്ടെങ്കില്‍ അവിടെ ഇരിക്കുന്ന പാര്‍ട്ടി ഏജന്റുമാര്‍ക്ക് ചൂണ്ടിക്കാണിക്കാം. അതൊക്കെ പൂര്‍ത്തിയായാലേ വോട്ടമര്‍ത്തല്‍ നടക്കൂ.

എന്നാല്‍ മേല്‍പ്പറഞ്ഞ നേരെവാ, നേരെപോ പരിപാടികളൊന്നും എണ്‍പതുശതമാനം പോളിംഗ് ബൂത്തിലും ഉണ്ടാവാറില്ല എന്നതത്രെ സത്യം. കാരണം അവിടെ ജനാധിപത്യത്തിന്റെ വ്യാഖ്യാനം വേറെയാണ്. ജനങ്ങളുടെ ആധിപത്യത്തില്‍ നിന്ന് തട്ടിത്തിരിഞ്ഞ് പാര്‍ട്ടികളുടെ, അവരുടെ ഏജന്റുമാരുടെ ആധിപത്യത്തിലേക്ക് ആയത് മാറുന്നു. വോട്ടമര്‍ത്തിയ ശേഷം പുറത്തുകടന്നാല്‍ കൈയും കാലും യഥാസ്ഥാനത്തുണ്ടെന്ന് ഉറപ്പു വരുത്താന്‍ പോലും കഴിയാത്ത പരശ്ശതം പോളിംഗ് ബൂത്തുകള്‍ ഈ കേരളത്തില്‍ ഉണ്ടെന്നതത്രേ വസ്തുത. കാര്യം ദൈവത്തിന്റെ സ്വന്തം നാടെന്ന് പറഞ്ഞ് ആവേശം കൊള്ളുമെങ്കിലും ചെകുത്താന്‍മാരാണ് കൈകാര്യകര്‍ത്താക്കള്‍. അതുകൊണ്ടുതന്നെ ജനാധിപത്യ നടപടിക്രമങ്ങളൊക്കെ ഒരു പ്രഹസനത്തിന്റെ മുഖംമൂടിയ നിലയിലാണ്. നേരത്തെയുള്ള സ്ഥിതിഗതികളില്‍ ഇത്തിരി മാറ്റമൊക്കെ വന്നുവെങ്കിലും ആത്യന്തിക അവസ്ഥ അങ്ങനെ തന്നെ തുടരുകയാണ്.

നാം പറഞ്ഞുവന്നത് കള്ളവോട്ടിന്റെ കാണാപ്പുറത്തെക്കുറിച്ചാണല്ലോ. സത്യത്തില്‍ കള്ളവോട്ട് എന്നൊരു വോട്ടില്ല എന്നത് വ്യക്തം. കള്ളവണ്ടികയറുക എന്ന പ്രയോഗത്തില്‍ വണ്ടി കള്ളനല്ലെന്നതുപോലെ വോട്ടും കള്ളനല്ല. കള്ള തിരിച്ചറിയല്‍ വഴി ഒരാള്‍ വോട്ടു ചെയ്യുന്നു എന്നുമാത്രം. അതു കൊണ്ട് ഇനി മുതല്‍ കള്ളവോട്ടിനെ മറ്റെന്തെങ്കിലും പേരില്‍ വിശേഷിപ്പിക്കണമെന്നാണ് നമ്മുടെ തലശ്ശേരിക്കാരന്‍ ജനപ്രതിനിധി ആവശ്യപ്പെട്ടിരിക്കുന്നത്. ശരിക്കും ന്യായമാണ് ആ വാദം. വോട്ടെന്തു പിഴച്ചു? ആരു ചെയ്താലും വോട്ട് വോട്ടാണ്. മാന്യന്‍ ചെയ്താല്‍ മാന്യവോട്ട് കള്ളന്‍ ചെയ്താല്‍ കള്ള വോട്ട് എന്നിങ്ങനെ തരംതിരിക്കാന്‍ കഴിയില്ല. ആയതിനാല്‍ നമുക്ക് അതിനായി നല്ലൊരു പേരു തേടാവുന്നതാണ്.

തന്റെ പാര്‍ട്ടി ജയിക്കണമെന്ന അത്യാഗ്രഹത്തിന്റെ ബാക്കിപത്രമാണല്ലോ വാസ്തവത്തില്‍ ഇത്തരം വോട്ടുകള്‍. അതുകൊണ്ട് ഇതിനെ കള്ളവോട്ടില്‍ നിന്ന് മാറ്റി ആഗ്രഹവോട്ട്, സഹായകവോട്ട് തുടങ്ങിയ പേരുകള്‍ നല്‍കി വിശുദ്ധീകരിക്കാമെന്നാണ് തോന്നുന്നത്. കാരണം സമൂഹം പുതിയ പുതിയ മാര്‍ഗ്ഗങ്ങളിലൂടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. പഴഞ്ചന്‍ രീതികളും പേരുകളും മാറ്റേണ്ടതു തന്നെ. അതിനുള്ള നല്ല അന്തരീക്ഷമാണ് ഉരുത്തിരിഞ്ഞുവന്നിരിക്കുന്നത്. ജനാധിപത്യം പുഷ്‌കലമാകുന്നത് ആ പ്രക്രിയയുമായി ജനങ്ങള്‍ സര്‍വാത്മനാ സഹകരിക്കുമ്പോഴാണ്. ഒരാള്‍ വോട്ടുചെയ്യാന്‍ പോകാതിരിക്കുമ്പോള്‍ ഈ പ്രക്രിയയെ അപമാനിക്കാനുള്ള അവസരമാണുണ്ടാവുക. ഉത്തരവാദപ്പെട്ട രാഷ്ട്രീയ കക്ഷികള്‍ക്ക് അത് അനുവദിച്ചുകൊടുക്കാനാവില്ല. അതുകൊണ്ടാണ് അത്തരം വോട്ടുകള്‍ ചെയ്യാന്‍ അവര്‍ യുക്തിസഹമായ നടപടികള്‍ സ്വീകരിക്കുന്നത്. അങ്ങനെ ചെയ്യുന്ന വോട്ടുകള്‍ ഒരിക്കലും കള്ളവോട്ടാകില്ല എന്നത് വ്യക്തമല്ലേ? മാത്രമല്ല ജനപ്രതിനിധി അത് അര്‍ത്ഥശങ്കക്കിടവരാത്തവിധം ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.

ജനപ്രതിനിധി പറഞ്ഞാല്‍ ജനങ്ങള്‍ പറഞ്ഞതുപോലെ തന്നെയല്ലേ? ജനങ്ങളുടെ ആധിപത്യമായ ജനാധിപത്യത്തില്‍ ഇത്തരം വോട്ടുകള്‍ എത്രമാത്രം പ്രാധാന്യം അര്‍ഹിക്കുന്നു എന്ന് ഇപ്പോള്‍ മനസ്സിലായിക്കാണുമെന്ന് കരുതുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ കാലാകാലങ്ങളില്‍ എന്തൊക്കെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇനിയും മാറ്റങ്ങള്‍ അനിവാര്യമാവാം. അതിനനുസരിച്ച് മാറുകയത്രേ കരണീയം. വോട്ടിന്റെ മനശ്ശാസ്ത്രത്തില്‍ നിന്ന് നോട്ടിന്റെ മനഃശാസ്ത്രത്തിലേക്കുള്ള വഴിയില്‍ ഇത്തരം ഒട്ടേറെ പരിഷ്‌കാരങ്ങളിലൂടെ കടന്നുപോകേണ്ടിവരും. അങ്ങനെ പോകുമ്പോള്‍ ചെറിയ ചതവും ഉളുക്കും ഒക്കെ പറ്റിയെന്നു വരും. അതൊന്നും പ്രശ്‌നമായി കരുതി മുഖം തിരിക്കരുത്.

പ്രസന്ന മുഖത്തോടെ എന്തിനെയും സ്വാഗതം ചെയ്യുക. ബി പോസിറ്റീവ് എന്ന് സായ്‌വ് പറഞ്ഞത് എന്നിനാണെന്ന അറിയുമോ? പോസിറ്റീവായെങ്കിലേ പൊസിഷന്‍ നില നിര്‍ത്താന്‍ പറ്റൂ. ജനമായാലും ജനപ്രതിനിധി ആയാലും പൊസിഷന്‍ എന്നാല്‍ അതൊരു സംഭവമാണ്. അത് കളഞ്ഞ്കുളിക്കാന്‍ ആരും തയാറാവില്ല; ജനാധിപത്യോത്സവത്തില്‍ പ്രത്യേകിച്ചും. ആയതിനാല്‍ഇനി കള്ളവോട്ടില്ല; സഹായവോട്ട്, സ്‌നേഹവോട്ട്, ആഗ്രഹവോട്ട് എന്നിങ്ങനെ ഏതെങ്കിലും പേരു കൊടുക്കുന്നതാവും ഉചിതം. വെറും സിംപ്‌ളായ  കാര്യം വെറുതെ കടിച്ച്പറിച്ച് അലമ്പാക്കിയതിന് ഉത്തരവാദികളില്‍ നിന്ന് പിഴ ഈടാക്കേണ്ടതാണ്.

daslak@gmail.com

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.