പാലാരിവട്ടത്തെ ദുശ്ശാസനക്കുറുപ്പ്

Sunday 12 May 2019 5:47 am IST

പങ്കാളിത്ത ജനാധിപത്യം പൂത്തുലഞ്ഞുനില്‍ക്കുന്ന വശ്യ മനോഹരമായ കാഴ്ചയാണ് ഇപ്പോള്‍ പാലാരിവട്ടം മേല്‍പ്പാലത്തില്‍. മണിക്കൂറില്‍ ആയിരത്തിലേറെ വാഹനങ്ങള്‍ ഇടതടവില്ലാതെ പാഞ്ഞുകൊണ്ടിരുന്ന ഇവിടം ഇപ്പോള്‍ നിശ്ശബ്ദം, ശൂന്യം. കണ്ണൂര്‍ വിമാനത്താവളവും കൊച്ചി മെട്രോയും കൊല്ലം ബൈപ്പാസുമൊക്കെ പോരല്ലോ നമുക്ക് ആനന്ദിക്കാന്‍. പണിതീര്‍ന്ന് മൂന്ന് കൊല്ലം കൊണ്ട് അടിത്തൂണ്‍ ആടിത്തുടങ്ങിയ പാലാരിവട്ടത്തെ മഹത്തായ ഈ ജനാധിപത്യപ്രതീകം കൂടി ഉയര്‍ത്തിക്കാട്ടണം. 

പാലം മുഖം മിനുക്കി ദുശ്ശാസനക്കുറുപ്പും ശിഖണ്ഡിപ്പിള്ളയും ഇസഹാക്ക് തരകനുമൊക്കെക്കൂടി കെട്ടുകാഴ്ച നടത്തി ഉദ്ഘാടിച്ചതിന്റെ മൂന്നാം മാസം മുതല്‍ പങ്കാളിത്ത ജനാധിപത്യം അതിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയിരുന്നു പോലും. ചൊറിയും ചിരങ്ങും ബാധിച്ചതുപോലെ അവിടവിടെ പൊരിഞ്ഞിളകല്‍... പൊതുമരാമത്ത് വകുപ്പില്‍ പണ്ടേ പരമ്പരാഗതമായി ബ്യൂട്ടീഷന്മാര്‍ ധാരാളമുള്ളതുകൊണ്ട് പുട്ടിയിട്ട് കുഴിയടച്ച് മുഖം മിനുക്കലായിരുന്നു പരിഹാരം. 

മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ രാജപ്പാ.... ടാറ് നീങ്ങി, സ്ലാബ് കണ്ടു. സ്ലാബ് നീങ്ങി കമ്പി കണ്ടു. എന്നിട്ടും ബ്രൂട്ടീഷന്‍സ് പുട്ടിയടിയില്‍ പാലം ഭദ്രമെന്ന് വിളിച്ചുപറഞ്ഞു. ഒടുവിലിപ്പോള്‍ പണിയറിയുന്നവര്‍, പഠിപ്പുള്ളവര്‍ ഐഐടി വിദഗ്ധര്‍ പറയുന്നു, പാലം പണിതരും....  അതോണ്ട് പൊളിച്ചുപണിയണം. പൊളിച്ചുപണിയണമെന്ന് പറയരുതെന്ന് വകുപ്പ് മന്ത്രി മഹാകവി. പകരം പുനഃസ്ഥാപിക്കണം ... അതുമതി. 

ആരോട് പറയാന്‍? ദുശ്ശാസനക്കുറുപ്പ് ഭാര്യ മണ്‌ഡോദരിയെയും പിള്ളാരെയും പിറുങ്ങണികളെയുമൊക്കെക്കൂട്ടി യൂറോപ്പ് കറങ്ങാന്‍പോയി. നവകേരളം ഉണ്ടാക്കണം. നവോത്ഥാനം വരുത്തണം. ഡാം തുറന്നുവിടാതെതന്നെ പ്രളയം ഉണ്ടാക്കണം..... ഇതൊക്കെക്കൂടി എങ്ങനെ ഉണ്ടാക്കണമെന്ന് പഠിക്കണം. ഇതെല്ലാംകൂടി ഒറ്റയ്ക്ക് നോക്കാന്‍ ആകെയൊരു ദുശ്ശാസനക്കുറുപ്പേ ഉള്ളൂ. അവധിക്കാല സുഖവാസമെന്നൊക്കെ ആക്ഷേപിക്കുന്നവരോട് മടങ്ങിനാട്ടില്‍ വരുമ്പോള്‍ 'മാറിനില്‍ക്കങ്ങോട്ട്, കടക്ക് പുറത്ത്' എന്നൊക്കെ പറഞ്ഞാല്‍ മതി. 

പാവങ്ങളാണ്. ആക്ഷേപിച്ചാലും ആട്ടുമ്പോള്‍ ഇളിച്ചുകൊണ്ട് സഹിച്ചോളും. സാഡിസ്റ്റുകളെയും ഫാസിസ്റ്റുകളെയും നേരിടാനാണല്ലോ പാര്‍ട്ടി ഒരു മാധ്യമസൗഹൃദ സമീപനം സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് ഭാര്യയെയും കൊച്ചുമോനേം കൂട്ടി നടത്തുന്ന യൂറോപ്യന്‍ യാത്രയുടെ ഗുണഫലങ്ങളെക്കുറിച്ച് പാര്‍ട്ടിച്ചാനല്‍ വഴി നാട്ടുകാരോട് പറഞ്ഞുകൊടുത്താല്‍ മതി. കാശിനാവശ്യമുള്ള പിന്നെയും ചാനലുകള്‍ ഉള്ളതുകൊണ്ട് നാം മുന്നോട്ടോ പിന്നോട്ടോ എന്നൊക്കെ ചോദിച്ചു നേരം കളഞ്ഞുകൊള്ളും....

ഇതിനൊക്കെയിടയില്‍ പാലാരിവട്ടത്തെ പഞ്ചവടിപ്പാലമൊക്കെ എന്ത്? വികസിക്കാനിടമില്ലാത്ത വിധം വികസിക്കേണ്ടിയിരുന്നതാണ് കേരളത്തില്‍ ദേശീയപാത. ശ്രീധരന്‍പിള്ള കത്തയച്ച് അത് മുടക്കിയെന്ന് പറഞ്ഞപ്പോള്‍ അതില്‍തീര്‍ന്നല്ലോ പഞ്ചവടിപ്പാലത്തിന്റെ കഥ. കുറുപ്പ് അങ്ങനെയാണ്. കടിച്ചാല്‍ ഒരു പ്രയോജനവുമില്ലാത്ത എല്ലിന്‍കഷ്ണമെറിഞ്ഞാണ് ദുശ്ശാസനക്കുറുപ്പ് ഈ പങ്കാളിത്തജനാധിപത്യത്തെ ഇത്രകാലം കാത്തുസൂക്ഷിച്ചത്. ശ്രീധരന്‍പിള്ളയുടെ കത്തും കടിച്ചുപറിച്ച് അന്തിച്ചര്‍ച്ചകള്‍ കൊഴുത്തപ്പോള്‍ അതിനിടയില്‍ പാലം മുങ്ങി. ദുശ്ശാസനക്കുറുപ്പും മുങ്ങി. 

അതങ്ങനെയാണ് എന്നും. ഡാമായ ഡാമൊക്കെ തുറന്നുവിട്ടിട്ട് അര്‍ധരാത്രിയില്‍ കുറുപ്പും മന്ത്രിമാരും യോഗം ചേര്‍ന്നത് ചിറ്റപ്പന്‍ മന്ത്രിയെ പുനഃസ്ഥാപിക്കാനായിരുന്നല്ലോ..... നാട്ടുകാര്‍ വെള്ളത്തില്‍ മുങ്ങിത്താഴുമ്പോള്‍ ഇടതും വലതുംചേര്‍ന്ന് ചിറ്റപ്പന്റെ സത്യപ്രതിജ്ഞ കൊഴുപ്പിക്കുകയായിരുന്നു. പ്രളയത്തിന്റെ പേരില്‍ ജനം തിരിഞ്ഞപ്പോള്‍ ബിന്ദുഅമ്മിണിയെയും കനകദുര്‍ഗയെയുമൊക്കെക്കൂട്ടി മല കയറാനായി തീരുമാനം. ശ്രീലങ്കയില്‍ പോയി പൊട്ടിത്തെറിച്ച ധീരവിപ്ലവകാരികളൊക്കെ നമ്പര്‍  വണ്‍ കേരളത്തിന്റെ സന്തതികളാണെന്ന് കേട്ടവാറെ ദുശ്ശാസനക്കുറുപ്പ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കണ്ണിക്കേട് കണ്ടെത്തി. കോടികളുടെ പാലം താഴേക്കുപോകുമെന്ന് വന്നപ്പോള്‍ ശ്രീധരന്‍പിള്ളയുടെ കത്തിറക്കി. ദോഷം പറയരുതല്ലോ... ഇത്രതോനെ തിരക്കുണ്ടായിട്ടും ഒറ്റ വിദേശയാത്രയും കുറുപ്പ് മുടക്കിയിട്ടില്ല. അതിപ്പം അമേരിക്കയില്‍ പോയി പിഞ്ഞാണം വാങ്ങാനായാലും യുഎന്നില്‍ പോയി വെള്ളപ്പൊക്കം ഉണ്ടാക്കാനായാലും ഒരു മടിയും കൂടാതെ പാര്‍ട്ടിയുടെ യശസ്സ് ഉയര്‍ത്തിപ്പിടിക്കും ദുശ്ശാസനക്കുറുപ്പ്.

ഒസാമബിന്‍ലാദന്റെ കാമുകനും ഒബാമയുടെ ശത്രുവുമായ മഹാകവി ജി. സുധാകരനാണ് പൊതുമരാമത്തിന്റെ ആകെ മുതലാളി. പണ്ടേ ഹംസക്കുണ്ടെന്നും ഇബ്രാഹിം കുഴിയെന്നുമൊക്കെ പേരിട്ട് നാട്ടുകാര്‍ വിളിച്ച കൂറ്റന്‍ ഗട്ടറുകളുടെ സ്വന്തമാണ് നമ്മുടെ റോഡുകള്‍. ഒരിക്കല്‍ ഹൈക്കോടതി പിന്നാലെ നടന്ന് കുഴിയടയ്ക്കാന്‍ പറഞ്ഞിട്ടുണ്ട് കേരളത്തിലെ മന്ത്രിമാരോട്. പൊതുമരാമത്ത് എന്നു പറഞ്ഞാലേ ഒരു തരം ഓട്ടയടയ്ക്കലാണ് കേരളത്തില്‍. 

നാട്ടുകാരുടെ നികുതിപ്പണം പോക്കറ്റിലാക്കി ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കുന്നതിലുള്ള ഐക്യബോധമാണ് നമ്മുടെ പേരുകേട്ട ജനാധിപത്യത്തിന്റെ സവിശേഷത. പരാതികളില്ല. കൊടിപിടിക്കലില്ല. ഉപരോധമോ സത്യാഗ്രഹമോ ഇല്ല. പ്രതിപക്ഷമോ ഭരണപക്ഷമോ ഇല്ല. എല്ലാവരും ഒരു മനസ്സ്. ഒറ്റക്കെട്ട്. പാലം പണിതത് ഞങ്ങളുടെ കാലത്തെന്ന് തള്ളിമറിച്ച ഇപ്പോഴത്തെ പ്രതിപക്ഷത്തെ മഷിയിട്ട് നോക്കിയിട്ട് കാണാനില്ല. 'കള്ള സിമന്റിന് കാവല്‍ നില്‍ക്കും കള്ള ശിഖണ്ഡീ സൂക്ഷിച്ചോ' എന്നുപോലുള്ള മുദ്രാവാക്യം വിളിയില്ല.... അതാണ് വീതംവെക്കലിലെ പങ്കാളിത്തം.... എവിടെക്കാണും ഇതുപോലെ മഹത്തായ വികസനത്തിലധിഷ്ഠിതമായ മഹത്തായ ജനാധിപത്യം. അതിനിനി അല്ലറ ചില്ലറ റിപ്പയര്‍ ആവശ്യമാണെങ്കില്‍ വകുപ്പിലെ ആസ്ഥാന ബ്യൂട്ടീഷന്മാര്‍ നോക്കിക്കോളും. അത് പൂരമായോ പ്രളയമായോ ഒക്കെ വരും. നമുക്ക് കിട്ടിയ അവസരംകൊണ്ട് കൊച്ചുമോനേം അവന്റെ അമ്മൂമ്മേം കൊണ്ട് നാട് കാണണം. പണ്ടേ പരിശ്രമിച്ചിരുന്നെങ്കില്‍ ഐഎന്‍എസ് വിരാടില്‍ത്തന്നെ യാത്ര നടത്താമായിരുന്നു എന്നാണ് ഇപ്പോഴത്തെ ഒരിത്....

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.