പരീക്ഷയില്‍ വിജയിക്കുന്നതുമാത്രമല്ല മികവ്

Sunday 12 May 2019 8:55 am IST

ഒരു പരീക്ഷയില്‍ തീര്‍ന്നുപോകുന്നതല്ല ജീവിതം. പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുമെങ്കിലും പരീക്ഷിച്ചു വിജയ പരാജയങ്ങളുടെ പേരില്‍ അവസാനിക്കുന്നില്ല ജീവിതം. എസ്എസ്എല്‍സിയോ അതിനും മുകളിലുള്ള പരീക്ഷകളോകൊണ്ടുമാത്രം ജീവിതം മാറ്റി എഴുതപ്പെടുമെന്നു വിശ്വസിക്കുന്നത്  ആത്മവിശ്വാസം ചോര്‍ന്ന്  അപകര്‍ഷത കൂടുവെക്കാനുള്ള വഴിയൊരുക്കും. പരീക്ഷാക്കാലത്ത് റിസല്‍റ്റിന്റെ നിഴലായി ഇത്തരം അശുഭാപ്തികളും കടന്നു വരും. 

മുഴുവന്‍ എ പ്ലസ് കിട്ടാത്തവര്‍ മണ്ടന്മാരോ മികവില്ലാത്തവരോ ജീവിക്കാന്‍ കൊള്ളരുതാത്തവരോ ആണെന്ന് വിധി എഴുതുന്നതിലും വലിയ ക്രൂരതയില്ല. അത്തരം വിധിയെഴുത്തുകാരാണ് സാക്ഷാല്‍ മണ്ടശിരോമണികളെന്നു പറയേണ്ടിവരും. എല്ലാവര്‍ക്കും ഓരോ കഴിവുണ്ടെന്നിരിക്കെ എ ചിലര്‍ക്കു പഠിക്കാനാവും മികവ്. മറ്റുചിലര്‍ക്കാവട്ടെ മികവ് മറ്റേതെങ്കിലും വിഷയത്തിലായിരിക്കും. അവിടെ ഉയര്‍ന്ന മാര്‍ക്കുകിട്ടിയവനായിരിക്കും മണ്ടനെന്നു പറയേണ്ടിവരും!

ഇന്നു വലിയ സമ്മര്‍ദങ്ങള്‍ക്ക് അടിപ്പെട്ടാണ് വിദ്യാര്‍ഥികള്‍ പഠിക്കുന്നത്. പഠനം എന്നത് സ്വാഭാവിക സമ്മര്‍ദത്തിനു പുറമെയാണ് മാതാപിതാക്കളുടേയും ബന്ധുക്കളുടേയും അധ്യാപകരുടേയും സമ്മര്‍ദം. വിദ്യാര്‍ഥികളുടെ ആഭിരുചിക്കനുസരിച്ചല്ല മാതാപിതാക്കളുടെ ആഗ്രഹമനുസരിച്ചുവേണം പഠിക്കാന്‍ എന്നാണ് ഇന്നത്തെ അവസ്ഥ. സമൂഹത്തില്‍ വലിയ പൊങ്ങച്ചത്തിനും ദുരഭിമാനത്തിനുംവേണ്ടിയാണ് ഇത്തരം മാതാപിതാക്കള്‍ അവരുടെ മക്കളെ പഠിപ്പിക്കാനയക്കുന്നതെന്നുപോലും തോന്നിപ്പോകും.

മക്കളുടെ അവകാശമോ സ്വാതന്ത്ര്യമോ ജീവിതമോപോലും പരിഗണിക്കാതെ എന്‍ജിനിയറും ഡോക്ടറും ഐഎഎസുകാരുമാക്കാന്‍വേണ്ടി ശ്രമിക്കുമ്പോഴാണ് മാര്‍ക്കു കുറഞ്ഞതിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടാകുമെന്നു കരുതി പിടിച്ചു നില്‍ക്കാന്‍ ശക്തിയില്ലാതെ അത്തരം കുട്ടികള്‍ ആത്മഹത്യചെയ്യുന്നത്. സത്യം പറഞ്ഞാല്‍ ഇത്തരം സമ്മര്‍ദങ്ങളാണ് ആത്മഹത്യയിലേക്കു നയിക്കുന്നത്. ഇത്തവണയും പരീക്ഷയ്ക്കു മാര്‍ക്കു കുറഞ്ഞതിന്റെ പേരില്‍ നാലുകുട്ടികള്‍ ആത്മഹത്യ ചെയ്തു. ഇതിനിടയില്‍ എ പ്‌ളസ് കിട്ടാത്തതിന്റെ പേരില്‍ മകനെ മണ്‍വെട്ടിക്ക് ക്രൂരമായി തല്ലിച്ചതച്ച ഒരു അച്ഛന്റെ കഥയും കണ്ടു. ഇയാളൊരു മനുഷ്യനാണോ.

 മികച്ച വിജയം കൈവരിച്ചവരെ നമുക്ക് അഭിനന്ദിക്കാം. അവര്‍ മിടുക്കരാണ്. പക്ഷേ മാര്‍ക്കു കുറഞ്ഞവനും തോറ്റവനും മിടുക്കരാണ്. അവനില്‍ നാംകാണാത്ത , പ്രത്യക്ഷത്തില്‍ പ്രകടമാകാത്ത മികവ് ഒളിച്ചിരിക്കുന്നുണ്ട്. അതുകണ്ടെത്തിയില്ലെന്നു മാത്രം. അതു കണ്ടെത്തണം. പഠിക്കാനായിരിക്കില്ല കലയിലോ സാഹിത്യത്തിലോ സാങ്കേതിക വിദ്യയിലോ ആയിരിക്കാം അവന്റെ അവരുടെ കഴിവ്.

അവന്‍ നാളെ വലിയൊരു സംഗീതകാനോ ചിത്രകാരനോ, എഴുത്തുകാരനോ ശാസ്ത്രജ്ഞനോ രാഷ്ട്രതന്ത്രജ്ഞനോ ആയിത്തീര്‍ന്നെന്നു വരാം. ഇഷ്ടമില്ലാത്ത വിഷയങ്ങളും നിര്‍ബന്ധബുദ്ധിയോടെ പഠിക്കേണ്ടി വന്നതിനാലാവും അവര്‍ തോറ്റുപോയത്. ചരിത്രത്തെ തിരുത്തിക്കുറിച്ച വലിയ ശാസ്ത്രജ്ഞരുള്‍പ്പടെയുള്ളവരില്‍ പലരും പഠനത്തില്‍ മികവുകാണിക്കാത്തവരായിരുന്നു. 

നമ്മുടെ വിദ്യാഭ്യാസ രീതിയാണ് വിദ്യാര്‍ഥികളെ തോല്‍പ്പിക്കുന്നത്. മികവില്ലാത്തവരാക്കി മുദ്രകുത്താന്‍ ഇടയാക്കുന്നത്. ഒരു വിദ്യാര്‍ഥിയെ അവന്റെ അഭിരുചിയനുസരിച്ച് വാര്‍ത്തെടുത്ത് കഴിവുകള്‍ സ്വന്തം ജീവിതത്തിനും രാജ്യത്തിനും മുതല്‍ക്കൂട്ടാക്കുന്നതിനു പകരം മടുപ്പുള്ള വിഷയങ്ങള്‍പോലും പഠിച്ച് ഉയര്‍ന്ന മാര്‍ക്കു കിട്ടിയാലേ മികവാകൂ എന്ന സര്‍ട്ടിഫിക്കറ്റ് വിദ്യാഭ്യാസത്തിന്റെ കാലപ്പഴക്കംവന്ന രീതികളില്‍ കരുങ്ങുകയാണ് വിദ്യാര്‍ഥികളുടെ ഭാവി. അതാണ് തിരുത്തേണ്ടത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.