ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പുതിയ ഐഎസ് പ്രവിശ്യ

Sunday 12 May 2019 10:30 am IST
ഐഎസ് സ്വാധീനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നുവെന്നു വ്യക്തമാക്കുന്ന അബു ബക്കര്‍ അല്‍ ബാഗ്ദാദിയുടെ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ ഈ പ്രസ്താവനയ്ക്ക് ഗൗരവമേറുന്നു. ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയെക്കുറിച്ചുള്ള ബാഗ്ദാദിയുടെ വാക്കുകളും അടുത്തിടെ ബംഗ്ലാദേശിന് വാഗ്ദാനങ്ങള്‍ നല്‍കിയതുമെല്ലാം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഐഎസ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

ന്യൂദല്‍ഹി: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പുതിയ പ്രവിശ്യക്ക് രൂപം നല്‍കിയെന്ന പ്രഖ്യാപനവുമായി ഐഎസ്. വിലായാഹ്-എ- ഹിന്ദ് എന്ന പ്രവിശ്യയെക്കുറിച്ചാണ് ഐഎസ് പ്രസ്താവന. എന്നാല്‍, ജമ്മു കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഐഎസ് ക്യാംപുകളെ കുറിച്ച് പ്രസ്താവനയില്‍ പരാമര്‍ശിച്ചിട്ടില്ല. ഷോപ്പിയാനാണ് പ്രവിശ്യയെന്നാണ് സൂചന.

ഐഎസ് സ്വാധീനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നുവെന്നു വ്യക്തമാക്കുന്ന അബു ബക്കര്‍ അല്‍ ബാഗ്ദാദിയുടെ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ ഈ പ്രസ്താവനയ്ക്ക് ഗൗരവമേറുന്നു. ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയെക്കുറിച്ചുള്ള ബാഗ്ദാദിയുടെ വാക്കുകളും അടുത്തിടെ ബംഗ്ലാദേശിന് വാഗ്ദാനങ്ങള്‍ നല്‍കിയതുമെല്ലാം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഐഎസ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഐഎസ് പ്രസ്താവനയും അതിലെ സൂചനകളും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്.

ഓണ്‍ലൈനിലൂടെ യുവാക്കളിലേക്ക് തീവ്ര ആശയങ്ങള്‍ പ്രചരിപ്പിച്ച്, പടിപടിയായി ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യിക്കുകയാണ് ഐഎസ് രീതി. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌ക്കറെ തയ്ബ തുടങ്ങിയ സംഘടനകളെ അപേക്ഷിച്ച് ഐഎസ് കൂടുതല്‍ അപകടകാരിയാകുന്നതും ഇതിനാലാണ്. 

ഖൊറാസന്‍ പ്രവിശ്യ വഴിയായിരുന്നു ഇത്ര കാലവും ദക്ഷിണേഷ്യന്‍ മേഖലയെ ഐഎസ് നിയന്ത്രിച്ചിരുന്നത്. എന്നാല്‍, പുതിയ പ്രവിശ്യ രൂപീകൃതമാകുന്നതോടെ ഐഎസ് നേരിട്ടായിരിക്കും കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക.

ഐഎസിന്റെ ദക്ഷിണേഷ്യന്‍ വാര്‍ത്താവിനിമയ ചാനലായ അല്‍-ഖരാറാണ് പുതിയ പ്രവിശ്യയെ കുറിച്ചുള്ള പ്രസ്താവന പുറത്തുവിട്ടത്. കശ്മീരികള്‍ ആത്മത്യാഗത്തിന് തയാറാകണമെന്നും കൊല്ലപ്പെട്ട ഓരോ ഐഎസ് ഭീകരന്റെയും ജീവന് പകരം കശ്മീര്‍ താഴ്‌വരയില്‍ രണ്ട് ജീവന്‍ വീതം വീഴണമെന്നും പ്രസ്താവനയില്‍ ആഹ്വാനം ചെയ്യുന്നു. 

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കശ്മീരി യുവാക്കള്‍ നിയന്ത്രിക്കുന്ന രണ്ട് ഐഎസ് ഘടകങ്ങളെ ഇല്ലാതാക്കാന്‍ ദല്‍ഹി പോലീസിന് കഴിഞ്ഞിരുന്നു. യുപിയിലെ ആയുധ വ്യാപാരിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴായിരുന്നു ഇവരെ പോലീസ് പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.