ചെയര്‍മാന്‍ സ്ഥാനത്തിന് ജോസ് കെ. മാണി നീക്കം ശക്തമാക്കി

Sunday 12 May 2019 3:49 pm IST

കോട്ടയം: കേരള കോണ്‍ഗ്രസില്‍ പദവികള്‍ സംബന്ധിച്ച് ഭിന്നത രൂക്ഷമായി. ഒഴിഞ്ഞുകിടക്കുന്ന ചെയര്‍മാന്‍ സ്ഥാനത്തിനായി ജോസ് കെ. മാണി വിഭാഗം നീക്കം ശക്തമാക്കി. ഇതിന്റെ ഭാഗമായി ജോസ് കെ. മാണിയെ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനാക്കണമെന്ന് ഒന്‍പത് ജില്ലാ പ്രസിഡന്റുമാര്‍ പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസിനെ കണ്ട് ആവശ്യം ഉന്നയിച്ചു.

പത്ത് ജില്ലകളിലെ പ്രസിഡന്റുമാര്‍ മാണി വിഭാഗത്തിലുള്ളവരാണ്. ഇതിലെ ഒന്‍പതുപേരാണ് സി.എഫ്. തോമസിനെ സന്ദര്‍ശിച്ച് ആവശ്യമുന്നയിച്ചത്. സി.എഫ്. തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകണമെന്നും ജോസ് കെ.മാണിയെ അനുകൂലിക്കുന്നവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, സി.എഫ്. തോമസ് നീക്കത്തോട് അതൃപ്തി പ്രകടിപ്പിച്ചതായാണ് സൂചന. പാര്‍ട്ടിയിലെ അധികാരത്തര്‍ക്കം വഷളാക്കരുതെന്ന് ജില്ലാ പ്രസിഡന്റുമാരോട് സി.എഫ്. തോമസ് പറഞ്ഞു.

പാര്‍ട്ടി പദവികളില്‍ വൈകാതെ തീരുമാനമുണ്ടാകുമെന്നാണ് ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞത്. ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് പി.ജെ. ജോസഫ് പറയുന്നു. പാര്‍ട്ടി ചുമതലകളില്‍ നിന്ന് പി.ജെ. ജോസഫ് വിഭാഗത്തെ നീക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ജോസ് കെ. മാണി വിഭാഗത്തിന്റെ ഇപ്പോഴത്തെ നീക്കം. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തിനൊപ്പം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സ്ഥാനവും ആവശ്യപ്പെടുന്നത് ഈ ഉദ്ദേശത്തോടെയാണ്. എന്നാല്‍, പി.ജെ. ജോസഫിനെ ചെയര്‍മാന്‍ സ്ഥാനത്തെത്തിക്കാന്‍ അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗവും നീക്കം ശക്തമാക്കി. 

പി.ജെ. ജോസഫ് പാര്‍ട്ടി ചെയര്‍മാനാകണമെന്ന നിലപാടാണ് ഒരു വിഭാഗത്തിനുള്ളത്. പാര്‍ട്ടിയുടെ പ്രധാന സ്ഥാനങ്ങളില്‍ പി.ജെ. ജോസഫ് എത്തുന്നതില്‍ ജോസ് കെ. മാണിക്ക് താല്‍പര്യമില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതലാണ് ജോസ് കെ. മാണിയും പി.ജെ. ജോസഫും തമ്മില്‍ അകല്‍ച്ച തുടങ്ങിയത്. നിഷാ ജോസ് കെ. മാണിയെ കോട്ടയത്ത് മത്സരിപ്പിക്കാന്‍ നീക്കമുണ്ടായിരുന്നു. ഈ നീക്കത്തെ ജോസഫ് വിഭാഗം എതിര്‍ത്തതോടെയാണ് തര്‍ക്കം തുടങ്ങിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പി.ജെ. ജോസഫിനെതിരെയുള്ള നീക്കം ശക്തമാക്കി. ഇതിന്റെ ഭാഗമായിരുന്നു കേരളാ കോണ്‍ഗ്രസിന്റെ മുഖപത്രമായ പ്രതിച്ഛായയില്‍ പത്രാധിപര്‍ ഡോ. കുര്യാസ് കുമ്പളക്കുഴിയുടെ ലേഖനത്തിലെ ജോസഫിനെതിരെയുള്ള വിമര്‍ശനം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.