പാക്കിസ്ഥാനിലെ ഭീകര ആക്രമണത്തില്‍ നാല് മരണം

Monday 13 May 2019 1:58 am IST

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ മേഖലയിലെ ആഡംബര ഹോട്ടലില്‍ ശനിയാഴ്ച വൈകിട്ടുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും മൂന്ന് ഭീകരരുമുള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. തുറമുഖ നഗരമായ ഗ്വാദാറിലെ പേള്‍ കോണ്ടിനെന്റല്‍ ആഡംബര ഫൈവ് സ്റ്റാര്‍ ഹോട്ടലിലായിരുന്നു ആക്രമണം. ആക്രമണം നടത്തിയ ഭീകരരെയെല്ലാം വധിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

ഹോട്ടലിലേക്ക് റോക്കറ്റ് ലോഞ്ചറുകള്‍ ഉള്‍പ്പെടെ ആയുധങ്ങളുമായി ഇരച്ചു കയറിയ ഭീകരരെ ഏറ്റുമുട്ടലിലാണ് സൈന്യം തുരത്തിയത്. പാക്കിസ്ഥാനില്‍ സ്വയംഭരണാവകാശത്തിനായി പോരാടുന്ന ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ചൈനയിലേയും മറ്റ് വിദേശ രാജ്യങ്ങളിലേയും നിക്ഷേപകരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് അവര്‍ അയച്ച ഇ മെയിലില്‍ പറയുന്നു. ചൈന-പാക്ക് സാമ്പത്തിക ഇടനാഴി ഉള്‍പ്പെടെ തന്ത്രപ്രധാനമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഭാഗമാണ് ഗ്വാദാര്‍ തുറമുഖമേഖല.

പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയായ ബലൂചിസ്ഥാനില്‍, പാക്കിസ്ഥാന്‍ താലിബാന്‍ ഗ്രൂപ്പായ തെഹ്‌രിക്-ഇ താലിബാന്‍ പാക്കിസ്ഥാന്‍, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി, സുന്നി ഗ്രൂപ്പായ ലഷ്‌കര്‍ ഇ ജാങ്‌വി എന്നിവയുടെ സ്വാധീനം ശക്തമാണ്. 

 കഴിഞ്ഞ മാസം കറാച്ചിയില്‍ നിന്ന് ഗ്വാദാറിലേക്ക് പോകുന്ന ബസിനു നേരെയുണ്ടായ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. കൂടാതെ ലാഹോറിലെ സൂഫി പള്ളിക്ക് പുറത്തുണ്ടായ ആക്രമണത്തില്‍ 10 പേരും കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസത്തെ ആക്രമണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.