കേരളത്തില്‍ ഐഎസുണ്ട്

Monday 13 May 2019 3:28 am IST
അല്‍ഖ്വയ്ദ പോലുള്ള ആഗോള ഭീകര സംഘടനകളുമായി വലിയ ബന്ധമില്ലാതിരുന്ന ഇന്ത്യന്‍ പൗരന്മാര്‍, 2018ല്‍ കൂടുതലായി ഐഎസില്‍ ചേര്‍ന്നുവെന്ന് പിക്‌സ് പറയുന്നു. ഐഎസിന് മുന്‍പില്ലാത്ത പിന്തുണയാണ് ഇന്ത്യയില്‍ നിന്ന് ലഭിച്ചത്. ഇന്ത്യക്കാര്‍, പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ളവര്‍ മറ്റേതു സംഘടനയേക്കാളും ഐഎസിലേക്കാണ് ആകര്‍ഷിക്കപ്പെട്ടത്.

ഇസ്ലാമാബാദ്: അന്താരാഷ്ട്ര ഭീകര സംഘടനയായ ഐഎസിന് കേരളത്തില്‍ വേരുകളുണ്ടെന്ന് പാക് സംഘടന. ഐഎസിന് കേരളവുമായുള്ള വ്യക്തമായ ബന്ധം ചൂണ്ടിക്കാട്ടി ഇസ്ലാമാബാദിലെ പാക്കിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോണ്‍ഫ്‌ളിക്ട് ആന്‍ഡ് സെക്യൂരിറ്റി സ്റ്റഡീസ് (പിക്‌സ്) എന്ന ഗവേഷണ സംഘടനയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 

അല്‍ഖ്വയ്ദ പോലുള്ള ആഗോള ഭീകര സംഘടനകളുമായി വലിയ ബന്ധമില്ലാതിരുന്ന ഇന്ത്യന്‍ പൗരന്മാര്‍, 2018ല്‍ കൂടുതലായി ഐഎസില്‍ ചേര്‍ന്നുവെന്ന് പിക്‌സ് പറയുന്നു. ഐഎസിന് മുന്‍പില്ലാത്ത പിന്തുണയാണ് ഇന്ത്യയില്‍ നിന്ന് ലഭിച്ചത്. ഇന്ത്യക്കാര്‍, പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ളവര്‍ മറ്റേതു സംഘടനയേക്കാളും ഐഎസിലേക്കാണ് ആകര്‍ഷിക്കപ്പെട്ടത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നിന്ന് കുറഞ്ഞത് 54 പേരെങ്കിലും ഐഎസില്‍ ചേര്‍ന്നു. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍ തുടങ്ങി നല്ല വിദ്യാഭ്യാസമുള്ളവരാണ് ഇവരിലേറെയും. സിറിയയിലോ ഇറാഖിലോ ഉള്ള ഐഎസില്‍ ചേരുന്നതിനേക്കാള്‍ കൂടുതല്‍ അഫ്ഗാനിസ്ഥാനിലെ ഘൊറാസാന്‍ ഗ്രൂപ്പിലാണ് ഇവര്‍ ചേരുന്നത്, റിപ്പോര്‍ട്ടില്‍ പറയുന്നു.

 

കേരളത്തില്‍ നിന്ന് അനവധി പേര്‍ ഐഎസില്‍ ചേര്‍ന്നതായി നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇവരില്‍ പലരും കൊല്ലപ്പെട്ടിട്ടുണ്ട്. രാജ്യസുരക്ഷ, ഭീകരത തുടങ്ങിയ വിഷയങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കുന്ന പാക് ഗവേഷണ സ്ഥാപനവും ഇക്കാര്യം കണ്ടെത്തി തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയെന്നതാണ് ഇതിന്റെ പ്രാധാന്യം. അതില്‍ കേരളത്തെക്കുറിച്ച്  വിശദമായി പ്രതിപാദിക്കുന്നുവെന്നതും ശ്രദ്ധേയം.

ഐഎസ് ജമ്മു കശ്മീരിലും കടന്നെത്തിയതായി റിപ്പോര്‍ട്ടിന്റെ 25-ാം പേജില്‍ പറയുന്നു. അടുത്തിടെ കൊല്ലപ്പെട്ട ചില ഭീകരരെ ഐഎസ്പതാക പുതപ്പിച്ച് സംസ്‌ക്കരിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പ്രകടനങ്ങള്‍ക്കിടെ ഐഎസ് പതാകയേന്തിയ കാര്യവും  ഇതിലുണ്ട്.

പിക്‌സ്

2014ല്‍ പാക് മുന്‍ വിദേശകാര്യ സെക്രട്ടറി അക്രം സാഖി സ്ഥാപിച്ച പിക്‌സ് പ്രതിരോധം, രാജ്യസുരക്ഷ തുടങ്ങിയവയിലെ വിവരങ്ങള്‍ ശേഖരിച്ച് പഠിച്ച് വിലയിരുത്തുന്ന സ്ഥാപനമാണ്. ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള നിരവധി വിവരങ്ങളും ഇവരുടെ പക്കലുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.