തിരുവനന്തപുരം: സഹകരണമേഖലയിലെ അരക്ഷിതാവസ്ഥ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് സഹകാര്‍ ഭാരതി സംസ്ഥാന പ്രസിഡന്റ് പി. സുധാകരന്. സഹകാര്‍ ഭാരതിയുടെ സംസ്ഥാനതല മെമ്പര്‍ഷിപ്പ് വിതരണം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നു വര്‍ഷമായിട്ടും സഹകരണ മേഖലയ്ക്ക് യാതൊരു പദ്ധതികളും നടപ്പാക്കിയില്ല. കേരള ബാങ്ക് രൂപീകരിക്കാന്‍ ജില്ലാ സഹകരണ ബാങ്കുകളെ സര്‍ക്കാരിന്റെ ഭാഗമാക്കി. ഇത് സഹകരണ സംഘങ്ങളെ പ്രതിസന്ധിയിലാക്കി. സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചു. സഹകരണ സംഘങ്ങളെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇപ്പോള്‍ കേരള ബാങ്കും പ്രതിസന്ധിയിലായി. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന സഹകരണ സംഘങ്ങളെ ഇല്ലായ്മ ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുധാകരന് പറഞ്ഞു.
കൊടുങ്ങാനൂര്‍ ജോയിന്റ് ഫാമിങ് സഹകരണ സംഘത്തില്‍ മെമ്പര്‍ഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം പി. സുധാകരന് സംഘം പ്രസിഡന്റ് അനില്‍ രവീന്ദ്രന് നല്കി നിര്‍വഹിച്ചു. സഹകാര്‍ ഭാരതി തിരുവനന്തപുരം താലൂക്ക് പ്രസിഡന്റ് പ്രസന്നകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സംഘടനാ സെക്രട്ടറി ഹരികുമാര്‍, ജയദേവന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: