ആലപ്പുഴ: യാത്രയ്ക്കിടയിലെ അതിക്രമങ്ങളും ദുരനുഭവങ്ങളും തടയുന്നതിനായി പൊതുജനങ്ങള്‍ക്ക് പോലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ സേവനം. ‘ക്യുകോപ്പി’ എന്നറിയപ്പെടുന്ന ഈ ആപ്ലിക്കേഷന്‍ ഗൂഗിളിന്റെ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. യാത്രാവേളകളില്‍ അനുഭവപ്പെടുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ലക്ഷ്യം.
പോലീസില്‍ അറിയിക്കണമെന്ന് തോന്നുന്ന രഹസ്യ സ്വഭാവമുള്ളതും അല്ലാത്തതുമായ വിവരങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് ഈ ആപ്പ് യാത്രക്കാരെ സഹായിക്കും. പോലീസിന് ജനങ്ങളിലേക്ക് എത്തിക്കേണ്ട നിര്‍ദേശങ്ങള്‍ വേഗത്തില്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനും ഈ ആപ്പിന് കഴിയും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രയോജനപ്പെടുന്നതാണിത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യാത്രാവേളയില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങള്‍ പോലീസില്‍ അറിയിക്കാന്‍ ആപ്പ് പ്രയോജനകരമാണ്.
യാത്ര ചെയ്യുന്ന വാഹനത്തിന്റെ നമ്പറും ലൊക്കേഷന്‍ അടക്കമുള്ള വിവരങ്ങളും ഉടനടി പോലീസിനെ അറിയിക്കാം. ഗതാഗതക്കുരുക്ക് തത്സമയം അറിയാനുള്ള സംവിധാനവും ഈ ആപ്പിലുണ്ട്. എവിടെയൊക്കെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി വഴി തിരിച്ചുവിട്ടിട്ടുള്ളത്, അപകടങ്ങളോ മറ്റോ മൂലം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും ആപ്പ് അറിയിക്കും.
പോലീസിന്റെ അലര്‍ട്ട് നമ്പറായ 9497915555 സേവ് ചെയ്ത ശേഷം പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാം. ക്യൂആര്‍ കോഡ് ഉപയോഗിച്ചും ആപ്പില്‍ പ്രവേശിക്കാം. കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ സ്റ്റാര്‍ട്ടപ്പ് ആയ ക്യുകോപ്പി ഓണ്‍ലൈന്‍ സര്‍വീസുമായി സഹകരിച്ചാണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: