എംസി റോഡില്‍ വാഹനാപകടം; ഇരുപതോളം പേര്‍ക്ക് പരിക്ക്

Monday 13 May 2019 12:32 pm IST

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ എംസി റോഡിലെ കടുവാളില്‍ ടൂറിസ്റ്റ് ബസ്സും സ്‌കൂള്‍ ബസും  തമ്മില്‍ കൂട്ടി ഇടിച്ച് ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

ഞായറാഴ്ച വൈകിട്ട് 3.30ന് ആണ് അപകടം. ഗുരുവായൂരില്‍ നിന്ന് കീഴില്ലത്തേക്ക് വിവാഹ പാര്‍ട്ടി സഞ്ചരിച്ച ആബേല്‍ എന്ന ടൂറിസ്റ്റ് ബസും പാലക്കാട് സ്‌കൂളില്‍ നിന്ന് പെരുമ്പാവൂരുകാര്‍ വാങ്ങിക്കൊണ്ടുവന്ന മിനി ബസും തമ്മിലാണ് ഇടിച്ചത്. ബസുകള്‍ക്ക് ഇടയിലൂടെ അപകടകരമായ രീതിയില്‍ ഓടിച്ചു വന്ന ബൈക്ക് യാത്രക്കാരെ രക്ഷപ്പെടുത്തുന്നതിനിടയിലാണ് ബസുകള്‍ തമ്മില്‍ ഇടിച്ചത്. ബൈക്ക് യാത്രക്കാര്‍ക്കും മറ്റൊരു സ്‌കൂട്ടറിലെ യാത്രക്കാര്‍ക്കും പരിക്കേറ്റു. മിനി ബസ് പെരുമ്പാവൂര്‍ ടൗണ്‍ ഭാഗത്ത് നിന്ന് വരികയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് റോഡിന് അരികിലുള്ള കെട്ടിടവും സമീപത്തെ ഇലക്ട്രിക് പോസ്റ്റും തകര്‍ത്താണ് നിന്നത്. അപകടത്തെ തുടര്‍ന്ന് എംസിറോഡില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പിന്നീട് പോലീസും ഫയര്‍ഫോഴ്‌സും എത്തി വാഹനങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.