ഫോനി: മരണസംഖ്യ 64 ആയി

Monday 13 May 2019 6:12 pm IST

ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റില്‍ 21 പേരുടെ മരണം കൂടി സ്ഥിരീകരിച്ച് ഒഡീഷ സര്‍ക്കാര്‍. ഇതോടെ മരണസംഖ്യ 43ല്‍ നിന്ന് 64 ആയി. പുരി ജില്ലയില്‍ മാത്രം 39 പേര്‍ മരിച്ചുവെന്നാണ് സ്‌പെഷ്യല്‍ റിലീഫ് കമ്മീണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മരിച്ച 64 പേരില്‍ മതില്‍ പൊളിഞ്ഞ് വീണാണ് 25 പേര്‍ മരിച്ചത്.

മരങ്ങള്‍, വൈദ്യുതി പോസ്റ്റുകള്‍, പരസ്യപ്പലകകള്‍ എന്നിവ  കടപുഴകി ദേഹത്തു വീണ് 20 പേര്‍ മരിച്ചു. മേല്‍ക്കൂര പൊളിഞ്ഞ് വീണ് മുറിവേറ്റാണ് ആറ് പേര്‍ മരിച്ചത്. ബാക്കിയുള്ള 13 പേരുടെ മരണകാരണം പരിശോധിക്കുന്നതേയുള്ളൂവെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു. 1999ലുണ്ടായ സുപ്പര്‍ ചുഴലിക്കാറ്റിന് ശേഷം ഒഡീഷയില്‍ വീശിയ മാരകമായ ചുഴലിക്കാറ്റാണ് ഫോനി.  

ഫോനിയില്‍ വീട് നശിച്ച എല്ലാവര്‍ക്കും വീട് നല്‍കുമെന്നും നാശനഷ്ടങ്ങളുടെ മൂല്ല്യ നിര്‍ണയത്തിനായി മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും ജൂണ്‍ ഒന്ന് മുതല്‍ നടപ്പാക്കി തുടങ്ങുമെന്നും മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പറഞ്ഞു.

സര്‍ക്കാരിന്റെ പ്രാഥമിക കണക്ക് പ്രകാരം അഞ്ച് ലക്ഷത്തോളം വീടുകളാണ് ഫോനിയില്‍ തകര്‍ന്നത്. പുരിയില്‍ മാത്രം 1.9 ലക്ഷം വീടുകള്‍ക്ക് നാശം സംഭവിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലായി 1,00,000 ഹെക്ടര്‍ കൃഷി ഭൂമിയും 30 ശതമാനത്തോളം കാര്‍ഷിക വിളകളും നശിച്ചു. 14 ലക്ഷത്തോളം മരങ്ങള്‍ കടപുഴകി വീണു.

നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്രസംഘമെത്തും

ഭുവനേശ്വര്‍: ഒഡീഷയിലെ തീരദേശ ജില്ലകളില്‍ ഫോനി ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്ര സംഘം. ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി വിവേക് ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള ഒമ്പത് പേരടങ്ങുന്ന സംഘം രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് നാശനഷ്ടങ്ങള്‍ വിലയിരുത്തുക. റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കും.   

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.