ഗള്‍ഫില്‍ സംഘര്‍ഷമിരമ്പുന്നു: സൗദി, യുഎഇ കപ്പലുകള്‍ തകര്‍ത്തു

Monday 13 May 2019 6:44 pm IST
വാണിജ്യ കപ്പലുകള്‍ക്കും സാധാരണ പൗരന്മാര്‍ക്കും നേരെയുള്ള ആക്രമണത്തെ സൗദി വിദേശകാര്യ മന്ത്രാലയം അപലപിച്ചു. സമുദ്രമാര്‍ഗത്തിലുടെയുള്ള യാത്രയ്ക്കുള്ള സുരക്ഷാ ഭീഷണിയാണ് സംഭവത്തിലൂടെ വ്യക്തമാകുന്നത്. ആഗോള സമാധനത്തെയും സുരക്ഷയെയും ഇത് ബാധിച്ചേക്കുമെന്നും സൗദി വ്യക്തമാക്കി.

റിയാദ്: ഗള്‍ഫ് മേഖലയില്‍ വീണ്ടും സംഘര്‍ഷത്തിന്റെ അലയൊലികള്‍. ഇറാനും അമേരിക്കയും തമ്മിലുള്ള പോര് മൂര്‍ച്ഛിച്ചതിനു പിന്നാലെ സൗദി അറേബ്യയുടെയും യുഎഇയുടെയും  കപ്പലുകള്‍ക്കു നേരെ ആക്രമണം. ഇതിനു പിന്നിലാരെന്ന് വ്യക്തമല്ല. എന്നാല്‍, സംശയമുന നീളുന്നത് ഇറാനു നേരെ. 

സൗദിയുടെ രണ്ട് എണ്ണക്കപ്പലുകളടക്കം നാല് വാണിജ്യക്കപ്പലുകള്‍ തകര്‍ത്തുവെന്ന് യുഎഇ സ്ഥിരീകരിച്ചു. പോര്‍ട്ട് ഫുജൈറയ്ക്ക് കിഴക്ക് വിധ്വംസക ശക്തികളാണ് കപ്പലുകള്‍ ആക്രമിച്ചതെന്നും യുഎഇ പറയുന്നു. ഏഴ് കപ്പലുകള്‍ സ്‌ഫോടനത്തിനിരയാക്കിയെന്ന വ്യാജ വാര്‍ത്ത പുറത്തുവന്നതിന് തൊട്ടടുത്ത ദിവസമാണ് ആക്രമണം.

സംഭവത്തില്‍ പ്രാദേശിക, അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണെന്നും ആള്‍നാശമോ എണ്ണ ചോര്‍ച്ചയോ ഉണ്ടായിട്ടില്ലെന്നും സൗദിഅറേബ്യ അറിയിച്ചു. സൗദിയുടെ ഓയില്‍ ടെര്‍മിനലില്‍ നിന്ന് അമേരിക്കയിലേക്കുള്ള ക്രൂഡ് ഓയില്‍ നിറയ്ക്കാനുള്ള യാത്രാ മധ്യേയാണ് ഒരു ടാങ്കര്‍ ആക്രമിക്കപ്പെട്ടത്.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അടുത്തിടെ ചൂടുപിടിച്ചിരുന്നു. ഇറാനില്‍ നിന്ന് ഭീഷണി നേരിടുന്നതായി അമേരിക്ക, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മേഖലയിലെ സൈനികശക്തി വര്‍ദ്ധിപ്പിക്കുന്നതിന് കൂടുതല്‍ ബോംബര്‍ വിമാനങ്ങളെ വിന്യാസിച്ചു. ഇതിനു പിന്നാലെയാണ് സൗദി, യുഎഇ കപ്പലുകള്‍ തകര്‍ക്കപ്പെട്ടത്. 

വാണിജ്യ കപ്പലുകള്‍ക്കും സാധാരണ പൗരന്മാര്‍ക്കും നേരെയുള്ള ആക്രമണത്തെ സൗദി വിദേശകാര്യ മന്ത്രാലയം അപലപിച്ചു. സമുദ്രമാര്‍ഗത്തിലുടെയുള്ള യാത്രയ്ക്കുള്ള സുരക്ഷാ ഭീഷണിയാണ് സംഭവത്തിലൂടെ വ്യക്തമാകുന്നത്. ആഗോള സമാധനത്തെയും സുരക്ഷയെയും ഇത് ബാധിച്ചേക്കുമെന്നും സൗദി വ്യക്തമാക്കി.

2015 ലെ ആണവകരാറിന് ഇനി വില നല്‍കില്ലെന്ന് ഇറാന്‍ കഴിഞ്ഞ ബുധനാഴ്ച അറിയിച്ചിരുന്നു. അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ഇറാന്റെ സാമ്പത്തിക മേഖലയെ തകര്‍ത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. തുടര്‍ന്നാണ് മേഖലയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.