ധര്‍മിഷ്ഠനായ കള്ളന്‍

Tuesday 14 May 2019 4:00 am IST

ആയുധാഭ്യാസത്തിനും കായികാഭ്യാസത്തിനും തങ്ങള്‍ അനുമതി നല്‍കിയതോടെ  കൊച്ചുണ്ണിക്ക് സന്തോഷമായി. രാത്രി തോറും അവന്‍ കളരിയിലെത്തി പഠനം തുടങ്ങി. 

ഇത്രയും ബുദ്ധിമാനായ ശിഷ്യനെ പഠിപ്പിക്കുന്നതില്‍ തങ്ങള്‍ക്കും സന്തോഷമായിരുന്നു. അക്കാലത്തു നടപ്പുണ്ടായിരുന്ന വെട്ട്, തട മുതലായ ആയുധാഭ്യാസങ്ങളും ഓട്ടം, ചാട്ടം, മറിച്ചില്‍, തിരിച്ചില്‍ മുതലായ കായികാഭ്യാസങ്ങളും പരിശീലിച്ചു. നല്ലൊരു അഭ്യാസിയായി മാറാന്‍ കൊച്ചുണ്ണിക്ക് ഏറെ നാള്‍ വേണ്ടി വന്നില്ല. തങ്ങള്‍ക്ക് കണ്‍കെട്ട്, ആള്‍മാറാട്ടം മുതലായ ജാലവിദ്യകളും അറിയാമായിരുന്നു. പക്ഷേ അതൊന്നും അദ്ദേഹം ശിഷ്യന്മാരെ പഠിപ്പിച്ചിരുന്നില്ല. എന്നാല്‍ കൊച്ചുണ്ണിയോടുള്ള പ്രത്യേകവാത്സല്യത്താല്‍ ആ വിദ്യകളെല്ലാം കൊച്ചുണ്ണിക്കു മാത്രം ഉപദേശിച്ചു. 

എല്ലാം പഠിച്ചു തീര്‍ന്നപ്പോള്‍ കൊച്ചുണ്ണി തന്നാലാവും വിധം ഗുരുദക്ഷിണയും നല്‍കിയാണ് മടങ്ങിയത്. കടയിലെ കണക്കെഴുത്തുകാരുടെ സഹവാസം കൊണ്ടും മുതലാളിയുടെ സഹായം കൊണ്ടും കൊച്ചുണ്ണി തമിഴും മലയാളവും എഴുതാനും വായിക്കാനും പഠിച്ചിരുന്നു. 

അങ്ങനെയിരിക്കെ ഒരു ദിവസം സന്ധ്യയ്ക്ക് ഏവൂര്‍ ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ മൂന്നു തുലാം ശര്‍ക്കര വാങ്ങാന്‍ പണവും പാത്രവുമായി ഒരാളെ കൊച്ചുണ്ണി ജോലി ചെയ്യുന്ന കടയിലേക്കയച്ചു. 

പക്ഷേ കടയിലുണ്ടായിരുന്ന ശര്‍ക്കരയെല്ലാം തീര്‍ന്നിരുന്നു. എന്നാല്‍ മുതലാളിയുടെ വീട്ടില്‍ ധാരാളം ശര്‍ക്കര ശേഖരിച്ചിട്ടുണ്ടായിരുന്നു. ശര്‍ക്കര എടുത്തു കൊണ്ടു വരാനായി മുതലാളി കൊച്ചുണ്ണിയെ വീട്ടിലേക്ക് അയച്ചു. അവിടെയുള്ളവരെല്ലാം പടിപ്പുരയടച്ചു കുളിക്കാന്‍ പോയ നേരത്താണ് കൊച്ചുണ്ണി വീട്ടിലെത്തിയത്.  വീടിനു ചുറ്റും രണ്ടുമൂന്നു വലിയ മതില്‍ക്കെട്ടുണ്ടായിരുന്നു. കൊച്ചുണ്ണി രണ്ടുമൂന്നു തവണ വിളിച്ചിട്ടും ആരും വിളി കേട്ടില്ല. അഭ്യാസിയായ കൊച്ചുണ്ണി പുറകു മറിഞ്ഞ് മതില്‍ക്കെട്ടു കടന്ന് വീടിന്റെ ഇറയത്തെത്തി. അവിടെ ചാറയില്‍ നിറച്ചിട്ടിരുന്ന ശര്‍ക്കരയില്‍ നിന്ന് ആവശ്യത്തിനുള്ളത് പാത്രത്തിലാക്കി മെയ്‌വഴക്കത്തിലൂടെ മതില്‍ക്കെട്ടു കടന്ന് പുറത്തെത്തി. കടയിലെത്തി മൂന്നു തുലാം ശര്‍ക്കര തൂക്കി നല്‍കിയ ശേഷം ബാക്കിയുള്ളത് കടയിലെ ചാറയിലാക്കി വെച്ചു. 

കൊച്ചുണ്ണി അഭ്യാസ പാടവം കാണിച്ച് വീട്ടില്‍ കയറി ശര്‍ക്കരയെടുത്തതും കായംകുളത്തു പോയി കളരി അഭ്യസിച്ചതും മുതലാളി ആരോ പറഞ്ഞ് അറിഞ്ഞു. അതുവരെ, കൊച്ചുണ്ണി രാത്രികാലങ്ങളില്‍  കളരിയില്‍ പോയിരുന്ന വിവരം മുതലാളിക്കറിയില്ലായിരുന്നില്ല. 

മുതലാളി കൊച്ചുണ്ണിയെ അരികില്‍ വിളിച്ചു. വീട്ടില്‍ നിന്ന് ശര്‍ക്കര കൊണ്ടു വന്നത് എപ്രകാരമായിരുന്നെന്ന് ചോദിച്ചു. തങ്ങളില്‍ നിന്ന് കായികാഭ്യാസം നടത്തിയ കാര്യവും അന്വേഷിച്ചു.  അതിനു ശേഷം മുതലാളി അവനോട് ഇങ്ങനെ പറഞ്ഞു ' നീ എനിക്ക് വളരെയേറെ സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. ഒരിക്കലും ഞാനത് മറക്കുകയില്ല. നിന്നെ എനിക്ക് വളരെ വിശ്വാസവുമാണ്. ഇനി നീ ഇവിടെ താമസിക്കണമെന്നില്ല. ഇങ്ങനെ ഞാന്‍ പറഞ്ഞതു കൊണ്ട് നിനക്ക് മന:സ്താപവുമുണ്ടാകരുത്. നീ എന്നും എന്റെ ബന്ധുവായിരിക്കണം. എനിക്ക് ആവശ്യമുള്ളപ്പോള്‍ സഹായങ്ങളും ചെയ്തു തരണം. തിരികെ നിന്നെയും ഞാന്‍ സഹായിക്കും. '  ഇത്രയും പറഞ്ഞ ശേഷം മുതലാളി കൊച്ചുണ്ണിക്ക് കൊടുക്കാനുണ്ടായിരുന്ന ശമ്പളമത്രയും കൊടുത്ത് തീര്‍ത്തു. അതിനു പുറമേ ആയിരം പണം സമ്മാനമായും നല്‍കി. 

അങ്ങനെ കൊച്ചുണ്ണി വലിയ പീടികയില്‍ നിന്ന് പിരിഞ്ഞു പോയി. ഇരുപത് വയസ്സായിരുന്നു അന്ന് കൊച്ചുണ്ണിക്ക് പ്രായം. കൊച്ചുണ്ണി തിരികെ വീട്ടിലെത്തി. അധികം താമസിയാതെ വിവാഹിതനായി. വൈകാതെ അവന്റെ മാതാപിതാക്കള്‍ മരിച്ചു. കൊച്ചുണ്ണി തന്റെ ഭാര്യാമാതാവിനെക്കൂടി സ്വന്തം ഗൃഹത്തില്‍ കൊണ്ടു വന്നു താമസിപ്പിച്ചു. 

കൊച്ചുണ്ണിക്ക് അച്ഛന്‍ സമ്പാദിച്ചതോ, സ്വന്തംസമ്പാദ്യമായോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഉപജീവനത്തിന് ഏറെ പ്രയാസപ്പെട്ടു. അവന്‍ സുഹൃത്തുക്കളില്‍ ചിലരെ കൂട്ടു പിടിച്ച് ചില അക്രമപ്രവൃത്തികള്‍ ചെയ്യാന്‍ തുടങ്ങി. അന്യനാടുകളില്‍ ചെന്ന് സഹായ വിലക്ക് വ്യാജസാധനങ്ങള്‍ വാങ്ങി, കായംകുളത്ത് കൊണ്ടു വന്ന് വില്‍ക്കാന്‍ തുടങ്ങി. വീടുകയറിയുള്ള മോഷണവും പിടിച്ചുപറി, തുടങ്ങിയ അക്രമപ്രവര്‍ത്തനങ്ങളും തുടങ്ങി. എന്നാല്‍ ധര്‍മ്മിഷ്ഠരേയും മര്യാദക്കാരേയും കൊച്ചുണ്ണി ഒരിക്കലും ഉപദ്രവിക്കാറില്ലായിരുന്നു. 

നിത്യവൃത്തിക്ക് ഒരു വഴിയുമില്ലാതെയായാല്‍  അവന്‍ ചില ധനികരുടെ വീട്ടില്‍ ചെന്ന് തനിക്ക് ഇത്രരൂപ വേണം, അല്ലെങ്കില്‍ ഇത്ര നെല്ലു വേണം എന്നു പറയും. അതു കൊടുത്താല്‍ പിന്നെ അവന്‍ ഉപദ്രവിക്കില്ല.  വാങ്ങിയതൊക്കെ  ചിലപ്പോള്‍ മടക്കിക്കൊടുക്കാറുമുണ്ട്.

വാങ്ങിയസംഖ്യ പലിശ അടക്കമോ അതല്ലെങ്കില്‍ അതിലുമേറെയോ അവന്‍ മടക്കിക്കൊടുത്ത സംഭവങ്ങളുണ്ട്.  ചോദിച്ചിട്ടു കൊടുക്കാത്തവരുടെ സര്‍വസ്വസും നാലുദിവസത്തിനകം അവന്‍ മോഷ്ടിച്ചെന്നിരിക്കും. 

മോഷ്ടിച്ചെടുക്കുന്ന സമ്പത്താണെങ്കില്‍ കൂടി അത് അവന്‍ ആവശ്യത്തിനുള്ളതു മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. ബാക്കിയുള്ളതെല്ലാം ഇല്ലാത്തവര്‍ക്കായി  വീതിച്ചു നല്‍കും. നാട്ടിലെ പാവങ്ങളെ കൈയയച്ച് സഹായിച്ചിരുന്നു കൊച്ചുണ്ണി. അക്കാര്യത്തില്‍ ജാതി, മത പരിഗണനകളൊന്നും ഉണ്ടായിരുന്നില്ല. നിര്‍ധനരായിരുന്ന സുഹൃത്തുക്കളില്‍ പലരും കൊച്ചുണ്ണിയുടെ സഹായം കൊണ്ട് ധനാഢ്യരായി മാറി. കൊച്ചുണ്ണി മാത്രം ഒന്നും സമ്പാദിച്ചിരുന്നില്ല. അന്നന്നത്തെ വകയ്ക്ക് വേണ്ടതു മാത്രം ചെലവഴിച്ചു. 

എന്നാല്‍ സ്ത്രീവിഷയത്തിലുള്ള ദുര്‍നടപ്പ് കൊച്ചുണ്ണിക്ക് വളരെയേറെയായിരുന്നു. ദുര്‍ന്നടപ്പുകാരായ സ്ത്രീകളില്‍ പലര്‍ക്കും  കൊച്ചുണ്ണിയുടെ പണം കൊണ്ട് നല്ല സമ്പ്യാദ്യമുണ്ടാക്കി. 

 

( തുടരും)  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.