മുരിങ്ങ

Tuesday 14 May 2019 4:10 am IST

ശാസ്ത്രീയ നാമം: moringa oleifera

സംസ്‌കൃതം: ശിഗ്രു, രൂക്ഷഗന്ധ, 

തമിഴ്: മുരിങ്ക

എവിടെ കാണാം: മുരിങ്ങ രണ്ടു തരമുണ്ട്. ഒന്ന് കാട്ടുമുരിങ്ങ അല്ലെങ്കില്‍ പുനര്‍മുരിങ്ങ. ഇലപൊഴിയും കാടുകളിലാണ് ഇവ കണ്ടു വരുന്നത്. കേരളത്തില്‍ ചിന്നാര്‍ വന്യമൃഗ സങ്കേതം, കേരള- കര്‍ണാടക അതിര്‍ത്തിയിലെ  സത്യമംഗലം കാടുകള്‍, തമിഴ്‌നാട്ടില്‍  ഉദുമല്‍പേട്ട വന്യമൃഗസങ്കേതം എന്നിവിടങ്ങളില്‍ ഇത് കണ്ടു വരുന്നു. വീട്ടുമുരിങ്ങയാണ് രണ്ടാമത്തെ ഇനം. ഇന്ത്യയിലുടനീളം ഇത് കൃഷി ചെയ്തു വരുന്നു. 

പ്രത്യുത്പാദനം: വിത്തില്‍ നിന്ന്. കമ്പുനട്ടും ഉത്പാദിപ്പിക്കാം.

ചില ഔഷധപ്രയോഗങ്ങള്‍: ശരീരത്തില്‍ ക്ഷതമേറ്റാല്‍ ( ചതവ്, ഉളുക്ക്, സന്ധിഭ്രംശം) മുരിങ്ങാത്തൊലി (വീട്ടുമുരിങ്ങ) , ചങ്ങലംപരണ്ട, കറ്റാര്‍വാഴപ്പോള, താര്‍താവില്‍ ( തിരുവനന്തപുരത്ത് ഇതിന് താറാവ് ചെടി എന്നു പറയുന്നു ),

ചെഞ്ചല്യം, ചെന്നിനായകം, കോലരക്ക്, കാവിമണ്ണ്, തൊണ്ടുള്ള ഉഴുന്ന് ഇവ തുല്യ അളവിലെടുത്ത്, മുട്ടയുടെ വെള്ളയിലരച്ച് ചാരായം (അര്‍ക്കം) ചേര്‍ത്ത് ക്ഷതം പറ്റിയ സ്ഥലങ്ങളില്‍ തേച്ചാല്‍ ക്ഷതവും ഉളുക്കും പെട്ടെന്ന് മാറും. 

അസ്ഥിപൊട്ടുകയോ, ഒടിയുകയോ ചെയ്താല്‍ മുരിങ്ങ ഇലയും ആടലോടകത്തിന്റെ ഇലയും സമം എടുത്ത് ഇടിച്ചു പിഴിഞ്ഞ,് കൊഴുത്തനീരെടുത്ത് അതില്‍ മഞ്ഞള്‍പ്പൊടി, കൂവനൂറ്, കാവിമണ്ണ്, കോലരക്ക്, കറുത്ത ഉഴുന്ന് ഇവ പൊടിച്ചു ചേര്‍ന്ന് പേസ്റ്റ് രൂപത്തിലാക്കി പൊട്ടലുണ്ടായ ഭാഗത്ത് അര സെ.മി. കനത്തില്‍ തേയ്ക്കുക. അതിനു മീതെ അത്തിയുടെ തൊലി ചതച്ചെടുത്ത് പൊത്തി വെയ്ക്കുക. അതിനു മീതേയായി, നേര്‍ത്ത ശീലചുറ്റുക.

ഒരോ തവണ ചുറ്റുമ്പോഴും പേസ്റ്റ് രൂപത്തിലുള്ള മരുന്ന് പുരട്ടണം. ഇങ്ങനെ ഏഴു ചുറ്റുകള്‍ വേണം. ഉണങ്ങിക്കഴിഞ്ഞാല്‍ ഇതിന് പ്ലാസ്റ്റര്‍ ഓഫ് പാരീസിനേക്കാള്‍ ബലമുണ്ടാകും. ഏഴാം ദിവസം ചുറ്റെടുത്ത് മാറ്റണം. അപ്പോഴേക്കും പൊട്ടല്‍ മാറി പൂര്‍വസ്ഥിതിയിലായിരിക്കും. ഈ കാലയളവില്‍ ഭാരമേറിയ വസ്തുക്കളൊന്നും എടുക്കരുത്. പതിനാലു ദിവസത്തിനു ശേഷമേ അത്തരം അധ്വാനം വേണ്ടണ്ട ജോലികള്‍ ചെയ്യാവൂ. 

വര്‍ഷങ്ങള്‍ പഴക്കമുള്ള മുരിങ്ങയുടെ ഇല ഇടിച്ചു പിഴിഞ്ഞ നീര് 30 മില്ലി വീതം മൂന്നു നേരം മൂന്നദിവസം തുടര്‍ച്ചയായി സേവിച്ചാല്‍ രക്തസമ്മര്‍ദം സാധാരണനിലയിലാകും. മൂന്ന് ദിവസം കഴിഞ്ഞ് പരിശോധിച്ചതിനു ശേഷം വീണ്ടും രക്തസമ്മര്‍ദ്ദം കൂടുതലാണെന്നു കണ്ടാല്‍ മാത്രം മൂന്നു ദിവസം കൂടി ഈ ഔഷധപ്രയോഗം തുടരുക. 

മുരിങ്ങത്തൊലി , ചങ്ങലം പരണ്ട, മുക്കാപീര്യം(  ഇതിന്റെ തമിഴ് നാമം, മുശ്മുശിക്കി) കറ്റാര്‍വാഴപ്പോള ഇവ ഓരോന്നും ഇടിച്ചു പിഴിഞ്ഞ നീര് ഓരോ ലിറ്റര്‍ വീതമെടുത്ത്, വേപ്പെണ്ണ അരലിറ്റര്‍, എള്ളെണ്ണ അരലിറ്റര്‍ എന്ന കണക്കിലെടുത്ത്, അരലിറ്റര്‍ നറുനെയ്യും  100 ഗ്രാം കാഞ്ഞിരക്കുരുവും ആട്ടിന്‍ പാലില്‍ അരച്ച് കല്‍ക്കം ചേര്‍ത്ത് ഇവയെല്ലാം മെഴുകുപാകത്തില്‍ കാച്ചിയരിച്ച് തേച്ചാല്‍ ടെന്നിസ് എല്‍ബോ എന്ന വാതരോഗത്തിനും  മറ്റ് ക്ഷത, വാതരോഗങ്ങള്‍ക്കും വളരെ ആശ്വാസം ലഭിക്കും. 

കാട്ടുമുരിങ്ങയുടെ വിത്ത് പൊടിച്ച് അഞ്ച് ഗ്രാം വീതം നൂറു മില്ലി പാലില്‍ കലക്കിക്കുടിച്ചാല്‍ ശീഘ്രസ്ഖലനം മാറിക്കിട്ടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.