ലങ്കയില്‍ ഭീകരതയുടെ മൗനം,ഇവിടെ മൗനത്തിന്റെ ഭീകരത

Tuesday 14 May 2019 4:30 am IST

ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണത്തിനു ശേഷം ശ്രീലങ്കയിലെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ആദ്യമായി ഞായറാഴ്ച പ്രാര്‍ഥനകള്‍ക്കായി തുറന്നു. ടിവി സെറ്റുകളിലൂടെ പ്രാര്‍ഥനകളില്‍ പങ്കുചേര്‍ന്നിരുന്ന വിശ്വാസികള്‍, കനത്ത സുരക്ഷയുടെ അന്തരീക്ഷത്തില്‍ കഴിഞ്ഞ ദിവസം വീണ്ടും പള്ളികളിലെത്തി.

വീഥികളിലും ദേവാലയ പരിസരങ്ങളിലും നിരന്ന സുരക്ഷാഭടന്‍മാര്‍ പേടിപ്പെടുത്തുന്ന ഓര്‍മയുടെ ബാക്കിപത്രമായി നിന്നു. തിരിച്ചറിയല്‍ രേഖകള്‍ കാണിച്ചും ദേഹപരിശോധനയ്ക്കു വിധേയരായുമാണു വിശ്വാസികള്‍ പള്ളികളില്‍ കാലുകുത്തിയത്. കാര്യങ്ങള്‍ നിയന്ത്രണ വിധേയമെന്നു കണ്ടാല്‍ ക്രിസ്ത്യന്‍ സഭകളുടെ കീഴിലെ വിദ്യാലയങ്ങള്‍ ഇന്നു തുറന്നേക്കും. ഉള്ളു നീറുമ്പോഴും സാവധാനം പഴയ നിലയിലേയ്ക്കുള്ള അനിവാര്യമായ മടക്കത്തിനു സ്വയം പാകപ്പെടുകയാണു ലങ്ക. 

ചോരക്കളിയുടെ ഓര്‍മകളില്‍ ശ്രീലങ്ക വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ തൊട്ടടുത്ത കേരളത്തില്‍ നിഗൂഢവും വിചിത്രവുമായ മൗനത്തിലാണ് ക്രിസ്ത്യന്‍ സമൂഹം. ആ മൗനത്തിനു പേടിപ്പെടുത്തുന്ന ചിലമാനങ്ങളുണ്ട്. കാരണം അത് ആ സമൂഹത്തിന്റെ കണ്ടുശീലിച്ച പ്രതികരണത്തില്‍നിന്നു വ്യത്യസ്തമാണ്. അയലത്തെ താണ്ഡവം ക്രിസ്ത്യന്‍ സഭകളോ വിശ്വാസികളോ അറിഞ്ഞ മട്ടുപോലുമില്ല.

ആഴ്ചകള്‍ കടന്നുപോയിട്ടും കാര്യമായ പ്രതികരണങ്ങളോ പ്രതിഷേധമോ കൂട്ടപ്രര്‍ഥനയോ ഒന്നും കാണാനുമില്ല. ലങ്കയിലെ മനുഷ്യക്കുരുതിയുടെ തുടര്‍ച്ച കേരളത്തിലേയ്ക്കും വരാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടും അതുചെറുക്കാന്‍ വഴികള്‍ തേടിയും തലപുകയ്ക്കുകയാണ് രാജ്യത്തെ സുരക്ഷാസേനയും അന്വേഷണ സംവിധാനങ്ങളും. അതൊന്നും ഒരു വിഭാഗത്തിന്റെ മാത്രം രക്ഷയ്ക്കു വേണ്ടിയല്ലാത്തതുകൊണ്ടാണ് ഇവിടെ ന്യൂനപക്ഷങ്ങളടക്കം എല്ലാവരും സുരക്ഷിതരായിരിക്കുന്നത്. മനുഷ്യജീവന്റെ രക്ഷയാണു സര്‍ക്കാരും സുരക്ഷാ സേനയും ലക്ഷ്യമിടുന്നത്. ഹിന്ദുവിന്റെ മാത്രം സുരക്ഷയല്ല. അതു തിരിച്ചറിയണമെങ്കില്‍ ആ നിലയില്‍ നിന്നുകൊണ്ടു ചിന്തിക്കാനും കഴിയണം.  

സംയമനം നല്ലതുതന്നെ. പക്ഷേ, ഇന്ത്യയില്‍ നിസ്സാരകാര്യങ്ങളുടെ പേരില്‍ വലിയ കോലാഹലമുണ്ടാക്കുന്നവര്‍ ഈ സംഭവത്തിനു മുന്നില്‍ മൗനം പാലിക്കുന്നതു ദുരൂഹത ഉണര്‍ത്തുന്നതു സ്വാഭാവികം. വടക്കേ ഇന്ത്യയില്‍ പള്ളിപ്പരിസരത്തു പടക്കം പൊട്ടിയാല്‍ പോലും വര്‍ഗീയതയുടേയും മതവെറിയുടേയും പേരുപറഞ്ഞു നിരത്തിലിറങ്ങുകയും ഇടയലേഖനങ്ങള്‍ എഴുതുകയും വായിക്കുകയും ദേവാലയങ്ങളിലും മതസമ്മേളനങ്ങളിലും വിദ്വേഷപ്രസംഗം നടത്തുകയും ചെയ്യുന്നവരുടെ വായടഞ്ഞുപോയത് എന്തുകൊണ്ടണ്? ഡല്‍ഹിയിലും യുപിയിലും മധ്യപ്രദേശിലുമൊക്കെ ഉണ്ടായതായി പറഞ്ഞു കേട്ടിരുന്ന വിഷയങ്ങളില്‍ സത്യമെന്തെന്ന് മുന്‍വിധിയില്ലാതെ അന്വേഷിക്കാന്‍ പോലും തയ്യാറാവാത്ത ന്യൂനപക്ഷ മതനേതൃത്വത്തിന്റെ ഇപ്പോഴത്തെ നിസ്സംഗതയ്ക്കു കാരണം പേടിയോ, കീഴടങ്ങലോ, ഒത്തുതീര്‍പ്പോ അതോ തിരിച്ചറിവോ? 

തിരിച്ചറിവാണ് ഇതിനു പിന്നിലെങ്കില്‍ അതു ശുഭസൂചകമാണ്. നേര്‍വഴിയേ ചിന്തിക്കുന്നവര്‍ കാര്യങ്ങള്‍ തിരിച്ചറിയേണ്ട സമയം എന്നേ ആയിക്കഴിഞ്ഞു. ന്യൂനപക്ഷ ധ്വംസകരെന്നു പ്രതിപക്ഷത്തിനൊപ്പം പലരും വിളിച്ചുകൂവി ആക്ഷേപിച്ച പ്രസ്ഥാനം ഇന്ത്യ ഭരിക്കാന്‍ തുടങ്ങിയിട്ടു വര്‍ഷം അഞ്ചാവുന്നു. ഇതുവരെ ഇവിടെ ഒരു ന്യൂനപക്ഷ ആരാധനാലയത്തിലും ബോംബു പൊട്ടിയില്ല.

ഒരു പ്രാര്‍ഥനയും തടസ്സപ്പെട്ടില്ല. ചിലര്‍ പറഞ്ഞുണ്ടാക്കുന്നതിനപ്പുറം ഒരു അസ്വസ്ഥതയും കാണാനില്ല. അവാര്‍ഡ് തിരിച്ചുകൊടുക്കാന്‍ തിരക്കു കൂട്ടിയവര്‍ പോലും മാളത്തിലൊളിച്ച സ്ഥിതിയാണ്. ശ്രീലങ്ക ചോരച്ചുവപ്പ് അണിഞ്ഞപ്പോഴും ഇന്ത്യയില്‍ ഈസ്റ്ററും ദു:ഖവെള്ളിയുമൊക്കെ പതിപോലെ സമാധാനപരവും സൗഹാര്‍ദപരവുമായി കടന്നുപോയി. റമസാനും അങ്ങനെതന്നെ പോവുന്നു. ഈ രാജ്യത്ത് എവിടെയാണു സര്‍ക്കാര്‍ ഭീകരത? എവിടെയാണ് അസ്വസ്ഥത? പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതുപോലെ ആഗോള ഭീകരതയുടെ നീളുന്ന കൈ ഈ നാട്ടിലും എത്തുന്നതാണു നമുക്കിടയിലെ പ്രശ്‌നം. അതിനെ ചേരിതിരിഞ്ഞല്ല, ഒരുമിച്ചുനിന്നാണ് നേരിടേണ്ടത്. ആ തിരിച്ചറിവാണ് നിസ്സംഗതയുടെ രൂപത്തില്‍ കാണപ്പെടുന്നതെങ്കില്‍ അതു സ്വാഗതാര്‍ഹം തന്നെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.