രാജീവിന്റെ നിയമലംഘനം ആഘോഷം കപ്പല്‍ നിറയെ

Tuesday 14 May 2019 4:25 am IST
ലക്ഷദ്വീപ് ഒരു ഡ്രൈ സ്റ്റേറ്റ് ആണ്. അവിടെ മദ്യം വില്‍ക്കാനോ ഉപയോഗിക്കാനോ അനുവാദമില്ല. പക്ഷെ രാജീവ് ഗാന്ധി എന്ന അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കുടുംബത്തിന്റെ ഉല്ലാസത്തിനുവേണ്ടി പെട്ടിക്കണക്കിനു മദ്യം ഇന്ത്യന്‍ നേവിവശം അവിടെ ഇറക്കി. മദ്യം നിരോധിച്ച കേന്ദ്രഭരണ പ്രദേശത്തേയ്ക്കു മദ്യം കടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയെ സങ്കല്‍പ്പിച്ചു നോക്കൂ... അതിനു ഉപയോഗിച്ചതും സായുധസേനാ സന്നാഹം തന്നെ.

വിമാനവാഹിനി കപ്പല്‍ എന്നാല്‍ സാധാരണ യുദ്ധക്കപ്പല്‍ മാത്രമല്ല. അതിന്റെ ഓരോ നീക്കത്തിനും പ്രോട്ടോക്കോള്‍ ഉണ്ട്. എങ്ങനെ ഏതുരീതിയില്‍ ചലിക്കണം എന്ന് ഇന്ത്യന്‍ നേവിയുടെ കൃത്യമായ മാര്‍ഗ്ഗനിര്‍ദേശമുണ്ട്. രാജീവ് ഗാന്ധി തന്റെ കുടുംബത്തിന്റെ ഉല്ലാസയാത്രയ്ക്ക് വേണ്ടി ഇന്ത്യയുടെ ഐഎന്‍എസ് വിരാട് എന്ന വിമാനവാഹിനി കപ്പല്‍ ലക്ഷദ്വീപിലെ ബംഗാരം ദ്വീപിലേക്ക് കൊണ്ടുപോയ വാര്‍ത്ത ചൂടുപിടിച്ചിരിക്കുന്ന സാഹചര്യം ആണല്ലോ.

രാജീവും, ഇന്ത്യ എന്ന രാജ്യം കുടുംബസ്വത്താണ് എന്ന ധാരണയില്‍ പ്രവര്‍ത്തിക്കുന്ന നെഹ്‌റുകുടുംബവും കോണ്‍ഗ്രസ് പാര്‍ട്ടിയും ഈ രാജ്യത്തിന്റെ പരമാധികാരത്തോടും ഭരണഘടനയോടും ജനങ്ങളോടും സായുധസൈന്യത്തോടും എത്രമാത്രം വകതിരിവില്ലായ്മയാണ് കാണിച്ചത് എന്നറിയാന്‍, ആ യാത്രയുടെ പേരില്‍ നടന്ന 'പ്രോട്ടോക്കോള്‍ ലംഘനം' ഒന്നുനോക്കാം.   

സഞ്ചരിക്കുന്ന എയര്‍ബേസ് ആണ് വിമാനവാഹിനി കപ്പല്‍. ചുറ്റും ശക്തമായ സുരക്ഷാസന്നാഹങ്ങള്‍ ഇല്ലാതെ അതു സഞ്ചരിക്കില്ല. പലഘട്ടങ്ങള്‍ ആയാണ് വിരാടിന്റെ സുരക്ഷാസംവിധാനങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. 

കപ്പലിന് മുന്നിലായി ഒരു ഏരിയല്‍ സര്‍വെയ്‌ലന്‍സ് വിമാനം അല്ലെങ്കില്‍ ഹെലികോപ്റ്റര്‍ എപ്പോഴും പറക്കുന്നുണ്ടാകും. സുരക്ഷാ ഭീഷണികള്‍ ഉണ്ടെങ്കില്‍ അത് ഈ  വിമാനം കണ്ടെത്തും. അതിനുപിന്നില്‍, മുങ്ങിക്കപ്പലുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള യുദ്ധക്കപ്പലുകള്‍ (Anti Submarine Ships)  അണിനിരക്കും. അതിന്റെ കൂടെത്തന്നെ പ്രത്യേക ആക്രമണ ദൗത്യത്തിനു സജീകരിക്കപ്പെട്ട വിമാനങ്ങള്‍/ഹെലികോപ്റ്ററുകള്‍ ഉണ്ടാകും. അതിനുപിന്നില്‍ നാവികസേനയുടെ ഡിസ്‌ട്രോയര്‍ ഷിപ്പുകളും ഫ്രിഗേറ്റുകളും അനുഗമിക്കും.

ഇവയ്ക്ക്, വായുമാര്‍ഗ്ഗവും അന്തര്‍വാഹിനി വഴിയും വരുന്ന ആക്രമണങ്ങളെ മിസൈല്‍ ഉപയോഗിച്ച്  പ്രതിരോധിക്കാന്‍ സാധിക്കും. കൂടാതെ വിമാനവാഹിനിക്കു സ്വന്തമായ പ്രതിരോധത്തിന് ആയുധങ്ങള്‍ സജ്ജീകരിച്ചിട്ടുമുണ്ട്. ഇതിനൊക്കെപുറമെ രഹസ്യമായി ഈ വിമാനവാഹിനിയുടെ പരിസരത്തു കൂടിത്തന്നെ ഇന്ത്യന്‍ നാവികസേനയുടെ സമുദ്രത്തിനടിയില്‍ ആക്രമണശേഷിയുള്ള ഒരു അന്തര്‍വാഹിനി സഞ്ചരിക്കുന്നുണ്ടാവും. ഇത്രയൊക്കെ ആണ് പ്രോട്ടോക്കോള്‍ പ്രകാരം ഒരു ഇന്ത്യന്‍ വിമാനവാഹിനി സഞ്ചരിക്കുമ്പോള്‍ എടുക്കുന്ന മുന്‍കരുതലുകള്‍. 

1971 ലെ ഇന്ത്യ-പാക് യുദ്ധത്തില്‍, ഇന്ത്യന്‍ ആക്രമണത്തിന്റെ ചുക്കാന്‍ പിടിച്ചത് അന്നത്തെ നമ്മുടെ വിമാനവാഹിനി കപ്പല്‍ ആയിരുന്ന ഐഎന്‍എസ് വിക്രാന്ത് ആണ്. വിക്രാന്തിനെ തളയ്ക്കാതെ ഇന്ത്യന്‍ വിജയം തടയാനാവില്ല എന്ന് ബോധ്യമായ പാക്കിസ്ഥാന്‍ കറാച്ചിയില്‍നിന്ന് അവരുടെ ഏറ്റവും മികച്ച അന്തര്‍ വാഹിനി യുദ്ധക്കപ്പലായ പിഎന്‍എസ് ഖാസിയെ നിയോഗിച്ചു. വിക്രാന്തിനെ ഏതുവിധേനയും രക്ഷിക്കാന്‍ ഇന്ത്യന്‍ നാവികസേന ഒരുങ്ങി. വിക്രാന്തിന് വേണ്ടി ബലിയാടാവാന്‍ നിയോഗിക്കപ്പെട്ട ഐഎന്‍എസ് രജ്പുത് എന്ന ഡിസ്‌ട്രോയര്‍ യുദ്ധക്കപ്പല്‍  ഉജ്ജ്വല പോരാട്ടം കാഴ്ചവച്ചു. ഏതാണ്ട് 100ല്‍ അധികം നാവികര്‍ അടക്കമുള്ള പാക്കിസ്ഥാന്‍ നേവിയുടെ കപ്പലിനെ ബംഗാള്‍ ഉള്‍ക്കടലില്‍ മുക്കിത്താഴ്ത്തി. യുദ്ധവിജയത്തില്‍ ഒരു വിമാനവാഹിനി കപ്പല്‍ എത്രത്തോളം പ്രാധാന്യം അര്‍ഹിക്കുന്നു എന്നും അതിന്റെ സുരക്ഷ എത്രത്തോളം പ്രാധാന്യം ഉള്ളതാണെന്നും ഇതില്‍നിന്ന് മനസ്സിലാക്കാമല്ലോ.  

ഇന്ത്യന്‍ യുദ്ധക്കപ്പലിലെ വിദേശ സാന്നിധ്യം:

വിരാട് എന്ന ഇന്ത്യന്‍ യുദ്ധക്കപ്പലില്‍ രാജീവിനൊപ്പം, സോണിയ ഗാന്ധിയുടെ അകന്ന ബന്ധത്തിലുള്ള ഒട്ടേറെ വിദേശപൗരന്മാര്‍ ഉണ്ടായിരുന്നു. അവര്‍ എങ്ങനെ ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് അതില്‍ ഇടംനേടി? ആര് അവര്‍ക്ക് അനുമതി കൊടുത്തു ? ആരാണ് ആ യുദ്ധക്കപ്പലില്‍ ഉണ്ടായിരുന്ന ഇന്നും അജ്ഞാതരായ മറ്റു വിദേശികള്‍? ആരൊക്കെയാണ് അന്ന് ഐഎന്‍എസ് വിരാട് എന്ന ഇന്ത്യന്‍ പടക്കപ്പലില്‍ പേര് വെളിപ്പെടുത്താത്ത മറ്റു സുഹൃത്തുക്കള്‍?

സിനിമാനടന്‍ അമിതാഭ് ബച്ചന്‍ ആ ഉല്ലാസയാത്രയില്‍ എങ്ങനെ പ്രത്യക്ഷപ്പെട്ടു ? അമിതാഭിന്റെ അനുജന്‍ അജിതാഭ് ബച്ചനും ആ കപ്പലില്‍ ഉണ്ടായിരുന്നു. ആ സമയത്ത് അനധികൃതമായി ഇന്ത്യയില്‍നിന്നു സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പണം കടത്തിയതിന് FERA- നിയമപ്രകാരം കുറ്റവാളിയായി അന്വേഷണം നേരിടുന്ന അജിതാഭ് ബച്ചന് എന്തായിരുന്നു റോള്‍ ? അജിതാഭ് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കടത്തിയ പണം അജിതാഭിന്റെ മാത്രം ആയിരുന്നോ അതോ മറ്റു പലരുടെയും പണം കടത്തിയതിനുള്ള പ്രത്യുപകാരം ആണോ അജിതാഭിനുള്ള പ്രത്യേക ക്ഷണം? ആ വിദേശീയര്‍ ആരൊക്കെയാണ് എന്ന വാര്‍ത്തയും ഈ ഉല്ലാസയാത്രയുടെ വാര്‍ത്തയും മാധ്യമങ്ങളില്‍നിന്ന് പൂര്‍ണ്ണമായും തുടച്ചുനീക്കിയത് ആരുടെ നിര്‍ദേശപ്രകാരം ആയിരുന്നു. ?

ഈ ചോദ്യത്തിനെല്ലാം ഉത്തരം തരാന്‍ രാജീവ് ഗാന്ധി ഇന്നില്ല. ഉത്തരങ്ങള്‍തേടി മാധ്യമങ്ങള്‍ പോകേണ്ടത് ആ ഉല്ലാസയാത്രയില്‍ ഉണ്ടായിരുന്ന മറ്റുള്ളവരുടെ അടുത്തേക്ക് ആണ് ? ലക്ഷദ്വീപിലെ മനോഹരമായ ബംഗാരം ദ്വീപില്‍ ആള്‍താമസമില്ല. ഉല്ലാസയാത്രയ്ക്ക് വന്നവര്‍ക്കുവേണ്ടി അവിടം പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റി. പ്രധാനമന്ത്രിയുടെ പാചകക്കാര്‍ അടക്കം പറന്നിറങ്ങി. താല്‍ക്കാലിക കോഴിഫാമും പച്ചക്കറികളും എല്ലാം ഒരുക്കാന്‍ നൂറുകണക്കിന് ജോലിക്കാര്‍. പ്രധാനമന്ത്രിയുടെ ഓഫീസ് പ്രോട്ടോക്കോള്‍ പ്രകാരം അവിടേക്ക് പ്രത്യേക ഡാറ്റഅപ്പ്‌ലിങ്ക് കണക്ഷനുകള്‍. ദിവസങ്ങള്‍ നീണ്ട ഒരു ഉല്ലാസയാത്രയ്ക്കുവേണ്ടി സൈനികസാമഗ്രികള്‍ അടക്കമുള്ളവ സ്വകാര്യ സ്വത്തുപോലെ ഉപയോഗിച്ചു.  

ലക്ഷദ്വീപ് ഒരു ഡ്രൈ സ്റ്റേറ്റ് ആണ്. അവിടെ മദ്യം വില്‍ക്കാനോ ഉപയോഗിക്കാനോ അനുവാദമില്ല. പക്ഷെ രാജീവ് ഗാന്ധി എന്ന അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കുടുംബത്തിന്റെ ഉല്ലാസത്തിനുവേണ്ടി പെട്ടിക്കണക്കിനു മദ്യം ഇന്ത്യന്‍ നേവിവശം അവിടെ ഇറക്കി. മദ്യം നിരോധിച്ച കേന്ദ്രഭരണ പ്രദേശത്തേയ്ക്കു മദ്യം കടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയെ സങ്കപ്പിച്ചു നോക്കൂ... അതിനു ഉപയോഗിച്ചതും സായുധസേനാ സന്നാഹം തന്നെ.  

പൂഴ്ത്തി വയ്ക്കപ്പെട്ട ആ ഉല്ലാസ യാത്രാവിവരം നരേന്ദ്രമോദി പുറത്തുപറഞ്ഞില്ലെങ്കില്‍ സോഷ്യല്‍മീഡിയ യുഗത്തിന് മുന്‍പേ യുള്ള ഇവരുടെ യഥാര്‍ത്ഥമുഖം ലോകത്തിനുമുന്നില്‍ തെളിയില്ലായിരുന്നു. ഇന്ത്യന്‍ ഭരണഘടനയെയും ഇന്ത്യന്‍ നിയമസംവിധാനങ്ങളെയും കാറ്റില്‍ പറത്തിയ ദിവസങ്ങളായിരുന്നു അത്. നെഹ്‌റു കുടുംബത്തിനു കോണ്‍ഗ്രസ് ബോധപൂര്‍വം ഉണ്ടാക്കിയെടുത്ത കപടസല്‍പ്പേര് ജനമനസ്സില്‍ ഇനി ഇടിഞ്ഞുതാഴും. ചരിത്രത്താളുകളില്‍ ആ കുടുംബത്തിനു വില്ലന്‍ പരിവേഷമായിരിക്കും ഇനി. മോദി അതൊക്കെ മുന്‍കൂട്ടി കണ്ടിട്ടുണ്ടാവും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.