പോലീസിലെ പോസ്റ്റല്‍ ബാലറ്റ്: എംഎസ്പി ക്യാമ്പിലും പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ല

Tuesday 14 May 2019 6:14 am IST

തിരുവനന്തപുരം: പോലീസിലെ പോസ്റ്റല്‍ ബാലറ്റ് അട്ടിമറിയില്‍ വീണ്ടും പരാതി. മലപ്പുറം എംഎസ്പി ക്യാമ്പിലെ ഉദ്യോഗസ്ഥര്‍ക്കും പോസ്റ്റല്‍ ബാലറ്റ് ലഭിച്ചില്ല. മറ്റ് ക്യാമ്പുകളിലും ബാലറ്റ് ലഭിച്ചില്ലെന്ന് പരാതി. ബാലറ്റ് അട്ടിമറി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ടീമിന്റെ നിര്‍ദ്ദേശപ്രകാരം ഉദ്യോഗസ്ഥരോട് പരാതികള്‍ അറിയിക്കാന്‍ സര്‍ക്കുലര്‍ നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പരാതിയുമായി ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയത്. 

സമയ പരിധി അവസാനിക്കുന്നതിന് മുമ്പ്  പോസ്റ്റല്‍ ബാലറ്റിനായി ക്യാമ്പിലെ നോഡല്‍ ഓഫീസര്‍ക്ക് അപേക്ഷനല്‍കി. ക്യാമ്പില്‍ നിന്ന് അപേക്ഷ കളക്ടറേറ്റിലേക്ക് നല്‍കിയെന്നാണ് വിവരം. എന്നാല്‍, പോസ്റ്റല്‍ ബാലറ്റ് ഇതുവരെയും ഉദ്യോഗസ്ഥന് ലഭിച്ചിട്ടില്ല.

ഇവിടത്തെ ഒരു കോണ്‍സ്റ്റബിളിനും പോസ്റ്റല്‍ ബാലറ്റ് ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ബേക്കല്‍ പോലീസ് സ്റ്റേഷനിലെ 33 പേര്‍ക്ക് ബാലറ്റ് കിട്ടാത്ത സംഭവം അന്വേഷിക്കാന്‍ ഡിജിപി ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് സമാനമായ രീതിയില്‍ പോസ്റ്റല്‍ ബാലറ്റ് കിട്ടാത്തതോ ആരെങ്കിലും നിര്‍ബന്ധിച്ച് ബാലറ്റ് വാങ്ങിയെന്നോ പരാതിയുണ്ടെങ്കില്‍ അറിയിക്കണമെന്ന് കാട്ടി അന്വേഷണ ഉദ്യോഗസ്ഥന്‍ സര്‍ക്കുലര്‍ ഇറക്കിയത്. 

മറ്റ് ക്യാമ്പുകളില്‍ നിന്ന് വിവരം ശേഖരിച്ച് വരുന്നതേ ഉള്ളൂ. നിരവധി പേര്‍ക്ക് ഇനിയും ബാലറ്റ് ലഭിക്കാനുണ്ടെന്നാണ് വിവരം. അതേസമയം, ഇടത് അനുകൂല പോലീസ് അസോസിയേഷന്‍, ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ പരാതികള്‍ ഒതുക്കി തീര്‍ക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.