വീരോചിതം

Tuesday 14 May 2019 5:31 am IST

ഹൈദരാബാദ്: ആവേശപ്പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ വിജയത്തിലേക്ക് നയിച്ച നായകന്‍ രോഹിത് ശര്‍മ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുതിയ അധ്യായം ഏഴുതിച്ചേര്‍ത്തു. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ കൊയ്ത കളിക്കാരനായി ഈ മുംബൈതാരം. അഞ്ചു കിരീട വിജയങ്ങളാണ് രോഹിതിന്റെ ക്രെഡിറ്റിലുള്ളത്. ഇതാദ്യമായാണ് ഒരു കളിക്കാരന്‍ അഞ്ചു കിരീടങ്ങള്‍ കരസ്ഥമാക്കുന്നത്. നേരത്തെ മൂന്ന് തവണ കിരീടം നേടി മുംബൈ ഇന്ത്യന്‍സ് ടീമില്‍ അംഗമായിരുന്നു. 2009ല്‍ ചാമ്പ്യന്മാരായ ഡക്കാന്‍ ചാര്‍ജസിലും രോഹിത് കളിച്ചിരുന്നു.

ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയവരുടെ പട്ടികയില്‍ അമ്പാട്ടി റായ്ഡു, കീറണ്‍ പൊള്ളാര്‍ഡ്, ലസിത് മലിംഗ എന്നിവരാണ് ശര്‍മയ്ക്ക് തൊട്ടുപിന്നില്‍. ഇവര്‍ നാലു വിജയങ്ങള്‍ വീതം നേടിയിട്ടുണ്ട്. സുരേഷ് റെയ്‌ന, എം.എസ്. ധോണി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് മൂന്നാം സ്ഥാനത്ത്. ഇവര്‍ മൂന്ന് കിരീടങ്ങള്‍ വീതം കരസ്ഥമാക്കി.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഒരു റണ്‍സിന് തകര്‍ത്താണ് മുംബൈ ഇന്ത്യന്‍സ് പന്ത്രണ്ടാം ഐപിഎല്‍ സീസണില്‍ കിരീടമണിഞ്ഞത്. കളിക്കാരനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ അഞ്ചാം ഐപിഎല്‍ കിരീടമാണിത്.

മുംബൈ ഇന്ത്യന്‍സ് ഇത് നാലാം തവണയാണ് ഐപിഎല്‍ കിരീടം ചൂടുന്നത്. ഇത് റെക്കോഡാണ്. കലാശക്കളിയില്‍ മുംബൈയോട് തോറ്റ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് രണ്ടാം സ്ഥാനത്ത്. ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് മൂന്ന് തവണ ഐപിഎല്‍ ചാമ്പ്യന്മാരായി.

ഹൈദരാബാദില്‍ അരങ്ങേറിയ കലാശപ്പോരിന്റെ അവസാന പന്തിലാണ് രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് വിജയം നേടിയത്. ലസിത് മലിംഗ ഏറിഞ്ഞ അവസാന ഓവറിലെ അവസാന പന്തില്‍ ചെന്നൈയ്ക്ക് ജയിക്കാന്‍ രണ്ട് റണ്‍സ് വേണ്ടിയിരുന്നു. പക്ഷെ ചെന്നൈയുടെ ശാര്‍ദുള്‍ താക്കൂര്‍ അവസാന പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ജയത്തിന് രണ്ട് റണ്‍സ് അകലെവച്ച് ചെന്നൈയുടെ കിരീടപ്രതീക്ഷ തകര്‍ന്നു. 150 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച ചെന്നെക്ക് ഇരുപത് ഓവറില്‍ ഏഴു വിക്കറ്റിന് 148 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.

ഓപ്പണര്‍മാരായ വാട്‌സണും ഫാ ഡു പ്ലെസിസും മാത്രമാണ് ചെന്നൈ ബാറ്റിങ്ങ് നിരയില്‍ തിളങ്ങിയത്. 59 പന്തില്‍ എട്ട് ഫോറും നാല് സിക്‌സറും അടക്കം 80 റണ്‍സ് സ്വന്തംപേരില്‍ കുറിച്ചു. ഡു പ്ലെസിസ് 13 പന്തില്‍ 26 റണ്‍സ് കുറിച്ചു. മൂന്ന് ഫോറും ഒരു സിക്‌സറും അടിച്ചു. ബ്രാവോ പതിനഞ്ച് പന്തില്‍ 15 റണ്‍സ് നേടി. മധ്യനിരയിലെ കരുത്തനായ നായകന്‍ ധോണി റണ്ണൗട്ടായതോടെയാണ് മത്സരം ചെന്നൈയുടെ കൈകളില്‍ നിന്ന് വഴുതിപ്പോയത്. രണ്ട് റണ്‍സ് നേടിയ ധോണി ഇഷാന്‍ കിഷന്റെ ഡയറക്ട് ത്രോയില്‍ റണ്‍ഔട്ടാകുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് കീരണ്‍ പൊള്ളാര്‍ഡിന്റെ മികവാര്‍ന്ന ബാറ്റിങ്ങില്‍ 20 ഓവറില്‍ എട്ട് വിക്കറ്റിന് 149 റണ്‍സ് നേടി. പൊള്ളാര്‍ഡ് 25 പന്തില്‍ 41 റണ്‍സുമായി അജയ്യനായി നിന്നു.

ഈ സീസണില്‍ മികച്ച പ്രകടനമാണ് ടീം കാഴ്ചവച്ചത്. ടീമെന്ന നിലയില്‍ ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്തു. അതിനുള്ള പ്രതിഫലവും കിട്ടി. 25 കളിക്കാരാണ് ടീമിലുള്ളത്. എല്ലാവരും അവരവരുടേതായ പങ്ക് വഹിച്ചെന്ന് രോഹിത് ശര്‍ മ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.