കോണ്‍ഗ്രസ് മത്സരിക്കുന്നത് വിജയിക്കാനല്ല, ബിജെപിയുടെ വോട്ട് വിഹിതം കുറയ്ക്കാന്‍

Tuesday 14 May 2019 8:15 am IST

ഗൊരഖ്പൂര്‍: ബിജെപിയുടെ വോട്ട് വിഹിതം കുറയ്ക്കുന്നതിനാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന കോണ്‍ഗ്രസ് പ്രസ്താവനയെ പരിഹസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു ദേശീയ പാര്‍ട്ടി ബിജെപിയുടെ വോട്ട് വിഹിതം കുറയ്ക്കാന്‍ ശ്രമിക്കുന്ന തരത്തിലേക്ക് മാത്രം ചുരുങ്ങിയെന്നും അദ്ദേഹം പരിഹസിച്ചു.

ഉത്തര്‍പ്രദേശിലെ പല ലോക്സഭ സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിക്കുന്നത് വിജയിക്കാനല്ലെന്നും ബിജെപിയുടെ വോട്ട് വിഹിതം കുറയ്ക്കാനാണെന്നുമായിരുന്നു പ്രിയങ്ക പറഞ്ഞിരുന്നു. ഈ പ്രസ്താവനക്കെതിരെ പരിഹാസവുമായാണ് യോഹി ആദിത്യനാഥ് രംഗത്തെത്തിയത്.

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ബിജെപിയുടെ വോട്ട് വിഹിതം കുറയ്ക്കാനാണെന്നാണ് പ്രിയങ്ക പറയുന്നത്. അവിചാരിതമെന്നു തന്നെ പറയാം. കോണ്‍ഗ്രസ് ഒരു 'വോട്ട് കട്വ'( മറ്റുള്ളവരുടെ വോട്ട് വിഹിതം കുറയ്ക്കാന്‍ വേണ്ടി മത്സരിക്കുന്ന പാര്‍ട്ടി) പാര്‍ട്ടിയായി മാറിയെന്നും യോഗി ആദിത്യനാഥ് പരിഹസിച്ചു.

ഗൊരഖ്പൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന രവി കിഷന് വേണ്ടിയുള്ള പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് കട്വ രീതിയിലൂടെ ഇക്കൂട്ടര്‍ ജനാധിപത്യത്തെ വില കുറച്ച് കാണുകയാണ്. ജനങ്ങള്‍ ഇവര്‍ക്കുള്ള മറുപടി കൃത്യമായി നല്‍കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പ്രിയങ്കയുടെ വോട്ട് കട്വ മറുപടി. ' എന്റെ മാര്‍ഗമെന്തെന്നത് വളരെ വ്യക്തമാണ്. നല്ല ശക്തരായ മത്സരാര്‍ത്ഥികള്‍ നില്‍ക്കുന്നിടത്ത് കോണ്‍ഗ്രസ് വിജയിക്കും.

അതേപോലെ മറ്റിടങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ ബിജെപിയുടെ വോട്ട് വിഹിതം കുറയ്ക്കും. വിജയിക്കാന്‍ വേണ്ടി മാത്രമല്ല സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കേണ്ടത്'. എന്നുമായിരുന്നു പ്രിയങ്കയുടെ പ്രസ്താവന. മെയ് 19നാണ് ഗൊരഖ്പൂര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.