കൊട്ടിയൂരില്‍ വൈശാഖ മഹോത്സവത്തിന് തുടക്കം

Tuesday 14 May 2019 8:37 am IST

ഇരിട്ടി (കണ്ണൂര്‍): ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂര്‍ മഹാദേവക്ഷേത്രത്തിലെ 28 നാള്‍ നീളുന്ന വൈശാഖ മഹോത്സവത്തിന് നീരെഴുന്നള്ളത്ത് ചടങ്ങോടെ തുടക്കം. 11 മാസത്തോളമായി മനുഷ്യ സ്പര്‍ശമില്ലാതെ അടഞ്ഞുകിടന്ന അക്കരെ കൊട്ടിയൂരില്‍ മനുഷ്യര്‍ പ്രവേശിക്കുന്ന ദിവസം കൂടിയാണ് ഈ ചടങ്ങ് നടക്കുന്ന ദിവസം. കൊട്ടിയൂര്‍ പെരുമാളിന്റെ സ്വയംഭൂ വിഗ്രഹം കണ്ടെത്തിയതിന്റെ സ്മരണ എന്ന നിലയിലുള്ള ആചാരമാണ് നീരെഴുന്നള്ളത്ത് ചടങ്ങ്. 

കുറിച്യ സ്ഥാനികനായ ഒറ്റപ്പിലാന്‍ പണിക്കര്‍ ബാവലി നദിക്കരയില്‍ സ്വയംഭൂ കണ്ടെത്തിയപ്പോള്‍ നടത്തിയ ആദ്യ ചടങ്ങിനെ അനുസ്മരിച്ചാണ് നീരെഴുന്നള്ളത്തു ചടങ്ങ്. കോട്ടയം തിരൂര്‍കുന്ന് മഹാഗണപതി ക്ഷേത്രത്തില്‍ നിന്ന് മണിയന്‍ ചെട്ടിയാര്‍ സ്ഥാനികന്റെ നേതൃത്വത്തില്‍ കിള്ളി, വിളക്കുതിരി എഴുന്നള്ളത്ത് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന ശേഷമാണ് ചടങ്ങ് നടന്നത്. 

ഒറ്റപ്പിലാന്‍, പെരുംകലയന്‍, ആശാരി, കാടന്‍, കൊല്ലന്‍ എന്നിവര്‍ ചേര്‍ന്ന് ഇക്കരെ ക്ഷേത്രസന്നിധിയിലും അക്കരെ ക്ഷേത്രത്തിന്റെ കിഴക്കേ നടയായ മന്ദംചേരിയില്‍ ബാവലിക്കരയിലുമായി തണ്ണീര്‍കുടി ചടങ്ങ് നടത്തി. ഇക്കരെ ക്ഷേത്രത്തിലെ ജന്മശാന്തി പടിഞ്ഞീറ്റ നമ്പൂതിരിപ്പാടിന്റെയും സമുദായി നാരായണന്‍ ഭട്ടതിരിപ്പാടിന്റെയും നേതൃത്വത്തിലുള്ള സംഘം കാവിലെ പ്രത്യേക വഴിയിലൂടെ സഞ്ചരിച്ച് കിഴക്കേ നടയായ മന്ദം ചേരിയിലെത്തി ഉരുളിക്കുളത്തിനു സമീപമുള്ള കാവില്‍ നിന്നും കൂവയിലപറിച്ച് ബാവലിയില്‍ സ്‌നാനം നടത്തും.

ആദ്യമായി സ്വയംഭൂ കാണുന്ന ഭാവത്തില്‍ ഒറ്റപ്പിലാന്‍ പണിക്കര്‍ മറ്റുള്ളവരെ വിളിച്ച് സ്വയംഭൂ കാണിക്കുന്നു. സ്ഥാനികന്‍ ബാവലിയില്‍ നിന്നും കൂവയിലയില്‍ ശേഖരിച്ച ജലം സ്വയംഭൂ സ്ഥാനത്തു അഭിഷേകം ചെയ്യുന്നു. തുടര്‍ന്ന് പടിഞ്ഞീറ്റ നമ്പൂതിരിയും കൂവയിലയില്‍ ശേഖരിച്ച ജലം അഭിഷേകം ചെയ്യുന്നു. ജന്മാശാരി മണിത്തറ അളന്നു ചിട്ടപ്പെടുത്തുകയും പുറങ്കലയന്‍ സ്ഥാനികന്‍ വൃത്തിയാക്കുകയും തുടര്‍ന്ന് തിടപ്പള്ളി അടുപ്പില്‍ നിന്ന് ഭസ്മം അണിഞ്ഞശേഷം പടിഞ്ഞാറേ നടവഴി പുറത്തു കടക്കുകയും ചെയ്യും. അര്‍ദ്ധരാത്രിയോടെ ആയില്യാര്‍ കാവില്‍ പൂജയും അപ്പ നിവേദ്യവും നടക്കും.

 17ന് സന്ധ്യയോടെ വയനാട്ടിലെ മുതിരേരി ക്ഷേത്രത്തില്‍ നിന്നും വാള്‍ എഴുന്നള്ളത്തും തുടര്‍ന്ന് നാളം തുറക്കല്‍ ചടങ്ങും അര്‍ദ്ധരാത്രിയോടെ  സ്വയംഭൂവില്‍ നെയ്യഭിഷേകവും നടക്കും. 18ന് രാത്രിയോടെ ഭണ്ഡാരം എഴുന്നള്ളത്തിന് ശേഷമേ സ്ത്രീകള്‍ക്ക് അക്കരെ കൊട്ടിയൂരില്‍ പ്രവേശനം അനുവദിക്കു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.