ഇതര സംസ്ഥാനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു

Tuesday 14 May 2019 9:53 am IST

മട്ടാഞ്ചേരി: കൊച്ചി നഗരപരിധിയിലുള്ള ഇതരസംസ്ഥാനക്കാര്‍ക്ക് കൊച്ചി കോര്‍പ്പറേഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നു. സുരക്ഷസംവിധാനങ്ങളുടെ ഭാഗമായാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ നീക്കം തുടങ്ങിയത്. തീവ്രവാദഭീഷണിയും വര്‍ധിച്ചു വരുന്ന മോഷണം, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍, ലഹരി ഉപഭോഗം-വില്‍പ്പന തുടങ്ങിയവയും ക്രമസമാധാന പാലനവും ഉറപ്പാക്കി ജനസുരക്ഷ ലക്ഷ്യമിട്ടാണ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം. 

നഗരപരിധിയിലുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ കാര്‍ഡ് നല്‍കുക. തുടര്‍ന്ന് കോര്‍പ്പറേഷന്‍ പരിധിയില്‍ മുഴുവനായിവ്യാപിക്കും. പേര്,സംസ്ഥാനം,ജില്ല, പ്രദേശം, വിദ്യാഭ്യാസം,രക്ഷിതാക്കള്‍,ആധാര്‍ നമ്പര്‍,കുടുംബവിവരങ്ങള്‍, രക്ത ഗ്രൂപ്പ് ,ഏന്തെങ്കിലും കേസ്സുകളുടെ വിവരം, രോഗവിവരം, കേരളതതിലെ ഏജന്റ്, താമസ കേന്ദ്രം, പ്രവര്‍ത്തന മേഖല, തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ചാണ് കാര്‍ഡ് വിതരണം ചെയ്യുക.

നഗരപരിധിയില്‍ ഏകദേശം 3000 - 4000 ത്തോളം ഇതരസംസ്ഥാനക്കാര്‍ പ്രവര്‍ത്തിക്കുന്നതായാണ് പ്രാഥമിക വിവരം. പോലീസ്, തൊഴില്‍ വകുപ്പ് അധികൃതരുമായി സംയോജിച്ചും കേന്ദ്ര ഏജന്‍സികളുമായി ചേര്‍ന്നുമാണ് വിവരശേഖരണവും കാര്‍ഡ് തയാറാക്കലും നടക്കുക. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ സംയോജനവും ഉറപ്പാക്കണം.

നിര്‍മ്മാണ മേഖല,ഹോട്ടല്‍, ശുചീകരണം, വീട്ടുജോലിയില്‍ വരെ ഇതരസംസ്ഥാനക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചിലര്‍ കുടുംബവുമൊത്താണ് താമസിക്കുന്നത്. ബംഗാള്‍, ആസാം ,ബീഹാര്‍ എന്നി വിടങ്ങളില്‍ നിന്നുള്ളവരാണ് കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരിലധികവും. പലരും വര്‍ഷങ്ങളായി കൊച്ചിയില്‍ താമസിക്കുന്നവരാമെന്ന് ഏജന്‍സികള്‍ പറയുന്നു. 

എന്നാല്‍ ഇവരെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ അധികൃതരുടെ കൈയിലില്ല. സുരക്ഷാ ഏജന്‍സികളുടെ പരിശോധനകളില്‍ തിരിച്ചറിയാനും വിവരശേഖരണത്തിനും കാര്‍ഡ് ലക്ഷ്യമിടുന്നുണ്ട്. കൊച്ചി നഗരപരിധിയില്‍ കൊലപാതകം മുതല്‍ സ്ത്രീകള്‍ക്കെതിരായി അതിക്രമങ്ങള്‍, മോഷണം തുടങ്ങി ക്രമസമാധാന തകര്‍ച്ചയില്‍ അന്യസംസ്ഥാനക്കാരുടെ പങ്ക് വര്‍ധിച്ചു വരുകയും  ഭീകരവാദികളുടെ  ആക്രമണ ലക്ഷ്യസ്ഥാനങ്ങളിലോന്ന് കൊച്ചിയെന്നതുമാണ് കോര്‍പ്പറേഷന്‍ വിവര ശേഖരണം നടത്തി തിരിച്ചറിയല്‍കാര്‍ഡ് നല്‍കാനൊരുങ്ങുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ തൊഴില്‍ വകുപ്പ് ഐഡി കാര്‍ഡ് വിതരണം ചെയ്‌തെങ്കിലും ഇതിന്റെ പരിധിയില്‍പ്പെടാതെയുള്ളവരും കൊച്ചി നഗരത്തില്‍ പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.