കൊച്ചി നഗരസഭയില്‍ ഓണ്‍ലൈന്‍ സംവിധാനം കാര്യക്ഷമമല്ല

Tuesday 14 May 2019 10:21 am IST

കൊച്ചി: നഗരസഭയില്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് കൗണ്‍സിലര്‍മാരുടെ പരാതി. ഇന്നലെ കൂടിയ കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം  ചൂണ്ടിക്കാട്ടി.  മരണസര്‍ട്ടിഫിക്കറ്റിന് വേണ്ടി  കൊച്ചി കോര്‍പ്പറേഷനില്‍ ഒമ്പത് മാസം മുമ്പ് അപേക്ഷ നല്‍കിയതാണ്. ഇതുവരെ  സര്‍ട്ടിഫിക്കറ്റ് ശരിയായിട്ടില്ല. 

അദ്ധ്യയനവര്‍ഷം ആരംഭിക്കുന്ന ഈ സമയത്ത് ജനന സര്‍ട്ടിഫിക്കറ്റിനായി രക്ഷകര്‍ത്താക്കള്‍ ഓട്ടത്തിലാണ്. ബില്‍ഡിങ്് പെര്‍മിറ്റിനുള്ള നൂറുകണക്കിന് അപേക്ഷകളാണ് അനുമതി ലഭിക്കാതെ കെട്ടിക്കിടക്കുന്നത്. വിവാഹ രജിസ്ട്രേഷന്‍ നടത്താന്‍ കഴിയാത്തതിനാല്‍ പലരുടെയും വിദേശയാത്രകള്‍ മുടങ്ങി. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ നേരിട്ടെത്തി ഓഫ്ലൈനായി ജനന സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കുകയാണ്.

ഓണ്‍ലൈന്‍ സംവിധാനമൊരുക്കുന്നതിന് കരാര്‍  ഏറ്റെടുത്തിട്ടുള്ള സ്വകാര്യ ഏജന്‍സിയായ ടിസിഎസ് (ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ്) ഒന്നര മാസം മുമ്പ് തന്നിഷ്ടപ്രകാരം സര്‍വീസ് അവസാനിപ്പിച്ചതോടെ ജനങ്ങള്‍ നെട്ടോട്ടമോടുകയാണെന്ന് ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഭരണപ്രതിപക്ഷ ഭേദമന്യെ  കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ വീടുപണി കഴിഞ്ഞവര്‍ ബുദ്ധിമുട്ടിലാണ്. ഇത് ഓഫ് ലൈനായി കൊടുക്കാന്‍ തീരുമാനിച്ചാല്‍ 250  പേര്‍ക്ക് ഉടനടി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയും. 3000 ചതുരശ്രഅടി വിസ്തീര്‍ണ്ണത്തില്‍ താഴെയുള്ള വീടുകള്‍ക്ക് ഓഫ് ലൈനായി  സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സാധ്യത പരിശോധിക്കണമെന്നാവശ്യവും ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ പിവൈഎംഎ ഗുണഭോക്താക്കളുള്ള പശ്ചിമകൊച്ചിയെയയാണ് ഈ പ്രശ്‌നം ഏറ്റവും അധികം ബാധിച്ചത്. 

ഭരണപക്ഷത്തിലെ ചിലരും, പ്രതിപക്ഷവും ഒരുപോലെ ഇ ഗവേണ്‍സ് പരാജയത്തിന്റെ പേരില്‍ ഭരണസമിതിയെ രൂക്ഷമായി വിര്‍മശിച്ചു. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കുന്ന കാര്യങ്ങളില്‍ നിന്നെല്ലാം ഭരണസമിതി ഒളിച്ചോടുകയാണ്. ടിസിഎസുമായി മുന്നോട്ടുപോകാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ചര്‍ച്ച ആവശ്യമാണെന്ന് ഡെപ്യൂട്ടി മേയര്‍ ടി.ജെ.വിനോദ് വ്യക്തമാക്കി. ടിസിഎസിനെ ഒഴിവാക്കി  ഐ.കെ.എമ്മിനെ (ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍) ചുമതല ഏല്പിക്കണമെന്നവാശ്യവും ഉയര്‍ന്നു.

മേയറുടെ വിശദീകരണമിങ്ങനെ..

പ്രവൃത്തികള്‍ മുഴുവന്‍ പൂര്‍ത്തിയാക്കിയെന്നാണ് ടിസിഎസ് അവകാശപ്പെടുന്നതെന്ന് മേയര്‍ സൗമിനി ജെയിന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. സാങ്കേതിക വിദഗ്ദ്ധരുടെ അഭാവം മൂലം ഇത് പരിശോധിക്കാന്‍ കോര്‍പ്പറേഷന് കഴിയുന്നില്ലെന്നതാണ് പ്രധാന പിഴവ്. ടിസിഎസ് സെര്‍വര്‍ ഡൗണ്‍ ചെയ്തതോടെ പ്രശ്‌നത്തില്‍  ഇടപെടണമെന്ന്  ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.

ഇതേതുടര്‍ന്ന് ഐടി മിഷന്റെ വിദഗ്ദ്ധ സംഘം ഇവിടെയെത്തി  ടിസിഎസിന്റെ ഇതുവരെയുള്ള പ്രവൃത്തികള്‍ പരിശോധിച്ചു. പ്രതിസന്ധി പരിഹരിക്കുന്നതിനായി  ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നാളെ കൊച്ചിയില്‍ യോഗം ചേരും. ഐകെഎം പ്രതിനിധികള്‍  ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുമെന്ന് മേയര്‍ പറഞ്ഞു.

കെട്ടിട നിര്‍മാണ പ്ലാനുകള്‍ പാസാക്കുന്നതിനാണ് ഇപ്പോള്‍ ഏറ്റവും തടസം നേരിട്ടിരിക്കുന്നത്. പ്രതിസന്ധി മറികടക്കുന്നതിനായി ഓണ്‍ലൈന്‍ സംവിധാനം  പൂര്‍ണമായി സജ്ജമാകുന്നതുവരെ  സര്‍ക്കാരിന്റെ അനുമതിയോടെ 645 ചതുരശ്ര അടിയില്‍ താഴെയുള്ള വീടുകള്‍ക്ക് ഓഫ് ലൈനായി അനുമതി നല്‍കുമെന്ന് മേയര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.