ഇഫ്താറിന് 'ഇഡ്‌ലിയും സാമ്പാറും'! എന്താ പറ്റൂലേ?!!!

Tuesday 14 May 2019 1:53 pm IST

ദുബായ് : ബിരിയാണിയും എണ്ണ പലഹാരങ്ങളും മാത്രമേ ഇഫ്താറിന് പോടൊള്ളു എന്നുണ്ടോ ? എന്നാല്‍ ഇല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ദുബായില്‍ താമസമാക്കിയ മലയാളി ദമ്പതികളായ മോഹന്‍ കുമാറും, ജയശ്രീയും. പാലക്കാട് പത്തിരിപ്പാലം സ്വദേശികളായ ഇവര്‍ ദക്ഷിണേന്ത്യന്‍ സസ്യാഹാരങ്ങളായ ഇഡ്‌ലി, സാമ്പാര്‍, തുടങ്ങിയവയിലൂടേയും നോമ്പ് തുറക്കാമെന്നും അറബ് നാട്ടില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 

കഴിഞ്ഞ 20 വര്‍ഷമായി അറബ് നാട്ടില്‍ ഇത്തരത്തില്‍ ഇഫ്താര്‍ വിരുന്ന് മോഹന്‍ കുമാര്‍ നല്‍കുന്നുണ്ട്. സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, അയല്‍ക്കാര്‍ എന്നിവര്‍ക്കായി ഒരുക്കിയ വിരുന്നിലാണ് ഇത്തരത്തില്‍ ആഹാരം വിളമ്പിയത്. ഇത്തരത്തില്‍ സ്വന്തം കൈകൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങള്‍ ഇഫ്താറില്‍ പങ്കുവെയ്ക്കുന്നതില്‍ കിട്ടുന്ന ആത്മസംതൃപ്തിയും വലുതാണെന്നും ദമ്പതികള്‍ അറിയിച്ചു.

1999ല്‍ മോഹന്‍ കുമാര്‍ യുഎഇയില്‍ എത്തുമ്പോള്‍ സുഹൃത്തുക്കളില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് ഇഫ്താര്‍ വിരുന്നിന് ഇത്തരത്തില്‍ വ്യത്യസ്തമായി വിഭവങ്ങള്‍ നല്‍കാന്‍ പ്രേരിപ്പിച്ചത്. പിന്നീടിങ്ങോട്ടുള്ള വര്‍ഷങ്ങളിലും ഇത് തുടരുകയായിരുന്നു. 

പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, യെമന്‍, ജോര്‍ദാന്‍, ഈജിപ്ത് എന്നീ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മോഹന്‍ കുമാറിന്റെ ഇഫ്താറില്‍ ഇന്ന് പങ്കെടുക്കുന്നുണ്ട്.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരായതിനാല്‍ ഇവര്‍ക്കായി കുറച്ച് അറബ് വിഭവങ്ങള്‍ വിരുന്നില്‍ നല്‍കിയെങ്കിലും എല്ലാവര്‍ക്കും താത്പ്പര്യം മോഹന്‍ കുമാറിന്റേയും ജയശ്രീയുടേയും ഇഡ്‌ലിയോടും സാമ്പാറിനോടുമാണ്. ദമ്പതികളുടെ ഈ വ്യത്യസ്ത സത്കാരത്തിന് മോഹന്‍ കുമാറിന്റെ കമ്പനിയും നല്ല പിന്തുണ നല്‍കുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.