പ്രിയങ്ക ശര്‍മയുടെ മോചനം; അഭിപ്രായ സ്വാതന്ത്ര്യം സുപ്രീം കോടതി ചര്‍ച്ച ചെയ്യും

Tuesday 14 May 2019 7:34 pm IST
അഭിപ്രായ സ്വതന്ത്ര്യത്തിനുമേല്‍ വിട്ടുവീഴ്ചയൊന്നുമില്ല. പക്ഷെ അത് മറ്റൊരാളുടെ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാകരുത്, ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി പറഞ്ഞു. നിങ്ങള്‍ കാരണം ആര്‍ക്കെങ്കിലും മുറിവേറ്റിട്ടുണ്ടെങ്കില്‍ മാപ്പു പറയുന്നതില്‍ തെറ്റൊന്നുമില്ല ജസ്റ്റിസ് ഖന്ന പറഞ്ഞു. ജാമ്യവും മാപ്പും തമ്മില്‍ ബന്ധമൊന്നുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അത് രണ്ടും രണ്ട് വിഷയങ്ങളുമാണ്. കോടതി പറഞ്ഞു.

ന്യൂദല്‍ഹി: ബംഗാളിലെ മമത സര്‍ക്കാര്‍ ജയിലിലടച്ച യുവമോര്‍ച്ച നേതാവ് പ്രിയങ്ക ശര്‍മ്മ മോചനത്തിനു  ശേഷം മാത്രം മാപ്പു പറഞ്ഞാല്‍ മതിയെന്ന് വ്യക്തമാക്കി സുപ്രീംകോടതി. പ്രിയങ്കയെ ജാമ്യം നല്‍കി മോചിപ്പിക്കാന്‍  മാപ്പു പറയണമെന്നായിരുന്നു ആദ്യ ഉത്തരവ്. എന്നാല്‍, അല്‍പ്പസമയത്തിനു ശേഷം വിധി തിരുത്തി  പിന്നീട് മാപ്പുപറഞ്ഞാല്‍ മതിയെന്നാക്കി.

മമതയുടെ മോര്‍ഫ് ചെയ്ത ചിത്രം ഫേസ്ബുക്കിലിട്ടതിന് കഴിഞ്ഞ ദിവസമാണ് യുവമോര്‍ച്ച ഹൗറ ജില്ലാ കണ്‍വീനര്‍ പ്രിയങ്ക ശര്‍മ്മയെ അറസ്റ്റ് ചെയ്ത് 14 ദിവസത്തേക്ക് ജയിലില്‍ അടച്ചത്. പ്രിയങ്കയെ മോചിപ്പിക്കാന്‍ ഉത്തരവിട്ട കോടതി അവര്‍ മാപ്പ് എഴുതി നല്‍കണമെന്നാണ് ആദ്യം പറഞ്ഞത്. ഇതിനെ അവരുടെ അഭിഭാഷകന്‍ എന്‍.കെ. കൗള്‍ എതിര്‍ത്തു. അവര്‍ അറസ്റ്റിലാകും മുന്‍പുതന്നെ പോസ്റ്റ് നീക്കിയിരുന്നു. പക്ഷെ അത് ഫേസ്ബുക്കില്‍ വ്യാപിച്ചു കഴിഞ്ഞിരുന്നു. പോസ്റ്റ് ഷെയര്‍ ചെയ്യുക മാത്രമാണ് പ്രിയങ്ക ചെയ്തത്. ഇതിന്റെ പേരില്‍ അവരെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വയ്ക്കുന്നത് അവരുടെ മൗലികാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണ്, കൗള്‍ ചൂണ്ടിക്കാട്ടി. 

നിയമപരമായി തെറ്റ് എന്താണെന്നതിനെക്കുറിച്ചല്ല പറയുന്നത്. അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു പാര്‍ട്ടിയുടെ നേതാവാണ്. അവര്‍ ഒരു സാധാരണ പൗരനായിരിന്നുവെങ്കില്‍ പ്രശ്‌നം ഉണ്ടാകുമായിരുന്നില്ല, ഈ സമയം ജസ്റ്റിസ് സഞ്ജീവ് ഖന്ന ചൂണ്ടിക്കാട്ടി. അവര്‍ മാപ്പു പറയുമോയെന്ന് അപ്പോള്‍ ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി ചോദിച്ചു. അത് അഭിപ്രായ സ്വാതന്ത്ര്യം മരവിപ്പിക്കുമെന്നായിരുന്നു കൗളിന്റെ മറുപടി. അവര്‍ ഷെയര്‍ ചെയ്ത ഒരു ചിത്രം ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നതിനാല്‍ അവര്‍ മാപ്പു പറയേണ്ടതുണ്ടോ? ബിജെപി നേതാക്കളുടെ അനവധി കാരിക്കേച്ചറുകളും കാര്‍ട്ടൂണുകളുമുണ്ട്. പക്ഷെ ഇത്തരമൊരു കാര്യം (അറസ്റ്റ്) ഉണ്ടായിട്ടില്ല. എന്തിനാണ് മാപ്പു പറയാന്‍ ഇപ്പോള്‍ അവരെ നിര്‍ബന്ധിക്കുന്നത്. നാളെ ഇത്തരമൊരു ചിത്രം ഷെയര്‍ ചെയ്തതിന് ആരെയും അറസ്റ്റ് ചെയ്ത് മാപ്പു പറയാന്‍ നിര്‍ബന്ധിക്കില്ലേ? ഈ ചിത്രം വൈറലായിക്കഴിഞ്ഞു. അത് വെറുമൊരു തമാശയാണ്. ഒരു രാഷ്ട്രീയ ഹാസ്യം. കൗള്‍ കോടതിയെ ബോധ്യപ്പെടുത്തി.

അഭിപ്രായ സ്വതന്ത്ര്യത്തിനുമേല്‍ വിട്ടുവീഴ്ചയൊന്നുമില്ല. പക്ഷെ അത് മറ്റൊരാളുടെ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാകരുത്, ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി പറഞ്ഞു. നിങ്ങള്‍ കാരണം ആര്‍ക്കെങ്കിലും മുറിവേറ്റിട്ടുണ്ടെങ്കില്‍ മാപ്പു പറയുന്നതില്‍ തെറ്റൊന്നുമില്ല ജസ്റ്റിസ് ഖന്ന പറഞ്ഞു. ജാമ്യവും മാപ്പും തമ്മില്‍ ബന്ധമൊന്നുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അത് രണ്ടും രണ്ട് വിഷയങ്ങളുമാണ്.  കോടതി പറഞ്ഞു.

 കേസില്‍ വിശദീകരണം തേടി മമത സര്‍ക്കാരിനും പോലീസിനും കോടതി നോട്ടീസയച്ചു. കേസ് ഇനി പരിഗണിക്കുമ്പോള്‍ അഭിപ്രായ സ്വതന്ത്ര്യം സംബന്ധിച്ച വിശദമായ ചര്‍ച്ചയാകാമെന്നും കോടതി വ്യക്തമാക്കി

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.