യോഗി കുണ്ഡലിയെ അറിയുന്നവന്‍

Wednesday 15 May 2019 1:06 am IST
സുഷുമ്നാ മാര്‍ഗത്തില്‍ 3 ഗ്രന്ഥികള്‍, മൂന്ന് കെട്ടുകള്‍, മൂന്നു കമ്പുകള്‍ ഉണ്ട് - ബ്രഹ്മഗ്രസ്ഥി, വിഷ്ണുഗ്രന്ഥി, രുദ്രഗ്രന്ഥി എന്നിവ. അതിലാദ്യത്തേത്, മൂലാധാരത്തിലേതാണ്. ഈ കെട്ടഴിഞ്ഞാലേ ഇപ്പോഴത്തെ ബോധതലത്തില്‍ നിന്ന് മാറാന്‍ കഴിയൂ. അത് ഒരു സൃഷ്ടി പ്രക്രിയയാണ് - ദേശ കാലങ്ങളെ അതിക്രമിക്കുന്ന പുതുജന്മം. അപ്പോള്‍ ഇന്ദ്രിയസുഖങ്ങളില്‍ വിരക്തിയും മോക്ഷത്തില്‍ ഇച്ഛയും ഉണരും.

കന്ദോര്‍ധ്വേ കുണ്ഡലീ ശക്തി:

സുപ്താ മോക്ഷായ യോഗിനാം

ബന്ധനായ ച മൂഢാനാം

യസ്താം വേത്തി സ യോഗവിത്. - 3 - 107

കുണ്ഡലീ ശക്തി കന്ദത്തിന്റെ (മൂലാധാരത്തിന്റെ ) മേലെ ഉറങ്ങുന്നു - യോഗികളുടെ മോക്ഷത്തിനും മൂഢന്മാരുടെ ബന്ധത്തിനും.കുണ്ഡലിയെ അറിയുന്നവനാണ് യോഗി.

സുഷുമ്നാ മാര്‍ഗത്തില്‍ 3 ഗ്രന്ഥികള്‍, മൂന്ന് കെട്ടുകള്‍, മൂന്നു കമ്പുകള്‍ ഉണ്ട് - ബ്രഹ്മഗ്രസ്ഥി, വിഷ്ണുഗ്രന്ഥി, രുദ്രഗ്രന്ഥി എന്നിവ. അതിലാദ്യത്തേത്, മൂലാധാരത്തിലേതാണ്. ഈ കെട്ടഴിഞ്ഞാലേ ഇപ്പോഴത്തെ ബോധതലത്തില്‍ നിന്ന് മാറാന്‍ കഴിയൂ. അത് ഒരു സൃഷ്ടി പ്രക്രിയയാണ് - ദേശ കാലങ്ങളെ അതിക്രമിക്കുന്ന പുതുജന്മം. അപ്പോള്‍ ഇന്ദ്രിയസുഖങ്ങളില്‍ വിരക്തിയും മോക്ഷത്തില്‍ ഇച്ഛയും ഉണരും. അതാണ് സ്വാത്മാരാമന്‍ പറയുന്നത്, ഇന്ദ്രിയ സുഖങ്ങളില്‍ ഭ്രമിക്കുന്ന മൂഢന്റെ ബന്ധനത്തിനും അല്ലാത്തവന്റെ, യോഗിയുടെ മോചനത്തിന്നും ഈ ഗ്രന്ഥി കാരണമാവും എന്ന്.

കുണ്ഡലീ കുടിലാകാരാ

സര്‍പ്പവത് പരികീര്‍ത്തിതാ

സാ ശക്തിശ്ചാലിതാ യേന

സ മുക്തോ നാത്ര സംശയ: - 3 - 108

കുണ്ഡലി, സര്‍പ്പത്തെപ്പോലെ ചുരുണ്ടിരിക്കുന്നു. ആ ശക്തിയെ ചലിപ്പിക്കുന്നവന്‍ മുക്തനാകും. സംശയമില്ല.

മൂലാധാരചക്രത്തില്‍, 'ധൂമ്രലിംഗ 'ത്തില്‍ ( പുകയുടെ നിറത്തിലുള്ള കൊച്ചു ശിവലിംഗത്തില്‍) മൂന്നര തവണ ചുറ്റിയിരിക്കുകയാണ് കുണ്ഡലിനി. ജാഗ്രത്, സ്വപ്‌നം, സുഷുപ്തി എന്നീ അവസ്ഥകളാണ് മൂന്നു ചുറ്റ്. ഓങ്കാരത്തിലെ മൂന്ന് ശബ്ദങ്ങളെയും ഇതു പ്രതിനിധാനം ചെയ്യുന്നു. അരച്ചുറ്റ് തുരീയാവസ്ഥയെ കാണിക്കുന്നു. ശിവലിംഗം സൂക്ഷ്മ ശരീരം തന്നെ. 

ഗംഗാ യമുനയോര്‍മദ്ധ്യേ

ബാലരണ്ഡാം തപസ്വിനീം

ബലാത്കാരേണ ഗൃഹ്ണീയാത്

തദ്വിഷ്ണോ: പരമം പദം - 3 - 109

ഗംഗയുടെയും യമുനയുടെയും മധ്യത്തില്‍ തപസ്വിനിയായ ബാലരണ്ഡ ഇരിക്കുന്നു. അതിനെ പരിശ്രമിച്ചു പിടിക്കണം. അത് വിഷ്ണുവിന്റെ പരമപദമാണ്.

ഇഡാ ഭഗവതീ ഗംഗാ

പിങ്ഗളാ യമുനാ നദീ

ഇഡാ പിംഗളയോര്‍ മധ്യേ

ബാലരണ്ഡാ ച കുണ്ഡലീ - 3 -1 10

ഇഡ ഗംഗയും പിംഗള യമുനയും ആണ്. ഇഡാ - പിംഗളകളുടെയിടയില്‍ കുണ്ഡലിയായ ബാലരണ്ഡയിരിക്കുന്നു.

ഗംഗാനദി ഇഡാ നാഡിയാണ്. യമുന പിംഗളയും.  അവ രണ്ടും പ്രത്യക്ഷമാണ്. ശരീരം, മനസ്സ് എന്നീ ബോധം നില നിറുത്തുന്നത് ഈ നാഡികള്‍ ആണ്.

മനസ്സിന്റെ സ്വഭാവമാണ് ഗംഗയ്ക്ക്, ഇഡയ്ക്ക്. ഇളകി മറിയുന്ന, സര്‍വത്തിനെയും ഒഴുക്കിയൊടുക്കുന്ന ഭീകര ശക്തിയാണത്. ശിവനാണ് തന്റെ ജടയിലൊതുക്കി അതിനെ നിയന്ത്രിച്ച് ഉപയോഗയോഗ്യമാക്കിയത്. തരം കിട്ടിയാല്‍ അത് കൂലം കുത്തിയൊഴുകും. ദേശബോധം (സ്ഥല ബോധം) ആണ് ഇത് കാണിച്ചുതരുന്നത്. തലച്ചോറിന്റെ വലത്തെ പകുതിയെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്.

യമുന ശാന്തമായ നദിയാണ്. പ്രാണനാണ് യമുന എന്ന പിംഗള. അതിന്റെ കരയിലാണ് ശ്രീകൃഷ്ണന്‍ താമസിച്ചത്. കാളിയനെന്ന വിഷസര്‍പ്പം കുറെക്കാലം അതില്‍ വസിച്ച് അതിനെ വിഷമയമാക്കി. കാലത്തിന്റെ സൂചകനാണ് കാളിയന്‍. ഇടതു തലച്ചോറിന്റെ ഉടമ. കൃഷ്ണന്‍ അതിനെ ജയിച്ചു. യമുന ചിലകാലം വറ്റാറുണ്ട്, പ്രാണശക്തി പോലെ. 

അവയുടെ ഇടയിലാണ് സുഷുമ്ന ( സരസ്വതി) ഇരിക്കുന്നത്. അത് അന്തര്‍വാഹിനിയാണ്, അപ്രത്യക്ഷയാണ്, ആത്മീയശക്തിയാണ്. 

ഇവ മൂന്നും ഒന്നായിത്തീരുന്നു അലഹബാദിനടുത്തുള്ള പ്രയാഗില്‍, ആജ്ഞാചക്രത്തില്‍. ഭൂമിശാസ്ത്രപരമായും അതിനുള്ള പ്രാധാന്യം മഹാകുംഭമേളയില്‍ ദൃശ്യമാണ്.

രണ്ഡ എന്നാല്‍ വിധവ. ബാലരണ്ഡ  എന്നാല്‍ ചെറുപ്പക്കാരിയായ വിധവ. അവള്‍ (കുണ്ഡലിനി) ഗംഗാ - യമുനകള്‍ (ഇഡാ - പിംഗളകള്‍) ക്കിടയില്‍ തപസ്സ നുഷ്ഠിക്കുകയാണ്, ഉപവാസമിരിക്കുകയാണ്. ഭര്‍ത്താവ് ശിവന്‍ അകലെ കൈലാസത്തില്‍ (സഹസ്രാരത്തില്‍) തപസ്സിരിക്കുകയാണ്. അതുകൊണ്ട് വിധവയാണ്. അകന്നിരിക്കല്‍ തന്നെ തപസ്സാണ്.

പുച്ഛേ പ്രഗൃഹ്യ ഭുജഗീം

സുപ്താമുദ്ബോധയേച്ച താം

നിദ്രാം വിഹായ സാ ശക്തി -

രൂര്‍ധ്വമുത്തിഷ്ഠതേ ഹഠാത് - 3 - 111

ഉറങ്ങിക്കിടക്കുന്ന ആ സര്‍പ്പത്തെ വാലില്‍ പിടിച്ചുണര്‍ത്തണം. ഉണര്‍ന്നാല്‍ ആ ശക്തി മുകളിലേക്കുയരും.

ഒരു പാമ്പിന്റെ വാലില്‍ പിടിച്ചാല്‍ ഉടന്‍ അത് ശക്തമായി പിടച്ച് ഉയരും. ബന്ധനം വിടുവിക്കാന്‍ ശ്രമിക്കും. ഇവിടെ വാല്‍ മൂലാധാരചക്രം തന്നെ. ഇഡാ - പിംഗളകളെ

അടച്ച് സുഷുമ്ന തുറക്കണം. രണ്ടു മൂക്കിലൂടെയും ശ്വാസം തുല്യമായി പോകുന്നത് നാഡീശുദ്ധിയുടെ, സുഷുമ്നാ നാഡി തുറന്നതിന്റെ ലക്ഷണമാണ്. അനുലോമ - വിലോമ, അഥവാ നാഡീശുദ്ധി പ്രാണായാമത്തിന് വളരെയേറെ പ്രാധാന്യമാണ് നല്കപ്പെട്ടിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.