സുഗ്രീവന്റെ കിരീടധാരണം

Wednesday 15 May 2019 1:04 am IST

ന്തു കൊണ്ട് ബാലിയെ വധിച്ചു എന്നതിനുള്ള ധര്‍മാധര്‍മന്യായങ്ങള്‍ രാമന്‍ താരയെയും ബോധ്യപ്പെടുത്തിക്കൊടുത്തു. അന്ത്യം കാത്തുകിടക്കുന്ന ബാലി അതെല്ലാം സശ്രദ്ധം കേള്‍ക്കുന്നുണ്ടായിരുന്നു. അതിനു ശേഷം രാമനോടായി ബാലി ഇങ്ങനെ പറഞ്ഞു. ' ശ്രീരാമദേവാ ഞങ്ങള്‍ ആര്യധര്‍മങ്ങളില്‍ അജ്ഞരാണ്. അവയെല്ലാം അവിടുന്ന് താരയ്ക്കും സുഗ്രീവനും അംഗദനും ഉപദേശിക്കണം. അവരെ മൂവരേയും സംരക്ഷിക്കണം.' 

ബാലിയുടെ ശബ്ദം നേര്‍ത്തുനേര്‍ത്തു വന്നു. ശ്വാസം തടസ്സപ്പെട്ടു. അന്ത്യവേളയായെന്ന് ബോധ്യമായതോടെ തന്റെ മാറില്‍ തറച്ചു കിടക്കുന്ന ബാണം ഊരിയെടുക്കാന്‍ ബാലി, രാമനോട് പറഞ്ഞു. 

രാമന്‍, ബാലിയുടെ ദേഹം പതുക്കെ തലോടി, വക്ഷസ്സില്‍ നിന്നും ബാണം വലിച്ചൂരിയെടുത്തു. ബാലിക്ക് അല്പം പോലും വേദന തോന്നിയില്ല. വൈകാതെ ആ ദേഹം നിശ്ചലമായി. 

രാമശരമേറ്റ ബാലിക്ക് അങ്ങനെ മുക്തി സിദ്ധിച്ചു. സുഗ്രീവനും അംഗദനും ചേര്‍ന്ന് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു. 

അനന്തരം സുഗ്രീവന് രാജ്യാഭിഷേകവും അംഗദന് യുവരാജാഭിഷേകവും നടത്താന്‍ തീരുമാനമായി. ലക്ഷ്മണനെയാണ് അതിന്റെ മേല്‍നോട്ടങ്ങള്‍ രാമന്‍ ഏല്‍പ്പിച്ചത്. അക്കാര്യത്തില്‍ ലക്ഷ്മണനെ സഹായിക്കാന്‍ ഹനുമാനോടും ജാംബവാനോടും നിര്‍ദേശിച്ച ശേഷം രാമന്‍ തിരികെ ഋശ്യമൂകാചലത്തിലെത്തി വിശ്രമിച്ചു. 

രാജ്യാഭിഷേകത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. അതു കണ്ട് അനുഗ്രഹിക്കാന്‍ രാമനെ സുഗ്രീവന്‍ കിഷ്‌കിന്ധയിലേക്ക് ക്ഷണിച്ചു. രാമന്‍ സ്നേഹപൂര്‍വം അത് നിരസിച്ച ശേഷം വിഘ്നങ്ങളില്ലാതെ അതെല്ലാം നിര്‍വഹിക്കാന്‍ ലക്ഷ്മണേനാട് വീണ്ടും പറഞ്ഞു. 

രാമന്റെ നിര്‍ദേശമനുസരിച്ച് ലക്ഷ്മണന്‍ കൃത്യങ്ങളെല്ലാം ഭംഗിയായി നിര്‍വഹിച്ചു. സുഗ്രീവനെ മഹാരാജാവായും അംഗദനെ യുവരാജാവായും വാഴിച്ചു. സുഗ്രീവ പത്നി രുമ മഹാറാണിയായി. താരയെ അമ്മ മഹാറാണിയാക്കി അവരോധിച്ചു. ഹനുമാനെ, സുഗ്രീവന്റെ മന്ത്രിമുഖ്യനായും നിയമിച്ചു. ദൗത്യങ്ങളെല്ലാം തീര്‍ത്ത ശേഷം ലക്ഷ്മണന്‍, രാമനരികില്‍ തിരിച്ചെത്തി. 

നാളുകള്‍ കടന്നു പോയി. വര്‍ഷാരംഭമായി. ആര്യോപദേശ ധര്‍മത്താല്‍ രാമഭക്തയായി മാറിയ താര ശ്രീരാമദേവനോട് കിഷ്‌ക്കിന്ധയിലേക്ക് വരണമെന്ന് പലവുരു അഭ്യര്‍ഥിച്ചു. പക്ഷേ അച്ഛനു നല്‍കിയ വാക്കില്‍ രാമന്‍ ഉറച്ചു നിന്നു. വനവാസത്തില്‍ നിന്ന് ഒരു വേളപോലും  മാറിനില്‍ക്കാന്‍ ഭഗവാന്‍ സന്നദ്ധനായില്ല. എന്നാല്‍ സുഗ്രീവനും താരയ്ക്കും അംഗദനും വേണ്ട ഉപദേശങ്ങള്‍ വിധിയാംവണ്ണം ഋശ്യമൂകാചലത്തിലിരുന്ന് ഭഗവാന്‍ നല്‍കിക്കൊണ്ടിരുന്നു. 

ഭര്‍തൃവിരഹത്താല്‍ ദു:ഖിതയായിരുന്നു താരയോട് നിത്യമുക്തി ലഭിച്ച ബാലിയെ ഓര്‍ത്ത് വിലപിക്കരുതെന്ന് രാമന്‍ പറഞ്ഞു. കൃത്യനിഷ്ഠയോടെ രാജ്യഭരണം നടത്താനായിരുന്നു സുഗ്രീവനോട് ഉപദേശിച്ചത്. പ്രജകളുടെ ജീവിതം ഒരിക്കലും ദുരിത പൂര്‍ണമാകരുത്. സാമ്പത്തിക സമീകരണത്തില്‍ ശ്രദ്ധ ചെലുത്തണം. രാജാവും പ്രജകളിലൊരാളാണെന്ന മനസ്സോടെ വേണം ഭരിക്കാനെന്നും ശ്രീരാമദേവന്‍ സുഗ്രീവനെ ഓര്‍മിപ്പിച്ചു. രാമനെ വിട്ടുപിരിയാന്‍ മനസ്സുവരാതെ നില്‍ക്കുകയായിരുന്നു പരമഭക്തനായ ഹനുമാന്‍. രാമന് അതു മനസ്സിലായി. 

വര്‍ഷകാലമായതോടെ തന്റെ വില്ലിന് ഇനിയുള്ള നാലുമാസം വിശ്രമം നല്‍കുകയാണെന്ന് രാമന്‍ പറഞ്ഞു. നാലുമാസം ഇനി പൂര്‍ണ വിശ്രമം.  ദേശാടനം, യുദ്ധം, വ്യവസായം എന്നിവയ്ക്ക് അനുയോജ്യമായ കാലമല്ല മഴക്കാലം. അതു കൊണ്ട് നാലുമാസം കഴിഞ്ഞാവാം സീതാന്വേഷണമെന്ന് രാമന്‍ തീരുമാനിച്ചു. സുഗ്രീവന് വിശ്വസ്തനായ  മന്ത്രിയായി എപ്പോഴും കൂടെയുണ്ടാകണമെന്ന് ഹനുമാനോട് ആവശ്യപ്പെട്ടു. കാരണം സുഖലോലുപനാണ് സുഗ്രീവന്‍. കാര്യനിര്‍വഹണത്തില്‍ നിപു

ണതയും കുറവാണ്. ഇപ്പോള്‍ ഹനുമാന്റെ സഹായം സുഗ്രീവന് അനിവാര്യമാണെന്ന് പറഞ്ഞ രാമദേവന്‍ സീതാന്വേഷണത്തിലും ശത്രുനിഗ്രഹത്തിലും തനിക്കൊപ്പം വേണമെന്നും ഓര്‍മപ്പെടുത്തി. തന്നെ കിഷ്‌കിന്ധയിലേക്ക് ക്ഷണിക്കാനെത്തിയ താരസുഗ്രീവാദികളെയെല്ലാം രാമന്‍ തിരിച്ചയച്ചു.  

മഴയെ ചെറുത്ത് അന്തിയുറങ്ങാന്‍ ശ്രീരാമനും ലക്ഷ്മണനും ഒരു ഗുഹ കണ്ടെത്തി. ലക്ഷ്മണന്‍ അതിന്റെ ഉള്‍വശം ചെത്തി മിനുക്കി ചേതോഹരമാക്കി. ഇരുവരും അതിനകത്ത് വാസമുറപ്പിച്ചു. 

സീതാന്വേഷണത്തിന് വര്‍ഷകാലം തടസ്സമായതില്‍ വല്ലാത്ത ദു:ഖമുണ്ടെന്ന് രാമന്‍, ലക്ഷ്മണനോടായി പറഞ്ഞു. ദേവി ഏതവസ്ഥയില്‍ കഴിഞ്ഞു കൂടുകയാവും എന്ന ചിന്ത രാമനെ വല്ലാതെ അലട്ടി. അക്കാര്യം ലക്ഷ്മണനോടും പറഞ്ഞു. 

അങ്ങയുടെ ക്ഷമയൊന്നും എനിക്കില്ലെന്നായിരുന്നു ലക്ഷ്മണന്റെ മറുപടി. അവിടുന്ന് ആവശ്യപ്പെട്ടാല്‍ ഞാന്‍ ഇപ്പോള്‍ തന്നെ ലങ്കയിലെത്തി രാവണനെയും ആ നഗരിയെയും ചുട്ടെരിക്കുമെന്ന് ലക്ഷ്മണന്‍ രോഷം കൊണ്ടു. 

ജ്യേഷ്ഠത്തിയുടെ ദൈന്യാവസ്ഥ എങ്ങനെയിരിക്കുമെന്ന് ലക്ഷ്മണന്‍ മനസ്സില്‍ കണ്ടു. അപരിചിതമായ ഒരിടത്ത് ദു ഷ്ടശക്തികള്‍ക്കു നടുവില്‍ നിസ്സഹായായി വിലപിക്കുന്ന സീതയുടെ ചിത്രം സങ്കല്പിച്ചതോടെ ലക്ഷ്മണന് രോഷമിരട്ടിച്ചു. അതറിഞ്ഞ രാമന്‍ അനുജനെ സമാശ്വസിപ്പിച്ചു.

 സുഗ്രീവനുമായുള്ള സഖ്യം അവന് ഗുണകരമായി ഭവിച്ചെങ്കിലും അവനില്‍ നിന്ന് നമുക്ക് സഹായം തിരിച്ചു പ്രതീക്ഷിക്കാമോ എന്നായിരുന്നു ലക്ഷ്മണന്റെ അടുത്ത സന്ദേഹം. സുഗ്രീവന്‍ നമ്മളെ സഹായിക്കാതിരിക്കില്ലെന്നും അക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും രാമന്‍ ഉറപ്പിച്ചു പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.