അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ബംഗാള്‍ മോഡല്‍!!

Tuesday 14 May 2019 2:24 am IST

യുവമോര്‍ച്ച നേതാവിന്റെ ജാമ്യഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂദല്‍ഹി: മമതാ ബാനര്‍ജിയുടെ രൂപമാറ്റം വരുത്തിയ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് ജാമ്യമില്ലാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ച യുവമോര്‍ച്ച നേതാവിന്റെ ജാമ്യഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. 

യുവമോര്‍ച്ച ഹൗറ ജില്ലാ കണ്‍വീനര്‍ പ്രിയങ്ക ശര്‍മ്മയെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. പ്രിയങ്ക ചോപ്രയുടെ ചിത്രത്തില്‍ മമതയുടെ തല ചേര്‍ത്തുവെന്നാണ് കേസ്. ഇന്നലെ നല്‍കിയ ജാമ്യ ഹര്‍ജി ഇന്ന് അടിന്തര പ്രാധാന്യം നല്‍കി പരിഗണിക്കാമെന്ന് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയും ജസ്റ്റിസ് സഞ്ജീവ് ഖന്നയും ഉള്‍പ്പെട്ട ബെഞ്ച് അറിയിച്ചു.

മമതയുടെ ചിത്രം പോസ്റ്റ് ചെയ്തിനെതിരെ തൃണമൂല്‍ പ്രവര്‍ത്തകന്‍ പരാതി നല്‍കുകയും ഉടന്‍ തന്നെ പോലീസ് എത്തി അവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയുമായിരുന്നു.'-ആവിഷ്‌ക്കാര സ്വതന്ത്ര്യത്തിന്റെ പേരില്‍ കോലാഹലം ഉണ്ടാക്കുന്ന മമതയുടെ നാട്ടില്‍, മമത സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.

മുന്‍പ് ജയിലില്‍ അടച്ചത് പ്രൊഫസറെ, സിനിമയും വിലക്കി

കൊല്‍ക്കത്ത: മമതയുടെ കാര്‍ട്ടൂണ്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതിന് ജാദവ്പ്പൂര്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ അംബികേഷ് മഹാപത്രയെ 2011ല്‍ മമത സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു.

അടുത്തിടെ തൃണമൂലിനെ വിമര്‍ശിക്കുന്ന സിനിമയ്ക്ക് മമത സര്‍ക്കാര്‍ അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തി, റിലീസിങ് തടഞ്ഞിരുന്നു. ഒടുവില്‍ സുപ്രീംകോടതിയാണ് വിലക്ക് നീക്കി ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയത്.

അറസ്റ്റ് ബിജെപിയില്‍ പ്രവര്‍ത്തിച്ചതിന്

കൊല്‍ക്കത്ത: മകള്‍ ബിജെപിയില്‍ പ്രവര്‍ത്തിച്ചതിനാലാണ് അറസ്റ്റെന്ന് പ്രിയങ്ക ശര്‍മ്മയുടെ അമ്മ പ്രതികരിച്ചു. അവള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിലാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല, അവര്‍ പറഞ്ഞു.

മമത സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം നാണംകെട്ടതായിപ്പോയെന്ന് യുവമോര്‍ച്ച കൊല്‍ക്കത്ത ഘടകം അധ്യക്ഷന്‍ പ്രകാശ് സിങ് പ്രതികരിച്ചു. ഏവരും അഭിപ്രായ സ്വാതന്ത്ര്യം തേടുന്ന ഇടമാണ് സാമൂഹ്യ മാധ്യമങ്ങള്‍. അവിടെയും അഭിപ്രായ സ്വാതന്ത്രം വിലക്കുന്ന മമതയുടെ നടപടി നാണം കെട്ടതായിപ്പോയി, അദ്ദേഹം പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യം നശിക്കും: ഹീമാന്ത

കൊല്‍ക്കത്ത: മമത സര്‍ക്കാര്‍ ഇതേ തരത്തില്‍ തുടരാനാണ് ഭാവമെങ്കില്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യം നശിക്കുമെന്ന് ആസാം മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഹീമാന്ത വിശ്വ ശര്‍മ്മ. ഇതിനെതിരെ നിയമനടപടിയെടുക്കും, അദ്ദേഹം പറഞ്ഞു.

ബംഗാളില്‍ ജനാധിപത്യം ഇല്ലാതാകുന്നു: ജെയ്റ്റ്‌ലി

ന്യൂദല്‍ഹി: ബംഗാളില്‍, മമത ദീദിയുടെ കീഴില്‍ ജനാധിപത്യം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്തി അരുണ്‍ ജെയ്റ്റ്‌ലി ട്വിറ്ററില്‍ കുറിച്ചു. പ്രതിപക്ഷ നേതാക്കളുടെ റാലികള്‍ തടയുന്നു, പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെ കൊല്ലുന്നു, സ്ഥാനാര്‍ഥികളെ ആക്രമിക്കുന്നു, ബൂത്തുകള്‍ പിടിച്ചെടുക്കുന്നു, ഇതാണ് ബംഗാളിലെ അവസ്ഥ, അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏകാധിപത്യം: ബിജെപി

 ന്യൂദല്‍ഹി: ജനാധിപത്യം തകര്‍ത്ത് ബംഗാളില്‍ മമത ഏകാധിപത്യം നടപ്പാക്കുകയാണെന്ന് ബിജെപി. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ റാലിയും റോഡ്‌ഷോയും കോപ്ടറിനുള്ള അനുമതിയും മമത സര്‍ക്കാര്‍ വിലക്കി, കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ ചൂണ്ടിക്കാട്ടി. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണം, അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപിയുടെ വളര്‍ച്ചയില്‍ നിരാശപൂണ്ടാണ് മമത ബിജെപി പരിപാടികള്‍ വിലക്കുന്നത്. മമതയെ ജയിപ്പിച്ച ജനങ്ങള്‍ ഇന്ന് അവരെ തോല്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു, അദ്ദേഹം പറഞ്ഞു.

പ്രിയങ്ക ശര്‍മ്മയെ അറസ്റ്റ് ചെയ്ത നടപടിയേയും അദ്ദേഹം അപലപിച്ചു. ഫേസ്ബുക്കില്‍ വൃത്തികെട്ട'-പോസ്റ്റുകളിട്ട തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയനെതിരെ ഒരു നടപടിയും എടുത്തിട്ടുമില്ല, ജാവ്‌ദേക്കര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.