പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: പോലീസ് ആസ്ഥാനത്ത് പരിശോധന

Wednesday 15 May 2019 3:12 am IST
സംസ്ഥാനത്തുടനീളം പോലീസുകാരുടെ പോസ്റ്റല്‍ വോട്ടുകള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ കൂട്ടത്തോടെ വാങ്ങിക്കൊണ്ടുപോയി വോട്ട് ചെയ്തുവെന്ന പരാതി നിലനില്‍ക്കെയാണ് റെയ്ഡ് .

കണ്ണൂര്‍: പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കണ്ണൂര്‍ പോലീസ് ആസ്ഥാനത്ത് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഇടത് അനുകൂല പോലീസ് സംഘടനാനേതാക്കള്‍ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിഷേധമറിയിച്ചു. ഇപ്പോള്‍ വിദേശത്തുള്ള മുഖ്യമന്ത്രി നാട്ടിലെത്തിയാലുടന്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട്  സമീപിക്കാനാണ് തീരുമാനം. പോലീസ് ആസ്ഥാനത്ത് റെയ്ഡിന് നിര്‍ദ്ദേശം നല്‍കിയ എസ്പിക്കെതിരെ കടുത്ത നടപടി വേണമെന്ന നിലപാടിലാണ് ഇടത് അനുകൂല സംഘടനാ നേതാക്കള്‍.  

സംസ്ഥാനത്തുടനീളം പോലീസുകാരുടെ പോസ്റ്റല്‍ വോട്ടുകള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ കൂട്ടത്തോടെ വാങ്ങിക്കൊണ്ടുപോയി വോട്ട് ചെയ്തുവെന്ന പരാതി നിലനില്‍ക്കെയാണ് റെയ്ഡ് . കണ്ണൂര്‍ എആര്‍ ക്യാമ്പില അറ്റാച്ഡ് ഡ്യൂട്ടിയിലുളള 20 വനിതാ പോലീസുകാരുടെ പോസ്റ്റല്‍ വോട്ടുകള്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍  വാങ്ങി കൊണ്ടു പോയി വോട്ട് ചെയ്തുവെന്നാണ് ആരോപണം. ഇതില്‍ ഒരു വോട്ട് വഴിയാത്രക്കാര്‍ക്ക് വീണ് കിട്ടിയതോടെയാണ് പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ അസോസിയേഷന്‍ ഭാരവാഹികള്‍ വാങ്ങി കൊണ്ടു പോയതായി സംശയം ബലപ്പെട്ടത്. തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവി  മുന്‍കയ്യെടുത്ത് പോലീസ് ജില്ലാ ആസ്ഥാനത്ത് റെയ്ഡ് നടത്തിയത്. 

എസ്പിയുടെ നിര്‍ദേശപ്രകാരം തലശ്ശേരി എഎസ്പി അരവിന്ദ് സുകുമാരന്റെ നേതൃത്വത്തിലാണ് പോലീസുകാരുടെ മുറികളും ശുചിമുറികളുമടക്കം പരിശോധന നടത്തിയത്. എസ്പി നിര്‍ദ്ദേശിച്ച മിന്നല്‍ പരിശോധന റെയ്ഞ്ച് ഐജി അറിഞ്ഞില്ലെന്നും പോലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.

 സംസ്ഥാനത്തുടനീളം പോലീസ് ബാലറ്റുമായി ബന്ധപ്പെട്ട ക്രമക്കേടുകളുണ്ടായതിനാല്‍ പ്രാഥമിക അന്വേഷണം നടത്തി വിശദീകരണം നല്‍കാന്‍ വേണ്ടി മാത്രമാണ് പരിശോധന നടത്തിയതെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. അതേ സമയം റെയ്ഡ് വിവരം ചോര്‍ന്നത് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ആശങ്കയിലാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.