ഇരട്ടത്താപ്പ്: കത്വയില്‍ വിവാദം; സംഭാലില്‍ മിണ്ടാട്ടമില്ല

Wednesday 15 May 2019 3:23 am IST
മെയ് എട്ടിനാണ് മൂന്നു വയസുകാരിയെ അയല്‍ക്കാരന്‍ മാനഭംഗപ്പെടുത്തിയത്. ഖുറാന്‍ പഠിച്ച ശേഷം മദ്രസയില്‍ നിന്ന് മടങ്ങിയ കുട്ടിയെ പ്രതി ച്യൂയിങ്ഗം കാണിച്ച് ആകര്‍ഷിച്ച് തട്ടിക്കൊണ്ടുപോയി അടുത്തുള്ള സ്‌കൂള്‍ കെട്ടിടത്തിലെ കക്കൂസില്‍ വച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു.

ശ്രീനഗര്‍: ബന്ദിപ്പോരയിലെ സംഭാലില്‍ മൂന്നു വയസുകാരിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ കശ്മീര്‍ താഴ്‌വരയില്‍ പ്രതിഷേധങ്ങളും രോഷപ്രകടനങ്ങളും. പക്ഷെ കത്വ സംഭവത്തിന്റെ പേരില്‍ നാടൊട്ടുക്ക് ബഹളമുണ്ടാക്കിയവര്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

മെയ് എട്ടിനാണ് മൂന്നു വയസുകാരിയെ അയല്‍ക്കാരന്‍ മാനഭംഗപ്പെടുത്തിയത്. ഖുറാന്‍ പഠിച്ച ശേഷം മദ്രസയില്‍ നിന്ന് മടങ്ങിയ കുട്ടിയെ പ്രതി ച്യൂയിങ്ഗം കാണിച്ച് ആകര്‍ഷിച്ച് തട്ടിക്കൊണ്ടുപോയി അടുത്തുള്ള സ്‌കൂള്‍ കെട്ടിടത്തിലെ കക്കൂസില്‍ വച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു. റംസാന്‍ കാലത്തെ സന്ധ്യക്കുള്ള നിസ്‌ക്കാരം കഴിഞ്ഞ് നോമ്പു തുറക്കുന്ന ഇഫ്താര്‍ വിരുന്നില്‍ എല്ലാവരും പങ്കെടുക്കുന്ന പുണ്യസമയത്തായിരുന്നു  അതിക്രമം. കാര്‍ മെക്കാനിക്ക് ആയ 20 വയസുകാരന്‍ താഹിര്‍ അഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നു വരുത്തി രക്ഷിക്കാനാണ് ഇപ്പോള്‍ നീക്കം.

മാനഭംഗത്തിനെതിരെ താഴ്‌വരയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പക്ഷെ, കത്വയില്‍ ബാലികയെ ക്ഷേത്രത്തിനടുത്തുള്ള കെട്ടിടത്തിലിട്ട് പീഡിപ്പിച്ച സംഭവത്തില്‍ ഉണ്ടായതു പോലുള്ള  രാജ്യവ്യാപക പ്രതിഷേധങ്ങളോ പ്രതികരണങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ല. അന്ന് രാജ്യമെങ്ങും വലിയ കോലാഹലം  ഉയര്‍ന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ സമരങ്ങള്‍ സംഘടിപ്പിച്ചു. ബുദ്ധിജീവികളും സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്തിറങ്ങി. എണ്ണമറ്റ  പ്രസ്താവനകള്‍ ഇറങ്ങി. കാരണം ലളിതം, പ്രതിസ്ഥാനത്ത് ആ ക്ഷേത്രവുമായി ബന്ധപ്പെട്ട ചിലരായിരുന്നു. ഇന്ത്യയില്‍ അങ്ങോളമിങ്ങോളം വിഷയം വാര്‍ത്തകളില്‍ നിറഞ്ഞു. ദിവസങ്ങളോളം പല മാധ്യമങ്ങളിലും ഇത് പ്രധാന വാര്‍ത്തയുമായി.

ഇക്കുറി ഇത്രയും ദാരുണമായ സംഭവമുണ്ടായിട്ടും  ബുദ്ധിജീവികള്‍ അനങ്ങിയിട്ടില്ല. അവര്‍ പ്രതികരിച്ചില്ല. രാജ്യമെങ്ങും പ്രതിഷേധം ഉണ്ടായില്ല, മാധ്യമങ്ങളും ഈ വാര്‍ത്തയ്ക്ക് വലിയ ഗൗരവം നല്‍കിയില്ല. കാരണം ഇരയും  പ്രതിയും തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരാണ്. 

കഴിഞ്ഞ ദിവസം കശ്മീരിന്റെ പല ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. നടപടി ഉണ്ടായില്ലെങ്കില്‍ സമരത്തിന്റെ ഭാവം മാറുമെന്ന് പ്രതിഷേധക്കാര്‍ ഭീഷണി മുഴക്കി. ചിലയിടങ്ങളില്‍ സംഘര്‍ഷവുമുണ്ടായി. സ്‌കൂളുകളും കോളേജുകളും അടഞ്ഞുകിടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.