തെരഞ്ഞെടുപ്പില്‍ ബിജെപി ജയം പ്രവചിച്ച പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

Wednesday 15 May 2019 3:45 am IST

ഭോപ്പാല്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്ന് പ്രവചിച്ച പ്രൊഫസറെ മധ്യപ്രദേശ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ഉജ്ജയിനിയിലെ വിക്രം യൂണവേഴ്‌സിറ്റിയില്‍ സംസ്‌കൃത-വേദ-ജ്യോതി ശാസ്ത്ര വകുപ്പിന്റെ മേധാവിയായ രാജേശ്വര്‍ ശാസ്ത്രി മുസല്‍ഗ്വാങ്കറി(55)നെതിരെയാണ് സര്‍ക്കാര്‍ നടപടി.

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിജെപി ഒറ്റയ്‌ക്കോ അല്ലെങ്കില്‍ എന്‍ഡിഎയോ 300 സീറ്റ് നേടുമെന്ന ശാസ്ത്രിയുടെ പ്രവചനം അദ്ദേഹത്തിന്റെ ഫോട്ടോയുള്‍പ്പെടെ ഒരു വിദ്യാര്‍ഥി ഏപ്രില്‍ 29ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ഇതില്‍ നടപടിയെടുക്കണമെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍, താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണയ്ക്കുന്നില്ലെന്ന് പ്രൊഫസര്‍ പറഞ്ഞു. ജ്യോതിശാസ്ത്രം സാധ്യതകളുടെ ശാസ്ത്രമാണ്. ഒരു വിദ്യാര്‍ഥിയുടെ ആവശ്യപ്രകാരമായിരുന്നു പ്രവചനമെന്നും അദ്ദേഹം വ്യക്തമാക്കി. സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.