മോദി-നവീന്‍ ബന്ധം ഊഷ്മളമാകുന്നു

Wednesday 15 May 2019 3:47 am IST
കേന്ദ്രവും സംസ്ഥാനവും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചതു മൂലം വന്‍തോതില്‍ ആള്‍നാശം കുറയ്ക്കാന്‍ സാധിച്ചതും ലക്ഷങ്ങളെ കൃത്യസമയത്ത് മാറ്റിപ്പാര്‍പ്പിക്കാന്‍ സാധിച്ചതുമെല്ലാം ഒഡീഷ സര്‍ക്കാരിന്റെ നേട്ടങ്ങളായി മോദി ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല, സന്ദര്‍ശന സമയത്തു തെന്ന ആയിരം കോടിയിലേറെ രൂപ അധികമായി ഒഡീഷയ്ക്ക് അനുവദിച്ചു. മുഖ്യമന്ത്രിയുടെ മികച്ച പ്രവര്‍ത്തനങ്ങളെ പ്രത്യേകം പ്രശംസിക്കാനും മോദി മടിച്ചില്ല.

ന്യൂദല്‍ഹി: ഒഡീഷയില്‍  നിന്ന് വീണ്ടുമൊരു സൗഹൃദം തളിര്‍ക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും തമ്മില്‍.

കഴിഞ്ഞാഴ്ച ഫോനി കൊടുങ്കാറ്റുണ്ടാക്കിയ നാശനഷ്ടം വിലയിരുത്താന്‍ എത്തിയ പ്രധാനമന്ത്രി ഒഡീഷ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ മുക്തകണ്ഠം പ്രശംസിച്ചിരുന്നു. കേന്ദ്രവും സംസ്ഥാനവും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചതു മൂലം വന്‍തോതില്‍ ആള്‍നാശം കുറയ്ക്കാന്‍ സാധിച്ചതും ലക്ഷങ്ങളെ കൃത്യസമയത്ത് മാറ്റിപ്പാര്‍പ്പിക്കാന്‍ സാധിച്ചതുമെല്ലാം ഒഡീഷ സര്‍ക്കാരിന്റെ നേട്ടങ്ങളായി മോദി ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല,  സന്ദര്‍ശന സമയത്തു തെന്ന ആയിരം കോടിയിലേറെ രൂപ അധികമായി ഒഡീഷയ്ക്ക് അനുവദിച്ചു. മുഖ്യമന്ത്രിയുടെ മികച്ച പ്രവര്‍ത്തനങ്ങളെ പ്രത്യേകം പ്രശംസിക്കാനും മോദി മടിച്ചില്ല.

കഴിഞ്ഞ ദിവസം ഇതിന് മറുപടിയായി നവീന്‍ പട്‌നായിക് പ്രധാനമന്ത്രിക്ക് കത്തയച്ചു. കൃത്യസമയത്ത് ദുരന്തബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും സഹായഹസ്തം നീട്ടുകയും ചെയ്തതിന് കേന്ദ്രത്തിന് നന്ദി രേഖപ്പെടുത്തിയുള്ള കത്തായിരുന്നു അത്. ദുരന്തത്തിലുണ്ടായ നാശനഷ്ടങ്ങള്‍ മോദി വ്യക്തിപരമായി  വിലയിരുത്തിയതില്‍  നവീന്‍ സന്തോഷം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ദുരിത ബാധിതര്‍ക്കായി അഞ്ചു ലക്ഷം വീടുകള്‍ പണിയാനുള്ള ധനസഹായം അഭ്യര്‍ഥിച്ച നവീന്‍, കേന്ദ്രം 90 ശതമാനം തുകയും വഹിക്കുമെന്നും കത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഈ കത്ത് മോദിയും നവീനും തമ്മിലുള്ള ബന്ധം ഊഷ്മളമാകുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്.  മുന്‍പ് ബിജെപിയും ബിജെഡിയും സഖ്യകക്ഷികളായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.