ഞാനും കാശിവാസി: വാരാണസിയില്‍ വൈകാരിക സന്ദേശവുമായി മോദി

Wednesday 15 May 2019 4:05 am IST
തന്റെ ഭരണത്തില്‍ നഗരത്തില്‍ കൊണ്ടുവന്ന വികസന പദ്ധതികളെക്കുറിച്ചും സന്ദേശത്തിലൂടെ ജനങ്ങളെ അദ്ദേഹം ഓര്‍മപ്പെടുത്തി. റോഡ്, ഹൈവേ നിര്‍മാണം, മദുവാദി റെയില്‍വേ സ്റ്റേഷന്‍ നവീകരണം, ഗംഗാ നദിയിലെ മള്‍ട്ടി മോഡല്‍ ടെര്‍മിനല്‍ എന്നിവ കാശിയില്‍ നടപ്പാക്കിയ പ്രധാന അടിസ്ഥാന വികസന പദ്ധതികളില്‍ ചിലതാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂദല്‍ഹി: വിജയത്തിനായി അനുഗ്രഹിക്കണമെന്ന്  വാരാണസിയിലെ ജനങ്ങളോട് അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വയം കാശിവാസി എന്നാണ് അദ്ദേഹം വീഡിയോയില്‍ അഭിസംബോധന ചെയ്യുന്നത്. 

കാശി സ്വന്തം നാടാണെന്നാണ് തോന്നിയിട്ടുള്ളതെന്നും നഗരവുമായും അവിടത്തെ ജനങ്ങളുമായുമുള്ള വൈകാരികവും വ്യക്തിപരവുമായ ബന്ധത്തെക്കുറിച്ചും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്. ഒരിക്കല്‍ കാശിയില്‍ എത്തുന്നവര്‍ പോലും ഈ നഗരത്തിന്റെ ഭാഗമായി മാറും എന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കടന്നു പോയ ഓരോ നിമിഷത്തിലും താന്‍ ഇത് അനുഭവിച്ചറിഞ്ഞു. എന്നെ ഞാനായി വാര്‍ത്തെടുക്കുന്നതിലും എന്റെ രാഷ്ട്രീയ, ആത്മീയ ജീവിതത്തിന് ഒരു ദിശ പ്രദാനം ചെയ്യുന്നതിലും കാശി ഏറെ സ്വാധീനിച്ചു. 

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വാരാണസിയുടെ വികസനത്തില്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന പങ്കിനെക്കുറിച്ച് തനിക്ക് അഭിമാനമുണ്ട്. മുഴുവന്‍ രാജ്യത്തിനും കാശിവാസികള്‍ മാതൃകയാണ്, മോദി പറഞ്ഞു.

തന്റെ ഭരണത്തില്‍ നഗരത്തില്‍ കൊണ്ടുവന്ന വികസന പദ്ധതികളെക്കുറിച്ചും സന്ദേശത്തിലൂടെ ജനങ്ങളെ അദ്ദേഹം ഓര്‍മപ്പെടുത്തി. റോഡ്, ഹൈവേ നിര്‍മാണം, മദുവാദി റെയില്‍വേ സ്റ്റേഷന്‍ നവീകരണം, ഗംഗാ നദിയിലെ മള്‍ട്ടി മോഡല്‍ ടെര്‍മിനല്‍ എന്നിവ കാശിയില്‍ നടപ്പാക്കിയ പ്രധാന അടിസ്ഥാന വികസന പദ്ധതികളില്‍ ചിലതാണെന്നും അദ്ദേഹം പറഞ്ഞു. 

ഇത്തവണ റോഡ് ഷോയ്‌ക്കെത്തിയപ്പോള്‍ എല്ലാം തങ്ങള്‍ നോക്കിക്കൊള്ളാം എന്ന് ഇവിടത്തുകാര്‍ വാക്കു തന്നിരുന്നു. നിങ്ങളുടെ ഓരോ വാക്കിലും എനിക്ക് വിശ്വാസമാണ്. അത് നിങ്ങള്‍ തന്ന ഉറപ്പാണ്. എനിക്കറിയാം ഓരോ കാശി നിവാസിയും മോദിക്കു വേണ്ടിയും മോദിയെപ്പോലെയുമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന്, മോദി പറഞ്ഞു

ജനാധിപത്യ ഉത്സവത്തില്‍ തങ്ങളുടെ പങ്കാളിത്തം അടയാളപ്പെടുത്താന്‍ ഉയര്‍ന്നതോതില്‍ വോട്ട് രേഖപ്പെടുത്താനും മോദി ജനങ്ങളോട് ആഹ്വാനം ചെയ്തു.

2014ല്‍ 3.37 ലക്ഷം വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് ആംആദ്മി കണ്‍വീനറും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിനെ പ്രധാനമന്ത്രി വാരാണസിയില്‍ തറപറ്റിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ പത്തൊമ്പതിനാണ് കാശി നിവാസികള്‍ വിധിയെഴുതാന്‍ പോളിങ് ബൂത്തിലെത്തുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.