മമതയും മായാവതിയും അഖിലേഷും കോണ്‍ഗ്രസ്സിനൊപ്പമില്ല

Wednesday 15 May 2019 4:15 am IST
കോണ്‍ഗ്രസിന് വേണ്ടി ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു നടത്തിയ നീക്കങ്ങളാണ് പൊളിഞ്ഞത്. മെയ് 21ന് ദല്‍ഹിയിലെത്തണമെന്നും കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തണമെന്നുമുള്ള നായിഡുവിന്റെ നിര്‍ദ്ദേശം എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും തള്ളി. കോണ്‍ഗ്രസിനോട് അകലം പാലിക്കുകയെന്ന നയമാണ് നിലവില്‍ തങ്ങള്‍ക്കുള്ളതെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ നായിഡുവിനെ അറിയിച്ചു.

ന്യൂദല്‍ഹി: രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു ചേര്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കം ഒരിക്കല്‍ കൂടി ദയനീയമായി പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് രണ്ടു ദിവസം മുമ്പ് മെയ് 21ന് ദല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിക്കാനുള്ള നീക്കം കോണ്‍ഗ്രസ് നടത്തിയെങ്കിലും മമതാ ബാനര്‍ജി, മായാവതി, അഖിലേഷ് യാദവ് എന്നിവര്‍ എതിര്‍പ്പ് പരസ്യമാക്കിയതോടെ യോഗം റദ്ദാക്കുകയായിരുന്നു. മെയ് 23ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം മാത്രമേ ഇത്തരത്തിലുള്ള യോഗങ്ങള്‍ക്ക് പ്രസക്തിയുള്ളൂവെന്നാണ് കോണ്‍ഗ്രസ് ഇതര കക്ഷികളുടെ നിലപാട്.

കോണ്‍ഗ്രസിന് വേണ്ടി ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു നടത്തിയ നീക്കങ്ങളാണ് പൊളിഞ്ഞത്. മെയ് 21ന് ദല്‍ഹിയിലെത്തണമെന്നും കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തണമെന്നുമുള്ള നായിഡുവിന്റെ നിര്‍ദ്ദേശം എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും തള്ളി. കോണ്‍ഗ്രസിനോട് അകലം പാലിക്കുകയെന്ന നയമാണ് നിലവില്‍ തങ്ങള്‍ക്കുള്ളതെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ നായിഡുവിനെ അറിയിച്ചു. കോണ്‍ഗ്രസിനെയോ രാഹുല്‍ഗാന്ധിയേയോ മുന്നില്‍ നിര്‍ത്തിയുള്ള യാതൊരുവിധ പ്രതിപക്ഷ സഖ്യത്തിനും മമതാ ബാനര്‍ജിയും മായാവതിയും തയ്യാറല്ല. 

ടിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര റാവു മൂന്നാംമുന്നണി നീക്കം ആരംഭിച്ചിട്ടുണ്ടെങ്കിലും ആദ്യ രണ്ട് ചര്‍ച്ചകളും പൊളിഞ്ഞു. കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും തമിഴ്‌നാട്ടില്‍ ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനുമായും നടത്തിയ ചര്‍ച്ചകളാണ് പൊളിഞ്ഞത്. കെ. ചന്ദ്രശേഖര റാവുവിന് പ്രധാനമന്ത്രി പദമോഹം ശക്തമായിട്ടുണ്ടെങ്കിലും കൂടെ പിന്തുണ നല്‍കാന്‍ ഇതുവരെ പ്രതിപക്ഷ പാര്‍ട്ടികളെ ആരെയും കിട്ടിയിട്ടില്ല. 

മമതാ ബാനര്‍ജി, മായാവതി തുടങ്ങിയ നേതാക്കള്‍ക്കും ചന്ദ്രബാബു നായിഡു, ചന്ദ്രശേഖര റാവു തുടങ്ങിയവര്‍ക്കും പ്രധാനമന്ത്രി പദമോഹമുണ്ട്. എന്നാല്‍ ഇവരെ ആരെ അംഗീകരിച്ചാലും ബാക്കിയുള്ളവര്‍ പിണങ്ങിപ്പോകുമെന്നതാണ് നിലവിലെ അവസ്ഥ. ഒറ്റയ്ക്ക് നൂറു സീറ്റിലേക്ക് പോലും കോണ്‍ഗ്രസിന് എത്തിപ്പെടാന്‍ സാധിക്കാത്ത നിലവിലെ സാഹചര്യത്തില്‍ ഇത്തരം പ്രതിപക്ഷ കക്ഷികളെ ഒരുമിപ്പിച്ചു നിര്‍ത്തുകയും സാധ്യമല്ല. 

പുറത്തുപറയുന്നത്ര നേട്ടം ഉണ്ടാവില്ലെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ആഭ്യന്തര സര്‍വ്വേയില്‍ പരമാവധി 75 സീറ്റുവരെ ലഭിച്ചേക്കാമെന്ന് എഐസിസി നേതൃത്വം കണക്കുകൂട്ടുന്നു. ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കുന്ന സാഹചര്യമാണ് അഞ്ചു ഘട്ടങ്ങള്‍ കഴിഞ്ഞതോടെ രാജ്യത്തുള്ളതെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. അതിനാല്‍ തന്നെ പ്രത്യക്ഷത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ യോജിപ്പിച്ച് നിര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് ഇതുവരെ ആരംഭിച്ചിട്ടില്ല. ചന്ദ്രബാബു നായിഡുവാണ് കോണ്‍ഗ്രസിന് വേണ്ടി സഖ്യനീക്കം ആരംഭിച്ചത്. എന്നാല്‍ അത് ആദ്യഘട്ടത്തില്‍ തന്നെ പരാജയപ്പെട്ടിരിക്കുകയാണ്. ബിജെപിക്കെതിരെ മഹാസഖ്യം രൂപീകരിക്കാനുള്ള ശ്രമം ദയനീയമായി പൊളിഞ്ഞതിന് സമാനമാണ് മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യനീക്കങ്ങളുമെന്ന് വ്യക്തം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.