ഇറാനെ നേരിടാനൊരുങ്ങി അമേരിക്ക: ഒരുലക്ഷം സൈനികരെ വിന്യസിച്ചേക്കും

Wednesday 15 May 2019 4:38 am IST

വാഷിങ്ടണ്‍: ഇറാന്റെ ഭീഷണിയെ നേരിടാന്‍ മധ്യ പൂര്‍വ ഏഷ്യയില്‍ 1,20,000 സൈനികരെ വിന്യസിക്കാനൊരുങ്ങി അമേരിക്ക. കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസില്‍ നടന്ന ഉന്നതതല യോഗത്തില്‍ പ്രതിരോധ സെക്രട്ടറി പാട്രിക് ഷനഹന്‍ ആണ് കൂടുതല്‍ സൈനികരെ വിന്യസിക്കാനുള്ള പദ്ധതി മുന്നോട്ടുവച്ചത്.  ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണിന്റെ നിര്‍ദേശ പ്രകാരമാണ് പ്രതിരോധ സെക്രട്ടറിയുടെ നടപടി.

സിഐഎ ഡയറക്ടര്‍ ജീന ഹാസ്പല്‍, സ്റ്റാഫ് ചെയര്‍മാന്‍ ജോയിന്റ് ചീഫ് ജന. ജോസഫ് ഡന്‍ഫോര്‍ഡ്, ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാന്‍ കോട്ട്‌സ് എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. 

അമേരിക്കയുമായി അടുപ്പമുള്ള രാജ്യങ്ങളെ ആക്രമിക്കാന്‍ ഇറാന്‍ പദ്ധതിയിടുന്നതായി ഇസ്രായേലിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് ഇറാനില്‍ നിന്നുയര്‍ന്നു വരുന്ന സുരക്ഷാ ഭീഷണിയെക്കുറിച്ച് ബോള്‍ട്ടണും സ്റ്റേറ്റ് സെക്രട്ടറി  മൈക്ക് പോംപിയോയും മുന്നറിയിപ്പും നല്‍കിയിരുന്നു. ഇറാനെ കുറിച്ച് ചില കഥകള്‍ കേള്‍ക്കുന്നുണ്ട്. അവരെന്തിനെങ്കിലും മുതിര്‍ന്നാല്‍ പ്രത്യാഘാതവും അനുഭവിക്കേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ പറഞ്ഞു. 

സൗദിയുടെ രണ്ട് എണ്ണ ടാങ്കറുകളടക്കം തങ്ങളുടെ നാല് വാണിജ്യ കപ്പലുകള്‍ ആക്രമിക്കപ്പെട്ടതായി യുഎഇ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ആക്രമണത്തില്‍ ആരെയും സംശയിക്കുന്നതായി യുഎഇ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, ആക്രമണത്തില്‍ ഖേദിക്കുന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, ആക്രമണത്തിന് പിന്നില്‍ ഇറാന്‍ തന്നെയാണെന്നാണ് അമേരിക്കയുടെ പ്രാഥമിക നിഗമനമെന്ന് പേര്‌വെളിപ്പെടുത്താനാഗ്രഹിക്കാത്ത ചില  ഉദ്യോഗസ്ഥര്‍ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സൗദിയിലെ എണ്ണ പമ്പിങ് കേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണം

ദുബായ്: സൗദിയില്‍ കപ്പലാക്രമണത്തിന് പിന്നാലെ രണ്ട് എണ്ണ പമ്പിങ് കേന്ദ്രങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം. സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് ആണ് ഇക്കാര്യം അറിയിച്ചത്. കിഴക്ക് പടിഞ്ഞാറന്‍ പൈപ്പ്‌ലൈന്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആഗോള എണ്ണ വിതരണ മേഖലയെ തകര്‍ക്കാനുള്ള ഭീകരാക്രമണ ശ്രമം എന്നാണ് ആക്രമണത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. 

യുഎഇയെ മാത്രമല്ല, ആഗോള സമ്പദ് വ്യവസ്ഥയെ തന്നെയാണ് വിധ്വംസക ശക്തികള്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സൗദിയില്‍ നിന്നുള്ള എണ്ണ, ക്രൂഡ് ഓയില്‍ കയറ്റുമതിയെ ആക്രമണം ബാധിച്ചിട്ടില്ല. എന്നാല്‍, പൈപ്‌ലൈനിന് കേട് സംഭവിച്ചതിനാല്‍ എണ്ണ വ്യാപാര മേഖലയിലെ പ്രധാനി, ആരാംകോയുടെ പമ്പിങ് നിര്‍ത്തി വെച്ചിരിക്കുകയാണെന്നും ഫാലിഹ് പറഞ്ഞു.

1200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പൈപ് ലൈനുകള്‍ സൗദി അറേബ്യയിലെ പ്രധാനപ്പെട്ട കിഴക്കന്‍ എണ്ണപ്പാടങ്ങളില്‍ നിന്ന് പടിഞ്ഞാറ് റെഡ് സീപോര്‍ട്ടിലേക്ക് ക്രൂഡ് ഓയില്‍ എത്തിക്കുന്നവയാണ്.

സൗദിയിലെ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ എണ്ണ വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.