പോസ്റ്റല്‍ ബാലറ്റ്: അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം തേടിയേക്കും

Wednesday 15 May 2019 4:49 am IST
പോലീസ്, ഓഫീസേഴ്‌സ് അസോസിയേഷനിലെ സിപിഎം ഫ്രാക്ഷന്‍ ഇടപെട്ടോ എന്ന സംശയവും ശക്തമാണ്. സിപിഎം നിയന്ത്രിക്കുന്ന പോലീസ് അസോസിയേഷന്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നതു കൊണ്ട് തന്നെ പരാതി പറയാന്‍ പോലീസുകാര്‍ തയാറാകില്ലെന്ന ആശങ്ക തുടക്കം മുതലുണ്ടായിരുന്നു.

തിരുവനന്തപുരം: പോലീസിന്റെ പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ ക്രൈം ബ്രാഞ്ചിന്റെ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് ഇന്ന്. അതേസമയം പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം അന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സമയം തേടിയേക്കും.

ഇതുവരെ ആരും ക്രൈം ബ്രാഞ്ചിന് മുന്നില്‍ പരാതി നല്‍കാന്‍ എത്തിയില്ല. ഇത് അന്വേഷണം വഴിമുട്ടാന്‍ കാരണമായി. സമയം കഴിഞ്ഞിട്ടും ആരും പരാതിയുമായി മുന്നോട്ട് വരാത്തതിലെ ദുരൂഹതയും അന്വേഷിക്കേണ്ടതായി വരും. അതുകൊണ്ടു തന്നെ വിശദമായ അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. 

 പോലീസ്, ഓഫീസേഴ്‌സ് അസോസിയേഷനിലെ സിപിഎം ഫ്രാക്ഷന്‍ ഇടപെട്ടോ എന്ന സംശയവും ശക്തമാണ്. സിപിഎം നിയന്ത്രിക്കുന്ന പോലീസ് അസോസിയേഷന്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നതു കൊണ്ട് തന്നെ പരാതി പറയാന്‍ പോലീസുകാര്‍ തയാറാകില്ലെന്ന ആശങ്ക തുടക്കം മുതലുണ്ടായിരുന്നു.

അതേസമയം പരാതി നല്‍കാന്‍ ഒറ്റ ദിവസത്തെ സാവകാശം മാത്രമാണ് ക്രൈംബ്രാഞ്ച് അനുവദിച്ചത്. സമയപരിധി നീട്ടി നല്‍കണമെന്ന ആവശ്യം ഒറ്റപ്പെട്ട വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നെങ്കിലും അധികൃതര്‍ ചെവികൊണ്ടില്ല. പരാതി നല്‍കണമെന്ന നിര്‍ദേശം ഭൂരിഭാഗം പോലീസുകാരും അറിഞ്ഞതു പോലുമില്ല. പ്രാഥമിക പരിശോധനയില്‍ പങ്ക് തെളിഞ്ഞ ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ കമാന്‍ഡോ വൈശാഖിനെതിരെ കേസ് എടുത്താണ് നിലവില്‍ അന്വേഷണം നടക്കുന്നത്. മറ്റ് നാലു പോലീസുകാര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. 

ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുടെ തുടര്‍നടപടി. അതേസമയം പോലീസുകാരുടെ പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ ഹൈക്കോടതിയും ഇടപെടല്‍ ശക്തമാക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിശദീകരണം തേടിയത്. ഇന്റലിജന്‍സ് മേധാവിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് 20ന് വീണ്ടും പരിഗണിക്കും.

ഹൈക്കോടതി തെര. കമ്മീഷനോട് വിശദീകരണം തേടി

കൊച്ചി: പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കാന്‍ സ്വതന്ത്ര കമ്മീഷനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ തെരഞ്ഞെടുപ്പു കമ്മീഷനോടു ഹൈക്കോടതി വിശദീകരണം തേടി. മേയ് 17നകം വിശദീകരണം നല്‍കണം.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. മേയ് 20 ന് ഹര്‍ജി വീണ്ടും പരിഗണിക്കും.

ഹൈക്കോടതി ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഗുരുതരമായ ക്രമക്കേടാണ് നടന്നതെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പു ഡ്യൂട്ടിയുള്ള പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് കൈപ്പറ്റാനും വോട്ട് രേഖപ്പെടുത്തി തിരിച്ചു നല്‍കുന്നത് ഉറപ്പാക്കാനും നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ച് ഡിജിപി ഏപ്രില്‍ ഒമ്പതിന് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതിന്റെ മറവിലാണ് പോലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ ക്രമക്കേടു കാട്ടിയതെന്നും സര്‍ക്കുലര്‍ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് ഡിജിപി സര്‍ക്കുലര്‍ ഇറക്കിയതെന്നും 2014 മുതല്‍ തുടരുന്ന രീതിയാണിതെന്നും കമ്മീഷന്‍ വ്യക്തമാക്കി. പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റില്‍ ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്നും മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലുള്ള ഹര്‍ജിയാണിതെന്നും സര്‍ക്കാര്‍ അഭിഭാഷകനും വ്യക്തമാക്കി. തുടര്‍ന്നാണ് ഹൈക്കോടതി വിശദീകരണം തേടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.