ബംഗാളിനെ ഇളക്കി മറിച്ച് റോഡ് ഷോയുമായി അമിത് ഷാ

Wednesday 15 May 2019 4:54 am IST

ന്യൂദല്‍ഹി: കല്‍ക്കത്ത നഗരത്തെ ജയ് ശ്രീ രാം വിളികളാല്‍ മുഖരിതമാക്കി ബംഗാളിനെ ഇളക്കി മറിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോ. ശ്രീരാമനും സീതയും ഹനുമാനും ഉള്‍പ്പെടെ രാമായണത്തിലെ ദേവീ ദേവന്മാരുടെ വേഷമിട്ട് പതിനായിരക്കണക്കിനാളുകള്‍ പരിപാടിയില്‍ അണിനിരന്നു. ജയ് ശ്രീരാം വിളിക്കുന്നതിനെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരത്തെ രംഗത്തെത്തിയിരുന്നു. 

ഇതിന് മറുപടി നല്‍കുന്ന വിധത്തിലായിരുന്നു റോഡ് ഷോ സംഘടിപ്പിച്ചത്. അതിനിടെ റോഡ് ഷോയില്‍ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ അക്രമം അഴിച്ചുവിട്ടു. ആയുധങ്ങളുമായി ബിജെപി പ്രവര്‍ത്തരെ അവര്‍ നേരിടുകയായിരുന്നു. പോലീസ് എല്ലാം കണ്ടു നിന്നു.തൃണമൂല്‍ അക്രമം ഏറെ നേരം നീണ്ടു.

പരിപാടിക്ക് മുന്നോടിയായി കൊല്‍ക്കത്ത കാവിക്കൊടികളും ബലൂണുകളും ഉപയോഗിച്ച് അലങ്കരിച്ചു. കഴിഞ്ഞ ദിവസം അമിത് ഷായുടെ റാലിക്ക് മമത അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയുണ്ടായ റോഡ് ഷോ വന്‍ വിജയമാക്കാന്‍ പ്രവര്‍ത്തകര്‍ ഒഴുകിയെത്തി. തുറന്ന വാഹനത്തില്‍ അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. പതിനായിരം കിലോ പൂക്കള്‍ പരിപാടിക്കായി ഉപയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 

റോഡ് ഷോക്കിടെ അമിത് ഷായുടെ വാഹന വ്യൂഹത്തിന് നേര്‍ക്ക് സിപിഎം പ്രവര്‍ത്തകര്‍ വടി വലിച്ചെറിഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു. ഇവരെ ബിജെപി പ്രവര്‍ത്തകര്‍ നേരിട്ടതോടെ പോലീസ് ലാത്തി വീശി. കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊടിതോരണങ്ങള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. അതിനിടെ ഇന്ന് നടക്കാനിരുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെയും പരിപാടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചതായി ബിജെപി പറഞ്ഞു. ജനാധിപത്യം ഇല്ലാതാക്കുകയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയെന്നും നേതാക്കള്‍ ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.