ഉയരട്ടെ യുവത്വം

Wednesday 15 May 2019 5:38 am IST

ന്യൂദല്‍ഹി: ഐപിഎല്‍ പന്ത്രണ്ടാം പതിപ്പിന് ഹൈദരാബാദില്‍ കൊടിയിറങ്ങിയപ്പോള്‍ ഒരുപിടി യുവതാരങ്ങളും ആവേശത്തിന്റെ ഭാഗമായി. ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നും എത്തിയ യുവാക്കള്‍ പലപ്പോഴും ടീമുകളുടെ വിജയശില്‍പ്പികളായി. ആഭ്യന്തര ക്രിക്കറ്റില്‍ കരുത്തറിയിച്ചവര്‍ വലിയവേദികളില്‍ മിന്നിതിളങ്ങി. തോറ്റ ടീമുകളിലും വിജയിച്ച ടീമുകളിലും യുവത്വത്തിന്റെ കരുത്ത് എടുത്തു നിന്നു. 

ശ്രേയസ് ഗോപാല്‍

പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്ത് കളി അവസാനിച്ചെങ്കിലും രാജസ്ഥാന്‍ റോയല്‍സ് നിരയില്‍ ഒരാള്‍ വിജയിച്ചുനിന്നു. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ ലെഗ് സ്പിന്നര്‍ ശ്രേയസ് ഗോപാല്‍ കൃത്യതയാര്‍ന്ന ബൗളിങ്ങിലൂടെ രാജസ്ഥാന്‍ നിരയില്‍ എടുത്തു നിന്നു. ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയെയും എ.ബി. ഡിവില്ലിയേഴ്‌സിനെയും പുറത്താക്കിയാണ് ഗോപാല്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. പതിനാല് മത്സരങ്ങളില്‍നിന്ന് 7.22 ശരാശരിയില്‍ ഇരുപത് വിക്കറ്റ് നേടിയ താരം സീസണില്‍ വിക്കറ്റ് വേട്ടയില്‍ നാലാം സ്ഥാനത്തെത്തി. ഒരു ഹാട്രിക്കും ഗോപാല്‍ സ്വന്തം പേരില്‍ കുറിച്ചു. ഇതോടെ ഇന്ത്യന്‍ ടീമിലേക്കുള്ള വഴി ദുരെയല്ലെന്നു തെൡയിക്കുന്നതായി താരത്തിന്റെ പ്രകടനം. ഗോപാലിന്റെ പന്തുകള്‍ നേരിടുക അത്ര എളുപ്പമല്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പ്രതികരിച്ചതും താരത്തിന് പ്രതീക്ഷ നല്‍കുന്നു. 

റിയാന്‍ പരാഗ്

രാജസ്ഥാന്‍ റോയല്‍സില്‍ ശ്രേയസ് ഗോപാലിന്റെ സഹതാരമായിരുന്ന റിയാന്‍ പരാഗ് ടീമിന്റെ മധ്യനിരയെ ഒറ്റക്ക് തോളിലേറ്റുന്ന കാഴ്ച ക്രിക്കറ്റ് പ്രേമികള്‍ മറക്കാനിടയില്ല. അജിങ്ക്യ രഹാനെ, സഞ്ജു സാംസണ്‍, സ്റ്റീവ് സ്മിത്ത്, ബന്‍ സ്റ്റോക്‌സ് എന്നിവര്‍ കൂട്ടത്തോടെ  പരാജയപ്പെടുമ്പോള്‍ പതിനേഴുകാരനായ പരാഗ് ടീമിനെ മുന്നോട്ടുനയിച്ചു. സീസണില്‍ ഏഴു മത്സരങ്ങളില്‍നിന്ന് 32 റണ്‍ ശരാശരിയില്‍ 160 റണ്‍സ് നേടിയ പരാഗ് വരും സീസണുകളില്‍ ഐപിഎല്ലിലെ പ്രധാന താരങ്ങളില്‍ ഒരാളായി മാറുമെന്ന സൂചന നല്‍കികഴിഞ്ഞു. ഐപിഎല്ലിന്റെ ചരിത്രത്തില്‍, അര്‍ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും പരാഗ് മാറി. മധ്യനിരയില്‍ കാട്ടിയ പ്രായത്തില്‍ കവിഞ്ഞ പക്വതയാണ് താരത്തെ ശ്രദ്ധേയനാക്കിയത്. 

ശുഭ്മാന്‍ ഗില്‍ 

സീസണ്‍ പാതി വഴി പിന്നിട്ടതോടെയായിരുന്നു ശുഭ്മാന്‍ ഗില്ലിന്റെ മുന്നേറ്റം. ഏതു സ്ഥാനത്തും ബാറ്റ് ചെയ്യാന്‍ സാധിക്കുന്നവന്‍ എന്ന ഖ്യാദി അദ്ദേഹത്തെ മുന്നോട്ടുനയിച്ചു. ഐപിഎല്ലിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ഗില്‍ കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പോടെയാണ് ശ്രദ്ധേയനാകുന്നത്. ടൂര്‍ണമെന്റില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തിയ ഗില്‍ പല ക്രിക്കറ്റ് നിരീക്ഷകരുടെയും മനം കവര്‍ന്നു. ഇന്ത്യക്കായി രണ്ട് ഏകദിന മത്സരങ്ങള്‍ കളിച്ചെങ്കിലും തിളങ്ങാനായില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി ഫിനീഷറുടെ റോള്‍ വിട്ട് ഓപ്പണിങ്ങ് ബാറ്റ്‌സ്മാനായി എത്തിയതോടെയാണ് താരം അടിതുടങ്ങിയത്. ഓപ്പണറായി കളിച്ച നാല് മത്സരങ്ങളില്‍ രണ്ടെണ്ണത്തിലും അര്‍ധസെഞ്ചുറി നേടി. 

രാഹുല്‍ ചാഹര്‍

മുംബൈ ഇന്ത്യന്‍സിനെ ഐപിഎല്‍ ചാമ്പ്യന്മാരാക്കുന്നതില്‍ യുവതാരം രാഹുല്‍ ചാഹര്‍ വഹിച്ച പങ്ക് ചെറുതല്ല. ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മിന്നുന്ന പ്രകടനം നടത്തിയ ചാഹര്‍ നാലോവറില്‍ പതിനാല് റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. സീസണില്‍ പതിമൂന്ന് മത്സരങ്ങള്‍ കളിച്ച ചാഹര്‍ ആറു റണ്‍ ശരാശരിയില്‍ പതിമൂന്ന് വിക്കറ്റ് വീഴ്ത്തി. ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ അടക്കം പല പ്രമുഖരുടെ പ്രശംസ പിടിച്ചുപറ്റാനും ചാഹറിനായി. 

സാം കറന്‍

7.2 കോടി രൂപയ്ക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബിലെത്തിയ ഇംഗ്ലണ്ട് താരം സാം കറന്‍ ഇത്തവണ ടീമിനായി നടത്തിയത് തകര്‍പ്പന്‍ പ്രകടനം. ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ നേടിയ ഹാട്രിക് കറമനെ സൂപ്പര്‍ താര പദവിയിലെത്തിച്ചു. പഞ്ചാബ് തോറ്റ പല മത്സരങ്ങളിലും കറന്‍ മികച്ച പ്രകടനം നടത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ബാറ്റിങ്ങില്‍ അവസരം നല്‍കിയപ്പോള്‍ 24 പന്തില്‍ 55 റണ്‍സ് നേടി കരുത്ത് കാട്ടി.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.