വമ്പന്മാരാകാന്‍ ബംഗ്ലാദേശ്

Wednesday 15 May 2019 5:16 am IST

പലകുറി ലോകകപ്പിലെത്തിയെങ്കിലും വലിയ നേട്ടങ്ങള്‍ അവകാശപ്പെടാനില്ലാത്ത ബംഗ്ലാദേശിന് ഇത് അഭിമാന പോരാട്ടം. 1999 ഇംഗ്ലണ്ട് ലോകകപ്പില്‍ അരങ്ങേറ്റം. തുടര്‍ന്നങ്ങോട്ട് എല്ലാ ലോകകപ്പുകളിലും സാന്നിധ്യം അറിയിച്ചെങ്കിലും മോഹിപ്പിക്കുന്ന നേട്ടങ്ങള്‍ എന്നും അകന്നുനിന്നു. 

കളി തുടങ്ങിയപ്പോള്‍ മുതല്‍ അട്ടിമറികളുടെ തോഴന്മാരെന്ന വിശേഷണം ബംഗ്ലാദേശ് നേടിയെടുത്തെങ്കിലും ഇന്നും കുഞ്ഞന്മാരുടെ പട്ടികയിലാണ്് അവരുടെ സ്ഥാനം. വമ്പന്മാരെ ലോകകപ്പില്‍ പല തവണ വീഴ്ത്തിയ ചരിത്രം ബംഗ്ലാദേശിനുണ്ട്. ഒരിക്കല്‍ ഇന്ത്യയും ബംഗ്ലാ കടുവകളുടെ വീര്യത്തിനുമുന്നില്‍ കീഴടങ്ങി. വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന 2007 ലോകകപ്പിലായിരുന്നു ഇന്ത്യക്കുമേല്‍ അവരുടെ അട്ടിമറി. 

അതിനുമുമ്പും ശേഷവും ബംഗ്ലാദേശ് വളര്‍ന്നതുമില്ല പിന്നോട്ടുപോയതുമില്ല. അവസാന നാലില്‍ ഇടം നേടിയാല്‍ പോലും അട്ടിമറിയെന്ന വാക്യമാകും അവര്‍ക്ക് യോജിക്കുക. ഒന്നിലധികം സൂപ്പര്‍ താരങ്ങള്‍ ടീമിലുണ്ടെങ്കിലും തുടര്‍ച്ചയായി വിജയങ്ങള്‍ നേടാനാകാത്തതാണ് ടീമിന്റെ പ്രശ്‌നം. 

2007ല്‍ സൂപ്പര്‍ എട്ടിലും 2015ല്‍ ക്വാര്‍ട്ടര്‍ ഫൈനലിലും ഇടം നേടിയതാണ് വലിയ നേട്ടം. 32 ലോകകപ്പ് മത്സരം കളിച്ച ബംഗ്ലാദേശ് ആകെ നേടിയത് പതിനൊന്ന് വിജയങ്ങള്‍ മാത്രം. ഇരുപതെണ്ണത്തില്‍ തോറ്റു. അവരുടേതായ ദിവസങ്ങളില്‍ ഏതു ടീമിനെയും കീഴടക്കാന്‍ കെല്‍പ്പുള്ള ബംഗ്ലാദേശ് ഇത്തവണ പ്രതീക്ഷയിലാണ്. ജൂണ്‍ രണ്ടിന് ദക്ഷിണാഫ്രിക്കക്കെതിരെ ഓവലിലാണ് ആദ്യ മത്സരം.

പിന്‍ബലം പരിചയസമ്പത്ത്

തമീം ഇക്ബാല്‍, മുഷ്ഫീക്വര്‍ റഹീം, ഷാകിബ് അല്‍ ഹസന്‍, റൂബല്‍ ഹുസെയ്ന്‍, മുസ്തഫിസൂര്‍ റഹ്മാന്‍ എന്നീ പരിചയസമ്പന്നര്‍ ബംഗ്ലാദേശ് നിരയില്‍ അണിനിരക്കും. ബാറ്റിങ്ങിലും ബൗളിങ്ങിലും കളിച്ചു പഴകിയ ഒരുപിടി താരങ്ങള്‍ ടീമിലുണ്ട്. 191 ഏകദിന മത്സരം കളിച്ച ഓപ്പണിങ്ങ് ബാറ്റ്‌സ്മാന്‍ തമീം ഇക്ബാലിലാണ് പ്രധാന പ്രതീക്ഷ. മധ്യനിരയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഷ്ഫീക്വര്‍ റഹീം ടീമിനെ മുന്നോട്ടു നയിക്കും. 

പല മത്സരങ്ങളിലും ടീമിന്റെ വിജയശില്‍പ്പിയായി മുന്നില്‍ നിന്ന മുഷ്ഫീക്വര്‍ 203 ഏകദിന മത്സരങ്ങളില്‍ നിന്ന് 34 റണ്‍ ശരാശരിയില്‍ 5487 റണ്‍സ് അടിച്ചുകൂട്ടികഴിഞ്ഞു. സാഹചര്യത്തിനനുസരിച്ച് കളി മെനയുന്ന മുഹമ്മദുള്ളയുടെ പ്രകടനം ലോകകപ്പില്‍ ടീമിന് നിര്‍ണായകമാകും. ഷാകിബ് അല്‍ ഹസന്‍, സാബിര്‍ റഹ്മാന്‍, മെഹിദി ഹസന്‍ എന്നിവരടങ്ങുന്ന ഒരുപിടി ഓള്‍റൗണ്ടര്‍മാരും ടീമിന് കരുത്താകും. 

നായകന്‍ മഷ്‌റഫി മുര്‍ത്താസ നയിക്കുന്ന പേസ് നിരയും ഫോമിലാണ്. മുര്‍ത്താസക്കൊപ്പം മുസ്തഫിസൂര്‍ റഹ്മാന്‍, റൂബല്‍ ഹുസെയ്ന്‍ എന്നിവരും ചേരുന്നതോടെ ബൗളിങ്ങ് ശക്തം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.