ജപ്തി ഭീഷണിയിൽ ആത്മഹത്യ: വീട്ടമ്മയുടെ ഭർത്താവും ബന്ധുക്കളും കസ്റ്റഡിയിൽ

Wednesday 15 May 2019 11:29 am IST

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടേയും മകളുടേയും ആത്മഹത്യ ചെയ്ത സംഭവത്തിൽ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടമ്മ  ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനെയും അമ്മ കൃഷ്ണമ്മയെയും ചന്ദ്രന്റെ സഹോദരിയെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യാന്‍ കൊണ്ടു പോയി.

മൂവരുമാണ് തങ്ങളുടെ ആത്മഹത്യയ്ക്ക് ഉത്തരവാദിയെന്ന് ലേഖയുടെ ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ജപ്തിയെത്തിയിട്ടും ഭര്‍ത്താവ് ചന്ദ്രന്‍ ഒന്നും ചെയ്തില്ലെന്ന് കുറിപ്പില്‍ ആരോപിക്കുന്നു . സ്ഥലം വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സ്ത്രീധനത്തിന്റെ പേരിലും മന്ത്രവാദത്തിന്റെ പേരിലും പീഡിപ്പിച്ചുവെന്ന് ലേഖ കുറിപ്പില്‍ വിശദമാക്കുന്നു. ആത്മഹത്യ ചെയ്ത മുറിയുടെ ചുമരിലാണ് കുറിപ്പ് ഒട്ടിച്ചിരുന്നത്.

ഭൂമി വാങ്ങാന്‍ വന്നയാള്‍ പണം നല്‍കുന്നതിന് മുന്‍പായാണ് പിന്മാറിയത്. ഭൂമി വില്‍പന തകിടം മറിച്ചതില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും പങ്കുണ്ടെന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മയ്ക്കും മകള്‍ക്കും സംശയമുണ്ടായിരുന്നെന്നാണ് പോലീസ് വിശദമാക്കുന്നത്. സംഭവത്തില്‍ കനറ ബാങ്ക് അധികൃതര്‍ക്കെതിരെ ആരോപണവുമായി ചന്ദ്രന്‍ രംഗത്ത് എത്തിയിരുന്നു. മകള്‍ വൈഷ്ണവി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. വായ്പ തിരിച്ചടയ്ക്കണം എന്നാവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ നിരന്തരം ഭാര്യയെ വിളിച്ചിരുന്നുവെന്നും ചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

വായ്പാ തിരിച്ചടവ് രേഖയില്‍ മകളുടെയും ഒപ്പ് ബാങ്ക് അധികൃതര്‍ വാങ്ങി. മകളും ഒപ്പിടണമെന്ന് ബാങ്ക് അധികൃതര്‍ നിര്‍ബന്ധിച്ചു. ഭാര്യയെ നിരന്തരം വിളിച്ചതിനുള്ള തെളിവ് മൊബൈല്‍ ഫോണ്‍ പരിശോധിച്ചാല്‍ മനസിലാകുമെന്നും ചന്ദ്രന്‍ വെളിപ്പെടുത്തി. അതേസമയം ചന്ദ്രന്റെ ആരോപണം നിഷേധിച്ച്‌ ബാങ്ക് അധികൃതര്‍ രംഗത്തെത്തി. മകള്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനാണ് വീട്ടിലെത്തി ഒപ്പ് വാങ്ങിച്ചത്. ഈ ഘട്ടത്തില്‍ സാക്ഷിയായി പോലും ഉണ്ടായിരുന്നില്ലെന്നും ബാങ്ക് അധികൃതര്‍ വിശദീകരിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.