ബുദ്ധപൂര്‍ണിമ ദിനത്തില്‍ വന്‍ സ്‌ഫോടന പരമ്പരകള്‍ക്ക് പദ്ധതിയിട്ട് ഭീകരര്‍

Wednesday 15 May 2019 12:02 pm IST
തെക്ക് കിഴക്കന്‍ ഏഷ്യയിലെയ്ക്കുള്ള ഐഎസ് ഭീകരരുടെ കടന്നു വരവും ശ്രീലങ്കയിലെ പള്ളികളില്‍ അടുത്തിടെ നടന്ന ആക്രമണങ്ങളും കൂടി കണക്കിലെടുത്താണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പുകള്‍.

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഭീകരര്‍ വന്‍ സ്‌ഫോടന പരമ്പരയ്ക്ക് ആസൂത്രണം ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. മൂന്ന് ഭീകരര്‍ നേപ്പാളിലൂടെ ഇന്ത്യയിലേയ്ക്ക് കടന്നിട്ടുണ്ടെന്നും ഇവര്‍ കശ്മീരിലെ ബന്ദിപുരയില്‍ എത്തിയതായും റിപ്പോര്‍ട്ടുണ്ട്. 

ബംഗ്ലാദേശ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിരോധിത ഭീകര സംഘടനയായ ജമാഅത്ത് ഉല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ്(ജെഎംബി) വനിതാ ചാവേറിന് പരിശീലനം നല്‍കുന്നുണ്ടെന്നും ബുദ്ധപൂര്‍ണിമ ദിനമായ മെയ് 18ന് ബംഗ്ലാദേശിലേയും ഇന്ത്യയിലേയും മ്യാന്‍മറിലേയും ബുദ്ധ ക്ഷേത്രങ്ങളാണ് ഇവര്‍ ലക്ഷ്യം വെച്ചിരിക്കുന്നതെന്നും രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 

തെക്ക് കിഴക്കന്‍ ഏഷ്യയിലെയ്ക്കുള്ള ഐഎസ് ഭീകരരുടെ കടന്നു വരവും ശ്രീലങ്കയിലെ പള്ളികളില്‍ അടുത്തിടെ നടന്ന ആക്രമണങ്ങളും കൂടി കണക്കിലെടുത്താണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പുകള്‍. 

സാജിദ് മിര്‍ എന്ന ഭീകരനാണ് ഭീകരരെ ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. ബന്ദിപുര ഭീകരര്‍ക്ക് സുരക്ഷിത താവളമാണെന്ന കണക്കുകൂട്ടലിലാണ് ഇവിടേയ്ക്ക് ഇവരെ എത്തിച്ചിരിക്കുന്നത്. പ്രത്യേകിച്ച് ലഷ്‌ക്കറെ തൊയ്ബ, ജെയ്‌ഷെ മൊഹമ്മദ് ഭീകരസംഘടനകള്‍ക്ക് ഇവിടം സുരക്ഷിതമാണെന്നതും ഇതിന് കാരണമാണ്. ഭീകരര്‍ നേപ്പാളിലൂടെ കടന്നെന്ന വാര്‍ത്തയും സുരക്ഷാ ഏജന്‍സികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. 2017 മുതല്‍ 2018 വരെ ഈ വഴിയിലൂടെ നുഴഞ്ഞു കയറ്റം നടന്നിട്ടില്ലെന്നത് തന്നെയാണ് ഇതിന് കാരണം. 

പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ ശക്തമായി പ്രവര്‍ത്തിക്കുന്ന മേഖല കൂടിയാണ് നേപ്പാള്‍ അതിര്‍ത്തി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇവരുടെ പ്രവര്‍ത്തനങ്ങളെ സുരക്ഷാ സേന തകര്‍ത്തിരുന്നു.  എന്നാല്‍ ബുദ്ധപൂര്‍ണിമ ദിനത്തിലെ ഭീകരരുടെ പദ്ധതി സുരക്ഷാ സേനയെ ആശങ്കപ്പെടുത്തുന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.