ഈ കുടുംബം നാടിന് നല്‍കിയത് വിലമതിക്കാനാവാത്ത ദാനം

Wednesday 15 May 2019 12:13 pm IST
ഇന്ന് കുടുംബദിനം

തിരുവനന്തപുരം: ഈ കുടുംബം നാടിന് നല്‍കിയത് വിലമതിക്കാനാവാത്ത ദാനം. അതെ, കോടികള്‍ വിലവരുന്ന ഭൂസ്വത്ത് സര്‍ക്കാര്‍ ആശുപത്രിക്ക് ദാനം നല്‍കിയ അമ്പലത്തുംവിള കുടുംബം നാടിനാകെ വിളക്കാണ്. നന്മയുടെ നേരടയാളമായ അവിടുത്തെ അമ്മ നാടിന്റെ സുകൃതവും.

കുടുംബ ഓഹരിയായി കിട്ടിയ ഒരേക്കര്‍ ഭൂമിയാണ്  അമ്പലത്തുംവിള വീട്ടിലെ സരസ്വതീഭായി (94) വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിക്ക് സൗജന്യമായി നല്‍കിയത്. എന്നാല്‍ ആ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയത് അവഗണന മാത്രം.സമ്പന്നതയില്‍ കഴിഞ്ഞിരുന്ന സരസ്വതീഭായിയുടെ കുടുംബം 1957 ലാണ് ഇന്ന് അഞ്ച് കോടിയോളം രൂപ വില വരുന്ന ഭൂമി ആശുപത്രിക്ക് നല്‍കിയത്. മക്കള്‍ക്കുപോലും ഓഹരി നല്‍കാതെ സരസ്വതീഭായി ആശുപത്രിക്കു ഭൂമി കൊടുത്തത് നാടാകെ തനിക്ക് കുടുംബമെന്ന വലിയ ചിന്തയില്‍.

1961 ല്‍ വിളപ്പില്‍ശാല ആശുപത്രി സരസ്വതീഭായി നല്‍കിയ സ്ഥലത്തു പ്രവര്‍ത്തനം ആരംഭിച്ചു. അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ള സരസ്വതീഭായിയെയും ഭര്‍ത്താവ് കൃഷ്ണപിള്ളയെയും വീട്ടിലെത്തി അഭിനന്ദിച്ചു. ഭൂമി നല്‍കിയതിനു പകരമായി മുഖ്യമന്ത്രി സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്തു. തന്റെ മക്കള്‍ക്കോ പേരക്കുട്ടികളില്‍ ആര്‍ക്കെങ്കിലുമോ ജോലി നല്‍കിയാല്‍ മതിയെന്നു സരസ്വതീഭായി പറഞ്ഞു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അമ്പലത്തുംവിള കുടുംബം ക്ഷയിച്ചു. ഭര്‍ത്താവിന്റെ മരണത്തോടെ മക്കള്‍ക്കാര്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി നല്‍കണമെന്ന അപേക്ഷയുമായി സരസ്വതീഭായി മന്ത്രിമാരെ സമീപിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. 2013 ല്‍ വിളപ്പില്‍ശാല ആശുപത്രി സാമൂഹിക ആരോഗ്യകേന്ദ്രമായി ഉയര്‍ത്തിയതിനൊപ്പം പുതിയ ബഹുനില മന്ദിരവും വന്നു. ഉദ്ഘാടനം നടത്താനെത്തിയ അന്നത്തെ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറിനെ അമ്പലത്തുംവിള അമ്മ നേരിട്ട് കണ്ടു. തന്റെ കൊച്ചുമകള്‍ക്ക് ജോലി നല്‍കണമെന്നു നിവേദനവും നല്‍കി. കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കിയ മന്ത്രിയുടെ ഇടപെടലില്‍ മന്ത്രിസഭ തീരുമാനം കൈക്കൊണ്ടു. ആരോഗ്യവകുപ്പില്‍ അമ്മയുടെ കൊച്ചുമകള്‍ക്ക് ക്ലറിക്കല്‍ ജോലി നല്‍കാമെന്ന് ഡയറക്ടര്‍ സര്‍ക്കാറിനു റിപ്പോര്‍ട്ടും നല്‍കി. എന്നാല്‍ ധനകാര്യമന്ത്രി തീരുമാനത്തെ എതിര്‍ത്തതോടെ സര്‍ക്കാര്‍ ഉറപ്പ് പാഴ്‌വാക്കായി.അംഗനവാടിക്ക് മൂന്ന് സെന്റ് ഭൂമി നല്‍കിയാല്‍ ജോലി നല്‍കണമെന്നു നിയമമുള്ള നാട്ടില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമി നല്‍കിയിട്ടും സരസ്വതീഭായിയെ അവഗണിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് സരസ്വതീഭായിയുടെ കൊച്ചു മകള്‍ പ്രസീദയ്ക്ക് രണ്ട് വര്‍ഷം മുമ്പ് വിളപ്പില്‍ശാല സിഎച്ച്‌സിയിലെ ലാബില്‍ ദിവസ വേതനക്കാരിയായി ജോലി നല്‍കി. പക്ഷേ, അവിടെ തീരുമോ അമ്പലത്തുംവിള കുടുംബത്തോടുള്ള കടമ.

ഇന്ന് ഒരു തുണ്ട് ഭൂമി സ്വന്തമായില്ല സരസ്വതീഭായിക്ക്. മൂന്ന് തലമുറകളെ കണ്ട നിര്‍വൃതിയും ആയിരം പൂര്‍ണചന്ദ്രന്മാരെ തൊഴുത പുണ്യവും മാത്രം. നാടിന് നന്മ പകര്‍ന്ന അമ്മയ്ക്ക് നാടെന്ത് നല്‍കിയെന്ന ചോദ്യം ഉത്തരമില്ലാതെ ശേഷിക്കുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.