കാനറ ബാങ്ക് ശാഖകൾക്ക് നേരെ ആക്രമണം, തിരുവനന്തപുരത്ത് കൗണ്ടര്‍ അടിച്ചു തകർത്തു

Wednesday 15 May 2019 12:52 pm IST

തിരുവനന്തപുരം : ജപ്തി നടപടി ഭയന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ കാനറ ബാങ്ക് ശാഖകൾക്ക് നേരെ ആക്രമണം. തിരുവനന്തപുരത്ത്  കാനറ ബാങ്കിന്റെ റിസപ്ഷൻ കൗണ്ടര്‍ യൂത്ത്കോൺഗ്രസുകാർ അടിച്ചുതകര്‍ത്തു. തിരുവനന്തപുരത്തെ കാനറ ബാങ്ക് മേഖലാ ഓഫിസിലേക്കു യൂത്ത് കോണ്‍ഗ്രസുകാര്‍ തള്ളിക്കയറിയതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായി.

ആത്മഹത്യയ്ക്കു കാരണക്കാരായ ബാങ്ക് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നു ആവശ്യപ്പെട്ട് നെയ്യാറ്റിന്‍കര ശാഖ രാവിലെമുതല്‍ നാട്ടുകാര്‍ ഉപരോധിക്കുകയാണ്. ശാഖകള്‍ക്കുനേരെ പ്രതിഷേധങ്ങള്‍ക്കു സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാനറാ ബാങ്കിന്റെ നെയ്യാറ്റിന്‍കര, കുന്നത്തുകാല്‍, കമുകിന്‍കോട് ശാഖകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിച്ചില്ല.

മകള്‍ മരിച്ചശേഷവും പണം ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ വിളിച്ചെന്ന് ഗൃഹനാഥന്‍ ചന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചുവരെ ബാങ്കിന്റെ അഭിഭാഷകന്‍ വിളിച്ചു. പണം എപ്പോള്‍ എത്തിക്കുമെന്ന് ചോദിച്ചായിരുന്നു വിളികള്‍. ഫോണ്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും ചന്ദ്രന്‍ പറഞ്ഞു. ഇക്കാര്യം ബാങ്ക് അധികൃതർ നിഷേധിച്ചു. തുടർന്ന് പോലിസ് വീട്ടിനുള്ളിൽ നടത്തിയ പരിശോധനയിൽ വീട്ടമ്മയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി.

ചുമരിൽ ഒട്ടിച്ചിരുന്ന ആത്മഹത്യകുറിപ്പിൽ തങ്ങളുടെ മരണത്തിന് ഉത്തരവാദി ഭർത്താവ് ചന്ദ്രനും അമ്മ കൃഷ്ണമ്മയുമാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.