പാലാരിവട്ടം മേല്‍പ്പാലം ക്രമക്കേട്: വിജിലന്‍സ് മൊഴി രേഖപ്പെടുത്തി

Wednesday 15 May 2019 1:17 pm IST

കൊച്ചി: പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി  റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനിലെ (ആര്‍ബിഡിസികെ) ഉദ്യോഗസ്ഥരുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, ഡിജിഎം, ജനറല്‍ മാനേജരുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. 

ഇന്ന് കിറ്റ്കോ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. പാലം നിര്‍മാണച്ചുമതലയുള്ള കരാറുകാരന്റെ മൊഴിയും ഉടന്‍ രേഖപ്പെടുത്തും. വെള്ളിയാഴ്ചയ്ക്കുള്ളില്‍ ഹാജരാകാനാണ് കരാറുകാരനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പാലാരിവട്ടം മേല്‍പാലത്തിന്റെ നിര്‍മാണ സാമഗ്രികളുടെ സാമ്പിളുകള്‍ വിജിലന്‍സ് നേരത്തേ ശേഖരിച്ചിരുന്നു. ഇത് സെന്‍ട്രല്‍് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയച്ചു. പരിശോധനാഫലം അടുത്തയാഴ്ച ലഭിക്കും. ഇതിനു ശേഷം അന്വേഷണം ഊര്‍ജിതമാക്കാനാണ് വിജിലന്‍സ് തീരുമാനം. 

വിജിലന്‍സ് ഡിവൈഎസ്പി  ആര്‍.അശോക്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. വിജിലന്‍സ്  നടത്തിയ പരിശോധനയില്‍ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട ഫയലുകള്‍ നേരത്തെ പിടിച്ചെടുത്തിരുന്നു.

അതേസമയം പാലാരിവട്ടം പാലത്തിന്റെ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ടാറിങ് പൂര്‍ണമായും നീക്കം ചെയ്തു. എത്രയും വേഗം ടാറിങ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പാലം മൂന്നുമാസം അടച്ചിടണമെന്നും മഴക്കാലത്തിനു ശേഷം രണ്ടാംഘട്ട ജോലികള്‍ ചെയ്യണമെന്നും പരിശോധന നടത്തിയ ചെന്നൈ ഐഐടി സംഘം നിര്‍ദ്ദേശിച്ചിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.